Top

കൈയ്യേറ്റത്തിന്റെ പേരില്‍ മുസ്ലീംകളെ ലക്ഷ്യമിടുന്നെന്ന് കപില്‍ സിബല്‍; അനധികൃത നിര്‍മ്മാണങ്ങള്‍ ഒഴിപ്പിക്കാന്‍ ഗോള്‍ഫ് ലിങ്ക്‌സില്‍ പോകട്ടേയെന്ന് ദവെ

21 April 2022 2:32 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൈയ്യേറ്റത്തിന്റെ പേരില്‍ മുസ്ലീംകളെ ലക്ഷ്യമിടുന്നെന്ന് കപില്‍ സിബല്‍; അനധികൃത നിര്‍മ്മാണങ്ങള്‍ ഒഴിപ്പിക്കാന്‍ ഗോള്‍ഫ് ലിങ്ക്‌സില്‍ പോകട്ടേയെന്ന് ദവെ
X

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃത കൈയേറ്റങ്ങളുടെ പേരില്‍ ബുള്‍ഡോസറുകള്‍ ഇറക്കുന്നത് ഒരു മത വിഭാഗത്തെ ലക്ഷ്യമിട്ടാണെന്ന് മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കബില്‍ സിബല്‍. കയേറ്റങ്ങള്‍ നിയമ വിരുദ്ധമാണ് എന്നാല്‍ ജഹാംഗീര്‍പുരിയില്‍ നടക്കുന്നത് മുസ്ലീം വിഭാഗത്തെ മാത്രം ലക്ഷ്യമിട്ടാണെന്നും അദ്ദേഹം സുപ്രീം കോടതിയില്‍ വാദിച്ചു.

ഡല്‍ഹിയില്‍ ലക്ഷക്കണക്കിന് ആളുകള്‍ താമസിക്കുന്ന 731 അനധികൃത കോളനികളുണ്ട്. നിയമ വിരുദ്ധമായ കൈയേറ്റങ്ങള്‍ക്കെതിരെ നടപടിയെടുക്കാനാണ് തീരുമാനമെങ്കില്‍ സൈനിക് ഫാംസിലേക്കും ഗോള്‍ഫ് ലിങ്കിലേക്കും പോകണമെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന് വേണ്ടി ഹാജരായ ദുഷ്യന്ത് ദവെ പറഞ്ഞു.

സമ്പന്നരുടെ അനധികൃത നിര്‍മ്മാണങ്ങള്‍ തടയാതെ പാവങ്ങളുടെ വസ്തുക്കള്‍ ലക്ഷ്യമിടുന്നത് കാപട്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജഹാംഗീര്‍പുരിയില്‍ ഹിന്ദുക്കളുടെ വീടുകള്‍ പൊളിച്ചില്ലെയെന്ന് ജസ്റ്റിസ് നാഗേശ്വര റാവു തിരിച്ചുചോദിച്ചപ്പോള്‍ രാമനവമി ദിവസത്തില്‍ ഉണ്ടായ സഘര്‍ഷം ആസൂത്രിതമാണെന്നും അതിന്റെ പേരില്‍ അറസ്റ്റിലായത് നിരപരാധികളാണെന്നും സിബല്‍ പറഞ്ഞു. പൊളിച്ചു നീക്കല്‍ നിര്‍ത്തി വയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടപ്പോള്‍ രാജ്യത്തെ എല്ലാ കുടിയൊഴിപ്പിക്കലും നിര്‍ത്തിവയ്ക്കാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് റാവു വ്യക്തമാക്കി.

കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിന് മുമ്പ് എല്ലാവര്‍ക്കും നോട്ടീസ് നല്‍കിയിരുന്നെന്നും ആരും ഇതിനെ എതിര്‍ത്തില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വയ്ക്കുന്നെന്ന വാദം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശിലെ ഖാര്‍ഗൂണില്‍ രാമനവമി ഘോഷയാത്രയില്‍ ഉണ്ടായ സഘര്‍ഷം ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത് ഹിന്ദുക്കളെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതത്തിന്റെ പേരില്‍ വിഭജിക്കുക എന്നത് സര്‍ക്കാരിന്റെ ലക്ഷ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പൊളിച്ചു നീക്കുന്ന നടപടി നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവ് വ്യാഴാഴ്ച വരെ നീട്ടി. ബുധനാഴ്ച ഉത്തരവ് വന്നിട്ടും നടപടി തുടര്‍ന്ന് ഗൗരവമായി കാണുന്നെന്നും ഇത് സംബന്ധിച്ച് മേയറോട് വിശദീകരണം തേടുമെന്നും ജസ്റ്റിസ് എല്‍ എന്‍ റാവു പറഞ്ഞു. വിശദമായ വാദം കേള്‍ക്കുന്നതിന് കേസ് അടുത്ത വ്യാഴാഴ്ച പരിഗണിക്കും.

STORY HIGHLIGHTS: Kapil Sibal says Muslims are being targeted in the name of aggression; Dave asked to go to Golf Links to evacuate illegal structures

Next Story