ജോര്‍ജ് ഓണക്കൂറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്; ബാലസാഹിത്യ പുരസ്കാരം രഘുനാഥ് പലേരിക്ക്
30 Dec 2021 11:02 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ജോര്‍ജ് ഓണക്കൂറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്. ഹൃദയ രാഗങ്ങള്‍ എന്ന ആത്മകഥയ്ക്കാണ് അവാര്‍ഡ്. കേന്ദ്ര ബാലസാഹിത്യ പുരസ്കാരം രഘുനാഥ് പലേരിക്കും ലഭിച്ചു. അവര്‍ മൂവരും ഒരു മഴവില്ലും എന്ന നോവലിനാണ് പുരസ്കാരം, മോബിന് മോഹനന് ആണ് യുവ പുരസ്കാരം. 20 ഭാഷകളിലെ 2021 ലെ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. കെപി രാമനുണ്ണി, എം ലീലാവതി, കെഎസ് രവികുമാര്‍ എന്നിവരാണ് മലയാളത്തിലെ പുരസ്കാരങ്ങള്‍ തെരഞ്ഞടുത്തത്.
നന്മ നിറഞ്ഞ അമ്മ, മുദ്ര വച്ച ജീവിതം എന്നിങ്ങനെ രണ്ട് ഭാഗങ്ങളിലായാണ് ജോര്‍ജ് ഓണക്കൂര്‍ ഹൃദയരാഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഓണക്കൂര്‍ എന്ന ഗ്രാമത്തില്‍ നിന്നും സാഹിത്യ ലോകത്തേക്കുള്ള ജോര്‍ജ് ഓണക്കൂറിന്റെ വളര്‍ച്ചയാണ് ഹൃദയ രാഗങ്ങളിലെ ഉള്ളടക്കം.
നോവലിസ്റ്റ്, കഥാകാരന് എന്നീ നിലകളില്‍ പ്രശസ്തനാണ് ജോര്‍ജ്ജ് ഓണക്കൂര്‍. സംസ്ഥാന സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ പ്രഥമ അനൗദ്യോഗിക ചെയര്മാന്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, ബാലകൈരളി വിജ്ഞാനകോശത്തിന്റെ ശില്പി എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജോര്‍ജ്ജ് ഓണക്കൂറിന്റെ ഇല്ലം എന്ന നോവലിന് (1980)ലും, യാത്രാവിവരണമായ അടരുന്ന ആകാശത്തിന് 2004 ലും കേരള സാഹിത്യ അക്കാദമി പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.