Top

'ജഡ്ജിമാരെ വ്യക്തിപരമായി ആക്രമിക്കുന്നത് അപകടകരം'; നുപുർ ശർമ്മയുടെ ഹർജിയിൽ വാദം കേട്ട ജസ്റ്റിസ് ജെ ബി പർദിവാല

3 July 2022 6:20 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജഡ്ജിമാരെ വ്യക്തിപരമായി ആക്രമിക്കുന്നത് അപകടകരം; നുപുർ ശർമ്മയുടെ ഹർജിയിൽ വാദം കേട്ട ജസ്റ്റിസ് ജെ ബി പർദിവാല
X

ന്യൂഡൽഹി: രാജ്യത്തെ സാമൂഹ്യ മാധ്യമങ്ങളുടെ അനാവശ്യ ഇടപെടലുകൾ നിയമവാഴ്ചയ്ക്ക് ആരോഗ്യകരമല്ലെന്ന് ജസ്റ്റിസ് ജെബി പർദിവാല. വിധിന്യായങ്ങളുടെ പേരിൽ ജഡ്ജിമാരെ വ്യക്തിപരമായി ആക്രമിക്കുന്നത് അപകടകരമായ സാഹചര്യത്തിലേക്കാണ് നയിക്കുന്നതെന്നും സാമൂഹ്യ മാധ്യമങ്ങൾക്ക് കർശനമായ നിയന്ത്രണങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാചകനെതിരായ പരാമർശത്തിൽ മുൻ ബിജെപി വക്താവ് നുപുർ ശർമ്മയെ കടുത്ത ഭാഷയിൽ വിമർശിച്ച സുപ്രീം കോടതി ബെഞ്ചിൽ അംഗമായിരുന്നു ജസ്റ്റിസ് ജെബി പർദിവാല.

'ജഡ്ജിമാർക്കെതിരെ ക്രിയാത്മകവും വിമർശനാത്മകവുമായ വിലയിരുത്തലിനുപകരം വ്യക്തിപരമായ വിമർശനങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുന്നത്. ഇത് നീതിന്യായ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും അതിന്റെ അന്തസ്സ് കുറയ്ക്കുകയും ചെയ്യുന്നു. ജഡ്ജിമാർ ഒരിക്കലും അവരുടെ നാവിലൂടെയല്ല സംസാരിക്കുന്നത് മറിച്ച് അവരുടെ വിധികളിലൂടെ മാത്രമാണ്. കോടതികളാണ് വിചാരണ നടത്തേണ്ടത്. എന്നാൽ ആധുനിക സാഹചര്യത്തിൽ ഡിജിറ്റൽ മീഡിയയുടെ വിചാരണ ജുഡീഷ്യറിയിൽ അനാവശ്യമായ ഇടപെടലാണ് സൃഷ്ടിക്കുന്നത്. ഇത് പലപ്പോഴും ലക്ഷ്മണരേഖ മറികടക്കുന്നു.'

'പാതി സത്യവും പാതി വിവരവും കൈവശമുള്ള' ആളുകളാണ് സാമൂഹ്യ മാധ്യമത്തിൽ നിയമങ്ങളെ മറികടക്കുന്നത്. നിയമവാഴ്ച എന്തെന്ന് ഇവർക്ക് അറിയില്ല. തെളിവുകളും ജുഡീഷ്യൽ പ്രക്രിയയും സ്വന്തം പരിമിതികളും മനസ്സിലാക്കാത്തവരുമാണ് ഇക്കൂട്ടർ. പകുതി സത്യം മാത്രം പിന്തുടരുമ്പോൾ അത് കൂടുതൽ പ്രശ്നമാണ്. ഭരണഘടനാ കോടതികൾ എല്ലായ്പ്പോഴും വിയോജിപ്പുകളും ക്രിയാത്മക വിമർശനങ്ങളും ദയയോടെ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ജഡ്ജിമാർക്കെതിരായ വ്യക്തിപരമായ ആക്രമണങ്ങൾ അനുവദിക്കില്ലെന്ന് ജസ്റ്റിസ് ജെ ബി പർദിവാല പറഞ്ഞു.

'നമ്മുടെ ഭരണഘടനയ്ക്ക് കീഴിലുള്ള നിയമവാഴ്ച സംരക്ഷിക്കാൻ രാജ്യത്തുടനീളം ഡിജിറ്റൽ, സാമൂഹ്യ മാധ്യമങ്ങൾ നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. വിചാരണ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ കുറ്റവാളിയാക്കാനും നിരപരാധിയാക്കാനും അതു പ്രചരിപ്പിക്കാനും സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളുടെ അപാരമായ ശക്തി ഉപയോഗിക്കപ്പെടുന്നുണ്ട്. വിചാരണ തീരുന്നതിന് മുമ്പ് തന്നെ, ജുഡീഷ്യൽ നടപടികളുടെ ഫലം സമൂഹം വിശ്വസിക്കാൻ തുടങ്ങുന്നു. പ്രത്യേകിച്ച് സെൻസിറ്റീവ് വിചാരണകളുടെ പശ്ചാത്തലത്തിൽ സാമൂഹ്യ മാധ്യമങ്ങൾക്ക് നിയമപരമായ വ്യവസ്ഥകളും നിയന്ത്രണവും ഏർപ്പെടുത്തുന്ന കാര്യം പാർലമെന്റ് പരിഗണിക്കണം,' എന്നും അദ്ദേഹം പറഞ്ഞു.

ഹർജിയിൽ വാദം കേൾക്കുന്നതിനിടെ സുപ്രീം കോടതി നടത്തിയ അഭിപ്രായപ്രകടനത്തിന് പിന്നാലെ ജസ്റ്റീസ് പർദിവാലയെയും ജസ്റ്റിസ് സൂര്യ കാന്തിനെയും വിമർശിച്ച് നുപുർ ശർമ അനുകൂലികൾ സാമൂഹ്യ മാധ്യമങ്ങളിൽ രംഗത്തെത്തിയിരുന്നു. പ്രവാചകൻ മുഹമ്മദ് നബിക്കെതിരെയുള്ള അപകീർത്തി പരാമർശത്തിൽ ബിജെപി വക്താവ് നുപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമായിരുന്നു സുപ്രീംകോടതി നിരീക്ഷണം. പരാമർശത്തിന് പിന്നാലെ രാജ്യത്തുണ്ടായ സംഘർഷങ്ങൾക്ക് നുപുർ ശർമ്മ മാത്രമാണ് ഉത്തരവാദിയെന്നും കോടതി വിമർശിച്ചു. നബി വിരുദ്ധ പരാമർശത്തിനെതിരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസ് ഡൽഹിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നുപുർ ശർമ്മ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതി വിമർശനം.

STORY HIGHLIGHTS: justice JB Pardiwala made strong remarks about personal attack on judges for their judgments

Next Story