അമൃത്പാലിനെ പിടികൂടാന്‍ പൊലീസിന്റെ സാഹസിക നീക്കം; സിനിമാ സ്‌റ്റൈല്‍ ചേസിംഗുമായി പൊലീസ്, 50 ജീപ്പുകളിലായി നൂറോളം പേര്‍
ഖലിസ്ഥാന്‍ അനുകൂല സംഘടനയായ 'വാരിസ് ദേ പഞ്ചാബി'ന്റെ തലവനാണ് അമൃത്പാല്‍ സിംഗ്
18 March 2023 12:02 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അമൃത്സര്‍: ഖലിസ്താന്‍ നേതാവ് അമൃത്പാല്‍ സിംഗിനെ പിടികൂടാന്‍ പഞ്ചാബ് പൊലീസ് നടത്തിയത് അതി സാഹസിക നീക്കം. വെട്ടിച്ച് വിദഗ്ദമായി കടന്നു കളഞ്ഞ അമൃത്പാലിനെ പിടികൂടാന്‍ 50 ജീപ്പുകളിലായാണ് പൊലീസ് സംഘം പിന്തുടര്‍ന്നത്. എട്ട് ജില്ലകളിലെ പൊലീസ് സംഘമാണ് 'ഓപ്പറേഷന്‍ അമൃത്പാല്‍ സിംഗില്‍' പങ്കെടുത്തത്.
രൂപ്നഗര്‍ ജില്ലയിലെ വരീന്ദര്‍ സിങ് എന്നയാളെ തട്ടികൊണ്ടു പോയി മര്‍ദിച്ചു എന്ന കേസിലാണ് അമൃത്പാല്‍ ഒളിവില്‍ പോയിരിക്കുന്നത്. മറ്റ് നിരവധി കേസുകളിലും അമൃത്പാല്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിന് പിന്നാലെ സുരക്ഷ മുന്‍ നിര്‍ത്തി വിവിധ ഇടങ്ങളിലായി ഇന്റര്‍നെറ്റ് സേവനം പഞ്ചാബ് ആഭ്യന്തര മന്ത്രാലയം റദ്ദ് ചെയ്തു. ഞായറാഴ്ച്ച ഉച്ച വരെയാണ് ഇന്റര്‍നെറ്റ് സേവനം റദ്ദ് ചെയ്തിരിക്കുന്നത്. 'എല്ലാ ഇന്റര്‍നെറ്റ് സേവനങ്ങളും ബാങ്കിങ് മൊബൈല്‍ റീചാര്‍ജിങ് തുടങ്ങി എസ്എംഎസ് സേവനങ്ങളും വോയ്‌സ് കോളുകളും പഞ്ചാബിലെ ചില പ്രദേശങ്ങളില്‍ റദ്ദ് ചെയ്തിരിക്കുകയാണ്. മാര്‍ച്ച് 18 മുതല്‍ 19 വരെ ഈ സേവനങ്ങള്‍ ലഭിക്കില്ല. സാമൂഹ്യ സുരക്ഷ ലക്ഷ്യം വെച്ചാണ് ഈ സേവനങ്ങള്‍ റദ്ദ് ചെയ്തിരിക്കുന്നത്.', പഞ്ചാബ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മോഗ ജില്ലയിലും അമൃത്പാലിന്റെ ജുല്ലുപൂര്‍ ഖേര ഗ്രാമത്തിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.
ഖലിസ്ഥാന്‍ അനുകൂല സംഘടനയായ 'വാരിസ് ദേ പഞ്ചാബി'ന്റെ തലവനാണ് അമൃത്പാല്‍ സിംഗ്. നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ധുവാണ് ഈ സംഘടന പുനസ്ഥാപിച്ചത്. ഖാലിസ്ഥാന്‍ ഭീകരനായ 'ഭിന്ദ്രന്‍വാലയായി' മാറാന്‍ ശ്രമിക്കുന്ന നേതാവാണ് അമൃത് പാല്‍ സിംഗ് എന്നാണ് പൊലീസ് പറയുന്നത്. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിലൂടെ കൊല്ലപ്പെട്ട ഖാലിസ്ഥാന്‍ ഭീകരനാണ് ഭിന്ദ്രന്‍വാല. 1984 ജൂണ്‍ ആറിന് ഇന്ത്യന്‍ സേനയുമായി നടത്തിയ പോരാട്ടത്തിനൊടുവിലാണ് ഭിന്ദ്രന്‍വാല കൊല്ലപ്പെടുന്നത്. ഖാലിസ്ഥാന്‍ പ്രസ്ഥാനത്തെ പരസ്യമായി പിന്താങ്ങി കൊണ്ടാണ് അമൃത്പാല്‍ സിംഗ് പരസ്യ വേദികളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ഖാലിസ്ഥാന്‍ പ്രസ്ഥാനത്തെ വളര്‍ന്നു വരാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞ ആഭ്യന്തര മന്ത്രി അമിത് ഷായെ വെല്ലുവിളിച്ചും ഇയാള്‍ രംഗത്തെത്തിയിരുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ അതേ വിധിയായിരിക്കും അമിത് ഷായ്ക്കും എന്നാണ് അമൃത്പാല്‍ സിംഗ് പറഞ്ഞത്.
STORY HIGHLIGHTS: Khalistani leader Amritpal Singh detained by Punjab Police
- TAGS:
- Khalistan Leader
- Police
- Arrest