Top

'രണ്ട് മുഖ്യമന്ത്രിമാരുടെ ആണ്‍മക്കളുടെ കഥ'; അനില്‍ ആന്റണിക്കെതിരെ ജയറാം രമേശും

25 Jan 2023 10:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രണ്ട് മുഖ്യമന്ത്രിമാരുടെ ആണ്‍മക്കളുടെ കഥ; അനില്‍ ആന്റണിക്കെതിരെ ജയറാം രമേശും
X

ന്യൂഡൽഹി: ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ പാർട്ടി പദവികളിൽ നിന്നും രാജിവെച്ച അനിൽ ആന്റണിയെ പരോക്ഷമായി വിമർശിച്ച് ജയറാം രമേശ്. എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെയും ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെയും താരതമ്യം ചെയ്തുകൊണ്ടാണ് പാർട്ടി വക്താവിന്റെ ട്വീറ്റ്. എന്നാൽ ഇരുവരുടെയും പേര് പരാമർശിക്കാതെയാണ് ജയറാം രമേശിന്റെ ട്വീറ്റ്.

'ഒരേ സംസ്ഥാനത്ത് നിന്നുള്ള രണ്ട് മുഖ്യമന്ത്രിമാരുടെ ആൺമക്കളുടെ കഥ. ഒരാൾ നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കാനുളള ഭാരത് ജോഡോ യാത്രയിൽ നഗ്നപാദനായി, അക്ഷീണനായി നടക്കുന്നു. മറ്റൊരാൾ പാർട്ടിയോടും യാത്രയോടും ഉള്ള തന്റെ കടമകൾ അവഗണിച്ചുകൊണ്ട് ആഹ്ലാദിക്കുന്നു,' എന്നിങ്ങനെയാണ് ട്വീറ്റിലെ വാചകങ്ങൾ.

എഐസിസി സോഷ്യൽ മീഡിയ കോർഡിനേറ്റർ ഉൾപ്പെടെയുള്ള പദവികളിൽ നിന്നാണ് അനിൽ ആന്റണി രാജി വെച്ചത്. ബിബിസി ഡോക്യൂമെന്ററിയുമായി ബന്ധപ്പെട്ട് അനിൽ ആന്റണി നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു രാജി. ട്വിറ്ററിലൂടെയാണ് അനിൽ ആന്റണി രാജി വിവരം അറിയിച്ചത്.

'മുഖസ്തുതിക്കാർക്കും പാദവസേവകർക്കുമൊപ്പം പ്രവർത്തിക്കാനാണ് നിങ്ങൾക്കും നിങ്ങളുടെ ഒപ്പമുള്ളവർക്കും കഴിയുകയെന്ന് എനിക്ക് ബോധ്യപ്പെട്ടു' എന്ന് രാജിക്കത്തിൽ അനിൽ ആരോപിച്ചു. എന്നാൽ ആരെ അഭിസംബോധന ചെയ്താണ് കത്ത് എന്നത് വ്യക്തമല്ല. പാർട്ടി ചുമതലകളിൽ നിന്നും രാജി വെച്ചുള്ള കത്തിലാണ് നേതൃത്വത്തിനെതിരേയും വിമർശനം ഉന്നയിക്കുന്നത്.

STORY HIGHLIGHTS: Jairam Ramesh indirectly criticized Anil Antony

Next Story