Top

ലഖിംപൂര്‍ കേസ്; അന്വേഷണ മേല്‍നോട്ട ചുമതലയുളള ജഡ്ജിയെ ഇന്ന് തീരമാനിക്കും

ഇത് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് ഉത്തരവിറക്കും.

17 Nov 2021 3:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലഖിംപൂര്‍ കേസ്; അന്വേഷണ മേല്‍നോട്ട ചുമതലയുളള ജഡ്ജിയെ ഇന്ന് തീരമാനിക്കും
X

ലഖിംപൂര്‍ഖേരിയില്‍ കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നതിന് വിരമിച്ച ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നതില്‍ സുപ്രീംകോടതി ഇന്ന് ഉത്തരവിറക്കും. ഇത് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് ഉത്തരവിറക്കും.

പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജിയെയാണ് പരിഗണിക്കുന്നതെന്ന സൂചന സുപ്രീംകോടതി നേരത്തെ നല്‍കിയിരുന്നു. പഞ്ചാബ്, ഹരിയാന ഹൈക്കോടതി മുന്‍ ജഡ്ജി രാകേഷ് കുമാര്‍ ജയിന്റെ പേരാണ് പരിഗണനയിലുളളത്. ഐപിഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിക്കാനും സാധ്യതയുണ്ട്.

കേസില്‍ യുപി സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് വിരമിച്ച ജഡ്ജിയെ നിയമിക്കാന്‍ സുപ്രീംകോടതി തീരുമാനം. അന്വേഷണത്തിന്റെ വിശ്വാസ്യത ഉറപ്പാക്കാനാണ് ഇത്തരം ഒരു നടപടി സ്വീകരിക്കാന്‍ മുതിരുന്നത് എന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവരുള്‍പ്പെട്ട ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പറഞ്ഞിരുന്നു.

സംഭവത്തില്‍ യുപി സര്‍ക്കാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പുതുതായി ഒന്നുമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. പ്രതികളുടെ ഫോണ്‍ പിടിച്ചെടുക്കാത്തതില്‍ ഉള്‍പ്പടെയാണ് കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നത്. കേസിലെ 13 പ്രതികളില്‍ ഒരാളുടെ ഫോണ്‍മാത്രമാണ് കണ്ടെത്തിയത്. ബാക്കിയുള്ളവരുടെ ഫോണ്‍ വിവരങ്ങള്‍ തേടിയ കോടതി വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും ചൂണ്ടിക്കാട്ടി.

ഒക്ടോബര്‍ മൂന്നിനായിരുന്നു കേസിന് ആസ്പതമായ സംഭവം നടന്നത്. നാല് കര്‍ഷകര്‍ക്ക് പുറമെ ഒരു മാധ്യമ പ്രവര്‍ത്തകനും മൂന്ന് ബിജെപി പ്രവര്‍ത്തകരും സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു. വാഹനം ഇടിച്ച് കയറ്റിയതിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തിലായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉള്‍പ്പെടെ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ ഇതുവരെ 68 സാക്ഷികളാണ് ഉള്ളത്. സാക്ഷികളില്‍ 23 പേര്‍ സംഭവത്തിന് നേരിട്ട് ദൃക്സാക്ഷികളാണെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.

Next Story