Top

ബിജെപി നേതാവ് ഉമാഭാരതിയെ 'ഭാരത് ജോഡോ യാത്ര'യിലേക്ക് ക്ഷണിച്ച് കമല്‍നാഥ്; 'ഇനി രാഹുലിന്റെ ഷൂസിനെ കുറിച്ച് ബിജെപി സംസാരിക്കും'

11 Sep 2022 11:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപി നേതാവ് ഉമാഭാരതിയെ ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിച്ച് കമല്‍നാഥ്; ഇനി രാഹുലിന്റെ ഷൂസിനെ കുറിച്ച് ബിജെപി സംസാരിക്കും
X

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് ഉമാഭാരതിയെ രാഹുല്‍ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ യാത്ര'യിലേക്ക് ക്ഷണിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കമല്‍നാഥ്. ഇനി രാഹുലിന്റെ ഷൂസിനെ കുറിച്ച് ബിജെപി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

41000 രൂപയുടെ ടീ ഷര്‍ട്ട് ധരിച്ചാണ് രാഹുല്‍ ഗാന്ധി യാത്ര നയിക്കുന്നതെന്ന ബിജെപി ആരോപണത്തെ കമല്‍നാഥ് പരിഹസിച്ചു. ഇനി രാഹുലിന്റെ ഷൂസിനെ കുറിച്ച് ബിജെപി സംസാരിക്കുമെന്നാണ് പരിഹസിച്ചത്. അതേ സമയം യാത്രയിലേക്ക് വന്നുചേരുന്ന ജനക്കൂട്ടത്തെ കുറിച്ച് ബിജെപി നിശബ്ദത പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പദയാത്ര നടത്താനുള്ള തീരുമാനം വൈകിയെടുത്ത ഒന്നാണെന്നും അത് കൊണ്ട് രാഹുല്‍ ഗാന്ധിക്ക് ഗുണമുണ്ടാവില്ലെന്നും ഉമാ ഭാരതി അഭിപ്രായപ്പെട്ടിരുന്നു. ഇതിനോടാണ് കമല്‍നാഥ് പ്രതികരിച്ചത്.

'ഉമാ ഭാരതി എന്ത് കൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്ന് എനിക്കറിയില്ല. ഞാനവരെ ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിക്കുകയാണ്', എന്നാണ് കമല്‍നാഥ് പറഞ്ഞത്.

മധ്യപ്രദേശിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും അധികാരത്തിലുള്ളവര്‍ അസമത്വത്തിനെതിരായ പോരാട്ടം കാര്യമായെടുക്കണമെന്നും ഉമാഭാരതി പറഞ്ഞിരുന്നു. ഉമാഭാരതിയുടെ ഈ അഭിപ്രായത്തോട് താന്‍ യോജിക്കുന്നുവെന്നും കമല്‍നാഥ് പറഞ്ഞു.

സാംസ്‌കാരികമായി ബഹുസ്വരമായ ഒരു രാജ്യത്ത് സാമൂഹ്യ നീതിയുടെ കാര്യത്തില്‍ ശ്രദ്ധ നല്‍കിയേ പറ്റൂ. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മനുഷ്യര്‍ ബിജെപിയെ എതിര്‍ക്കാന്‍ ഒരുമിക്കുകയാണ്. ആ മുന്നണി അടുത്ത തെരഞ്ഞെടുപ്പാവുമ്പോഴേക്കും വളര്‍ച്ച നേടുമെന്നും കമല്‍നാഥ് പറഞ്ഞു.

Story Highlights: Kamal Nath invites BJP's Uma Bharti to join 'Bharat Jodo Yatra'

Next Story