Top

'ചന്ദ്രശേഖര്‍ റാവു പ്രധാനമന്ത്രിയില്‍ നിന്ന് 'അച്ചാരം' വാങ്ങി'; റാവുവിന്റെ നീക്കം ബിജെപിയെ സഹായിക്കാനെന്ന് രേവന്ത് റെഡ്ഡി

കോൺഗ്രസിനെ ദുർബലപ്പെടുത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അജണ്ട റാവു നടപ്പാക്കുകയാണെന്ന് രേവന്ത് വാർത്ത സമ്മേളനത്തിൽ ആരോപിച്ചു

12 Sep 2022 1:25 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചന്ദ്രശേഖര്‍ റാവു പ്രധാനമന്ത്രിയില്‍ നിന്ന് അച്ചാരം വാങ്ങി; റാവുവിന്റെ നീക്കം ബിജെപിയെ സഹായിക്കാനെന്ന് രേവന്ത് റെഡ്ഡി
X

ഹൈദരാബാദ്: കർണാടക മുൻ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമിയുടെ ജനതാദളിനെ തന്റെ നിർദ്ദിഷ്ട ദേശീയ പാർട്ടിയിൽ ലയിപ്പിക്കാൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ആഗ്രഹിക്കുന്നുണ്ടെന്നതിൽ തനിക്ക് അത്ഭുതമുണ്ടെന്ന് ടിപിസിസി അധ്യക്ഷൻ രേവന്ത് റെഡ്ഡി. കഴിഞ്ഞ ദിവസം പ്രഗതി ഭവനിൽ കുമാരസ്വാമി റാവുവിനെ കണ്ടതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിനെ ദുർബലപ്പെടുത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അജണ്ട റാവു നടപ്പാക്കുകയാണെന്ന് രേവന്ത് വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. കോൺഗ്രസിനെ ഇല്ലാതാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് വിവിധ സംസ്ഥാനങ്ങളിലെ വിവിധ പ്രാദേശിക പാർട്ടികളുടെ നേതാക്കളുമായി ടിആർഎസ് മേധാവി ചന്ദ്രശേഖർ റാവു നടത്തിയ കൂടിക്കാഴ്ചയെന്നും അദ്ദേഹം പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കാൻ റാവു പ്രധാനമന്ത്രിയിൽ നിന്ന് 'അച്ചാരം' വാങ്ങിയെന്നും ടിപിസിസി അധ്യക്ഷൻ ആരോപിച്ചു.

ചന്ദ്രബാബു നായിഡു ,ആന്ധ്രാപ്രദേശ്‌ മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്ക് ,ബിജെപിയെയും എൻഡിഎയെയും പിന്തുണയ്ക്കുന്ന മായാവതിയെപ്പോലുള്ള മറ്റ് പ്രതിപക്ഷ നേതാക്കളുമായി റാവു കൂടിക്കാഴ്ച നടത്തിയില്ല. എന്നാൽ യുപിഎ അംഗങ്ങളുമായും കോൺഗ്രസ് സഖ്യകക്ഷികളായ ജെഎംഎമ്മിന്റെ ഹേമന്ത് സോറൻ, ശിവസേനയുടെ ഉദ്ധവ് താക്കറെ, കുമാരസ്വാമി എന്നിവരുമായി ചന്ദ്രശേഖർ റാവു കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ നേതാക്കളെല്ലാം അവരവരുടെ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ പിന്തുണയോടെ സർക്കാർ രൂപീകരിച്ചു. യുപിഎയെ ഭിന്നിപ്പിച്ച് എൻഡിഎയെ ശക്തിപ്പെടുത്താനാണ് റാവു ശ്രമിക്കുന്നതെന്ന് ടിപിസിസി അധ്യക്ഷൻ പറഞ്ഞു. നരേന്ദ്ര മോദിയെ മൂന്നാം തവണയും തെരഞ്ഞെടുക്കാൻ കെസിആർ പിന്തുണയ്ക്കുമെന്നും കെസിആറിനെ മുഖ്യമന്ത്രിയാക്കാൻ മോദി സഹായിക്കുമെന്നും അവർക്ക് നിശബ്ദ ധാരണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് വില്ലേജ് റവന്യൂ അസിസ്റ്റന്റുമാരുടെ ആത്മഹത്യയെക്കുറിച്ച് സംസാരിച്ച രേവന്ത് അവരുടെ ആവശ്യങ്ങൾ സർക്കാർ നിറവേറ്റണമെന്നുെം ആവശ്യപ്പെട്ടു.


Next Story