Top

'ഞങ്ങള്‍ നടപ്പാക്കുന്നത് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം'; മന്ത്രി എരിതീയില്‍ എണ്ണയൊഴിക്കുന്നെന്ന് ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍

അതിവേഗ, അര്‍ദ്ധ അതിവേഗ പാതകളെ പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്ര നയമെന്ന് മാധ്യമങ്ങള്‍ക്ക് നല്‍കുന്ന അഭിമുഖത്തില്‍ അവകാശപ്പെടുന്ന മന്ത്രി കേരളത്തിന്റെ പദ്ധതിയ്ക്ക് എതിരായി നിലനില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു

23 March 2022 1:33 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഞങ്ങള്‍ നടപ്പാക്കുന്നത് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം; മന്ത്രി എരിതീയില്‍ എണ്ണയൊഴിക്കുന്നെന്ന് ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍
X

ന്യൂഡല്‍ഹി: കെ റെയില്‍ വിഷയത്തില്‍ കേന്ദ്ര റെയില്‍വേ രൂക്ഷവിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ് എംപി. സില്‍വര്‍ലൈന്‍ പദ്ധതിയില്‍ സംസ്ഥാനത്തോടൊപ്പം 49 ശതമാനം പങ്കാളിത്തമുള്ള കേന്ദ്രത്തിന്റെ പ്രതിനിധിയായ മന്ത്രി ഇതില്‍ നിന്നും വിട്ടു നില്‍ക്കുകയും പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോടൊപ്പം ചേരുകയാണെന്നും ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും എരിതീയില്‍ എണ്ണയൊഴിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വി മുരധീരനെ ലക്ഷ്യമിട്ടായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ വിമര്‍ശനം. അതിവേഗ, അര്‍ദ്ധ അതിവേഗ പാതകളെ പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്ര നയമെന്ന് മാധ്യമങ്ങള്‍ക്ക് നല്‍കുന്ന അഭിമുഖത്തില്‍ അവകാശപ്പെടുന്ന മന്ത്രി കേരളത്തിന്റെ പദ്ധതിയ്ക്ക് എതിരായി നിലനില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മെട്രോമാന്‍ ഇ ശ്രീധരന്‍ മന്ത്രിയെ കണ്ടതിന് പിന്നാലെയാണ് പദ്ധതിയുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് മന്ത്രി സംസാരിക്കാന്‍ ആരംഭിച്ചത്. ബിജെപിക്കാരനും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും ഫലം വരുന്നതിന് മുന്നേ തന്നെ പാലക്കാട് മുഖ്യമന്ത്രി ഓഫീസ് തുറക്കുകയും ചെയ്ത ആളാണ് ഇ ശ്രീധരന്‍. നിതിന്‍ ഗഡ്കരിയേയും ഈ സംഘം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, ഇവര്‍ക്ക് വടപാവ് നല്‍കി മടക്കി അയക്കുകയായിരുന്നുവെന്നും എംപി ആരോപിച്ചു.

മലകള്‍ തുരന്ന്, തണ്ണീര്‍ത്തടങ്ങള്‍ നികത്തിയും കൊങ്കണ്‍ പാതയുണ്ടാക്കിയ ഈ ശ്രീധരനാണ് കെ റെയിലില്‍ പാരിസ്ഥിതിക വാദം ഉയര്‍ത്തുന്നത്. ഇത്തരത്തിലുള്ള ഇടുങ്ങിയ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് റെയില്‍വേ മന്ത്രി വഴങ്ങരുതെന്നും ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു. കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസ് പദ്ധതിക്കെതിരെ ഒരുമിച്ച് സമരം നടത്തുകയാണ്. പാരിസ്ഥിതികാഘാത പഠനം നടത്താന്‍ പോലും തങ്ങളെ അനുവദിക്കുന്നില്ല. ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ രാജ്യത്തിന്റെ ധനമന്ത്രി തന്നെ തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബ്രിട്ടാസ് സഭയില്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം നടപ്പിലാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. ഇതിനാല്‍, തെറ്റുകള്‍ ചൂണ്ടിക്കാട്ടി ഞങ്ങളെ നയിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇതിനുപകരം, പദ്ധതിയെ തകര്‍ക്കാന്‍ ഉദ്ദേശിച്ചിറങ്ങുന്നവര്‍ക്കൊപ്പം ചേരുകയാണ് ബിജെപിയെന്നും അദ്ദേഹം ആരോപിച്ചു.

കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടിയുള്ള ഭൂമിയേറ്റെടുക്കലും മറ്റ് അനുമതികളും എത്രയും വേഗത്തിലാക്കണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 2021 ജനുവരി അഞ്ചിന് അയച്ച കത്തില്‍ അതിവേഗ റെയില്‍ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരിനുള്ള താല്‍പര്യം വ്യക്തമാക്കുന്നുണ്ട്. സില്‍വര്‍ലൈന്‍ പദ്ധതിക്ക് പണം കണ്ടെത്താന്‍ ജപ്പാനിലെ സാമ്പത്തിക ഏജന്‍സിയായ ജെഐസിഎയുമായുള്ള ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോയി അന്തിമ രൂപം നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് ആവശ്യപ്പെടുന്നു. 2020 ഒക്ടോബര്‍ ഒമ്പതിന് പദ്ധതിയേക്കുറിച്ച് ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ ഏജന്‍സിയും റെയില്‍വേ മന്ത്രാലയവുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനമെടുത്തിരിക്കുന്നതെന്നും കത്തില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

STORY HIGHLIGHTS: John Brittas against railway minister in Rajya Sabha

Next Story