Top

ടിവി ചർച്ചകളിൽ മോദി സർക്കാരിന്റെ നേട്ടങ്ങൾ സംസാരിച്ചാൽ മതി; നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി ബിജെപി

പ്രവാചകനെതിരായ അപകീർത്തി പരാമർശം വിവാദമായതിന് പിന്നാലെയാണ് നിർദേശം

6 Jun 2022 6:55 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ടിവി ചർച്ചകളിൽ മോദി സർക്കാരിന്റെ നേട്ടങ്ങൾ സംസാരിച്ചാൽ മതി; നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി ബിജെപി
X

ന്യൂഡൽഹി: പ്രവാചകനെതിരായ അപകീർത്തി പരാമർശം വിവാദമായതിന് പിന്നാലെ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി ബിജെപി. ടെലിവിഷൻ ചർച്ചകളിൽ പങ്കെടുക്കുമ്പോൾ സൂക്ഷ്മത പുലർത്തണമെന്നാണ് ബിജെപി നിർദേശം.

ടിവി ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോള്‍ പരിധി ലംഘിക്കരുതെന്നും നരേന്ദ്രമോദി സർക്കാരിന്റെ എട്ട് വർഷത്തെ നേട്ടങ്ങൾ മാത്രം സംസാരിച്ചാൽ മതിയെന്നും വക്താക്കളോട് പാർട്ടി നിർദേശിച്ചു. ദേശീയ വക്താവ് നുപുര്‍ ശര്‍മ്മയുടേയും ഡല്‍ഹി ഘടകത്തിന്റെ മാധ്യമവിഭാഗം മേധാവി നവീന്‍ ജിന്‍ഡാലിനെയും പര്‍മര്‍ശങ്ങള്‍ വന്‍വിവാദമാകുകയും രാജ്യാന്തര തലത്തിലടക്കം വലിയ വിമർശനം വിളിച്ചു വരുത്തുകയും ചെയ്ത സാഹചര്യത്തിലാണ് നിർദേശം.

ഗ്യാന്‍വാപി വിവാദത്തില്‍ നടന്ന ചര്‍ച്ചയില്‍ ടൈംസ് നൗ ചാനലിലായിരുന്നു ബിജെപി ദേശീയ വക്താവ് നുപുര്‍ ശര്‍മ്മയുടെ അപകീര്‍ത്തികരമായ പരാമര്‍ശം. സംഭവത്തില്‍ ഹൈദരാബാദിലും മുംബൈയിലും ഫിടോണിയിലും കേസെടുത്തിട്ടുണ്ട്. പ്രവാചകനെതിരെ അസഭ്യ വാക്കുകള്‍ ഉപയോഗിച്ചുവെന്നും ഇസ്ലാം മതത്തിനെതിരെ ചാനല്‍ ചര്‍ച്ചയില്‍ വിദ്വേഷ പ്രസ്താവന നടത്തിയെന്നും കാണിച്ചാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇസ്ലാം മതഗ്രന്ഥങ്ങളില്‍ ആളുകള്‍ക്ക് കളിയാക്കാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഉണ്ടെന്നായിരുന്നു നുപുര്‍ ശര്‍മ്മയുടെ പരാമര്‍ശം. മുസ്ലിംകള്‍ ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്നുവെന്നും നുപുര്‍ ശര്‍മ്മ ആരോപിച്ചിരുന്നു.

സംഭവം വിവാദമായതോടെ നുപുര്‍ ശര്‍മ്മ മാപ്പ് പറഞ്ഞിരുന്നു. പരാമര്‍ശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ നിരുപാധികമായി പിന്‍വലിക്കുന്നു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്നും ഖേദപ്രകടനത്തില്‍ നുപുര്‍ ശര്‍മ്മ പറഞ്ഞു. വിവാദ പരാമര്‍ശത്തിന് പിന്നാലെ നുപുര്‍ ശര്‍മ്മയ്‌ക്കെതിരെ ബിജെപി കേന്ദ്ര നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. നുപുര്‍ ശര്‍മ്മയെയും ഡല്‍ഹി ഘടകം മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ബിജെപി നേതൃത്വം അറിയിച്ചിരുന്നു.

Story Highlights : It is enough to talk about the achievements of the Modi government in TV debates; BJP warns leaders

Next Story