Top

കാറിനുളളിലും മാസ്ക് ധരിക്കൽ നിർബന്ധം; ഡൽഹി സർക്കാരിന്റെ ഉത്തരവിനെ വിമർശിച്ച് ഹൈക്കോടതി

ഉത്തരവ് ഡൽഹി സർക്കാരിന്റേതായാലും കേന്ദ്ര സർക്കാരിന്റേതായാലും തെറ്റായ ഉത്തരവാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

2 Feb 2022 8:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാറിനുളളിലും മാസ്ക് ധരിക്കൽ നിർബന്ധം; ഡൽഹി സർക്കാരിന്റെ ഉത്തരവിനെ വിമർശിച്ച് ഹൈക്കോടതി
X

കാർ ഉൾപ്പെടെയുളള സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് മാസ്ക് നിർബന്ധമാക്കിയ ഡൽഹി സർക്കാരിന്റെ ഉത്തരവിനെ വിമർശിച്ച് ഡൽഹി ഹൈക്കോടതി. ഉത്തരവ് അസംബന്ധമാണെന്ന് ഹൈക്കോടതി വിമർശിച്ചു. മാറിയ സാഹചര്യത്തിൽ എന്തുകൊണ്ട് ഉത്തരവ് പിൻവലിക്കുന്നില്ലെന്നും കോടതി ചോദിച്ചു. പ്രസ്തുത ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നത് എന്ത്കൊണ്ടാണെന്നും പുനഃപരിശോധിക്കണമെന്നും ജസ്റ്റിസുമാരായ വിപിന്‍ സാംഘി, ജസ്റ്റിസ് ജംഷീത് സിങ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.

'ഈ ഉത്തരവ് അസംബന്ധമാണ്. എന്തുകൊണ്ടാണ് ഇപ്പോഴും ഈ ഉത്തരവ് നിലനിൽക്കുന്നത്? ആളുകൾ അവരുടെ സ്വന്തം കാറുകളിലാണ് ഇരിക്കുന്നത്. അങ്ങനെയെങ്കിൽ മാസ്ക് ധരിക്കേണ്ടതുണ്ടോ?' - കോടതി ചോദിച്ചു. കൊവിഡിന്റെ മാറിയ സാഹചര്യത്തിൽ നേരത്തെ ഏർപ്പെടുത്തിയ മറ്റു നിയന്ത്രണങ്ങളും പുനഃപരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. ദയവായി നിർദേശങ്ങൾ സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അതേസമയം, കാറിൽ സഞ്ചരിക്കുന്നവർക്ക് മാസ്ക് നിർബന്ധമാക്കിയ ഉത്തരവ് ഹൈക്കോടതി സിം​ഗിൾ ബെഞ്ച് ശരിവെച്ചതാണെന്ന് സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ ഇതിനെതിരെ അപ്പീൽ വന്നിരുന്നെങ്കിൽ ഉത്തരവ് പൊളിച്ചെഴുതുമായിരുന്നുവെന്ന് ഹൈക്കോടതിയും സൂചിപ്പിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ രാഹുല്‍ മെഹ്‌റയാണ് ഡല്‍ഹി സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്.

വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ മാസ്ക് ധരിച്ചില്ലെങ്കിൽ ഫൈൻ ഈടാക്കാനും ഉത്തരവിൽ പറഞ്ഞിരുന്നു. ആദ്യം 500 രൂപയായിരുന്നു ഫൈൻ. പിന്നീട് സിം​ഗ്ൾ ബെഞ്ച് ഉത്തരവ് ശരിവെച്ചതിന് പിന്നാലെ 2000 രൂപയായി വർധിപ്പിച്ചിരുന്നു. ഉത്തരവ് ഡൽഹി സർക്കാരിന്റേതായാലും കേന്ദ്ര സർക്കാരിന്റേതായാലും തെറ്റായ ഉത്തരവാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Next Story