ഒഡീഷയിലെ ഉള്‍വനത്തിലെത്തി കഞ്ചാവ് മാഫിയ തലവന്മാരെ പിടികൂടി കേരള പൊലീസ്; ദിനംപ്രതി കടത്തിയിരുന്നത് 100 കിലോ കഞ്ചാവ്
കേരളം, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലേക്ക് വലിയ തോതില്‍ കഞ്ചാവ് വിതരണം നടത്തുന്ന സംഘമാണിവര്‍.
28 Nov 2022 4:27 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: കഞ്ചാവ് മാഫിയ തലവന്മാരെ ഒഡീഷയിലെ ഉള്‍വനത്തില്‍ നിന്നും കേരള പൊലീസ് പിടികൂടി. സാംസണ് ഗന്ധ(34), ഇസ്മയില്‍ ഗന്ധ(27) എന്നിവരാണ് കസ്റ്റഡിയിലായത്. കേരളം, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലേക്ക് വലിയ തോതില്‍ കഞ്ചാവ് വിതരണം നടത്തുന്ന സംഘമാണിവര്‍. എറണാകുളം തടിയിട്ടപറമ്പ് സ്റ്റേഷനിലെ പൊലീസിന്റെ നേതൃത്വത്തിലുളള സംഘമാണിവരെ പിടികൂടിയത്.
ഒഡീഷയിലെ ശ്രീപളളി ആദിവാസി മേഖലയില്‍ നിന്നുമാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആദിവാസികളെ ഉപയോഗിച്ച് ഉള്‍വനത്തില്‍ കഞ്ചാവ് കൃഷി ചെയ്യുന്നതായിരുന്നു പ്രതികളുടെ രീതി. പിടിയിലായ സാംസണ് ഗന്ധയാണ് ഇവരുടെ സംഘത്തിലെ പ്രധാനി. സാംസണിന്റെ നേതൃത്വത്തില്‍ ദിവസേന നൂറ് കിലോയോളം കഞ്ചാവാണ് ഒഡീഷയ്ക്ക് പുറത്തേക്ക് കടത്തിയിരുന്നത്.
ഗ്രാമത്തില്‍ നിന്നും ഏകദേശം 38 കിലോമീറ്റര്‍ ഉളളിലുളള വനത്തിലാണ് പ്രതികള്‍ താമസിച്ചിരുന്നത്. ഗതാഗത സൗകര്യമോ ടവറുകളോ ഇല്ലാത്ത പ്രദേശത്ത് നിന്നും എസ്എച്ച്ഒ വിഎം കേഴ്സണിന്റെ നേതൃത്വത്തിലുളള സംഘമാണ് ഇവരെ പിടികൂടിയത്.
കേരളത്തിലും പ്രതികള്‍ കഞ്ചാവ് വിതരണം നടത്തിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ കേരളത്തില്‍ ധാരാളം കഞ്ചാവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഇതിന്റെ ഉറവിടം കണ്ടെത്തുന്നതിന് വേണ്ടിയുളള അന്വേഷണമാണ് ഉദ്യോഗസ്ഥരെ ഒഡീഷയിലെത്തിച്ചത്.
STORY HIGHLIGHTS: The Kerala police arrested the ganja mafia leaders from the forest of Odisha
- TAGS:
- Kerala Police
- odisha
- Tamilnadu