Top

പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയില്‍ ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് സംവരണം; അപേക്ഷ ക്ഷണിച്ച് കര്‍ണാടക

ട്രാന്‍സ്‌ജെന്‍ഡര്‍ പുരുഷന്‍മാര്‍ക്കാണ് നിയമനം ലഭിക്കുക

14 Sep 2022 3:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയില്‍ ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് സംവരണം; അപേക്ഷ ക്ഷണിച്ച് കര്‍ണാടക
X

ബെംഗളൂരു: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്ന് പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് കര്‍ണാടക സര്‍ക്കാര്‍. ട്രാന്‍സ്‌ജെന്‍ഡര്‍ പുരുഷന്‍മാര്‍ക്കാണ് നിയമനം ലഭിക്കുക. ഇതുസംബന്ധിച്ച വിജ്ഞാപനം കഴിഞ്ഞ ദിവസം പുറത്തിറങ്ങി.

പുതിയതായി നിയമനം നടത്തുന്ന 3484 തസ്തികകളില്‍ 79 എണ്ണത്തിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് നിയമനം ലഭിക്കുക. ആദ്യമായാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്ക് സായുധസേനയില്‍ നിയമനം നല്‍ക്കുന്നതെന്നും എല്ലാ വിഭാഗങ്ങള്‍ക്കും തുല്യമായ അവസരങ്ങള്‍ നല്‍ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സര്‍ക്കാര്‍ ജോലികളില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചത്. 1977 ലാണ് പൊതുനിയമം സംബന്ധിച്ച ചട്ടത്തില്‍ മാറ്റം വരുത്തിയത്.

എന്നാല്‍ സംവരണം സ്വാഗതാര്‍ഹമാണെന്നും പക്ഷെ, പുരുഷനായി മാറിയ ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് മാത്രമായി സംവരണം ഏര്‍പ്പെടുത്തുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് അക്കായ് പത്മശാലി പറഞ്ഞു. അതോടൊപ്പം നിയമനത്തിനുമുമ്പ് ജോലിസ്ഥലങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സൗഹൃദ സംവിധാനങ്ങള്‍ ഒരുക്കണമെന്നും വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. ഇതിന് മുമ്പ് ഫൊറന്‍സിക് സയന്‍സ് ലാബിലെ ക്രൈം സീന്‍ ഓഫിസര്‍ ഉള്‍പ്പെടെയുള്ള തസ്തികകളിലേക്ക് ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്ന് കര്‍ണാടക അപേക്ഷ ക്ഷണിച്ചിരുന്നു.

Story Highlight: Reservation for transgenders in the post of police constable; Karnataka inviting application

Next Story