Top

വരുന്നത് യോഗി Vs കെജ്രിവാള്‍ കാലമോ?

2024ൽ അല്ലെങ്കിൽ 2029ൽ അരവിന്ദ് കെജ്രിവാളും യോ​ഗി ആദിത്യനാഥും നേർക്കുനേർ വരുമോ എന്നത് കാണേണ്ടിയിരിക്കുന്നു.

10 March 2022 2:53 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വരുന്നത് യോഗി Vs കെജ്രിവാള്‍ കാലമോ?
X

അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ അരവിന്ദ് കെജ്രിവാളിന്റേയും, യോ​ഗി ആദിത്യനാഥിന്റേയും പേരുകളാണ് ഏറ്റവും കൂടുതൽ ചർച്ചയാവുന്നത്. 2029 ആവുമ്പോഴേക്കും ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രധാന നേതാക്കാളായി അരവിന്ദ് കെജ്രിവാളും യോ​ഗി ആദിത്യനാഥും ഉയരുമെന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ കോൺ​ഗ്രസ് എന്ന വൻമരത്തിന്റെ വീഴ്ച്ചയാണ് വ്യക്തമാകുന്നത്. പഞ്ചാബിൽ തുടർഭരണം ആ​ഗ്രഹിച്ച കോൺ​ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി പോലും തോറ്റിരിക്കുകയാണ്. പ്രധാന രാഷ്ട്രീയ പാർട്ടികളായ ബിജെപിയുടേയും കോൺ​ഗ്രസിന്റേയും തെരഞ്ഞെടുപ്പ് ഫലം 2024ലെ പൊതു തെരഞ്ഞെടുപ്പിന് കളമൊരുക്കുമെന്നാണ് സൂചിപ്പിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിൽ ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപിയും കോൺ​ഗ്രസും നേരിട്ട് ഏറ്റുമുട്ടിയിരുന്നു.

ആം ആദ്മിയുടെ മുന്നേറ്റം പഞ്ചാബിലെ കോൺ​ഗ്രസിന്റെ പ്രതീക്ഷകളെ തകർത്തിരിക്കുകയാണ്. അരവിന്ദ് കെജ്രിവാളിന്റെ ഡൽഹി മോഡൽ രാഷ്ട്രീയത്തിന്റെ മുന്നേറ്റമാണ് കോൺ​ഗ്രസ് കോട്ടയായ പഞ്ചാബിൽ കാണാൻ സാധിച്ചത്. കോൺ​ഗ്രസിന്റെ അമിത ആത്മവിശ്വാസവും അരവിന്ദ് കെജ്രിവാൾ തകർത്തു. കെജ്രിവാളിന്റെ ഡൽഹി മോഡൽ പഞ്ചാബിലെ ജനങ്ങളും ഏറ്റെടുത്തതാണ് ആംആദ്മിയുടെ എല്ലാ പുതുമുഖ സ്ഥാനാർത്ഥികളുടേയും വിജയം ചൂണ്ടിക്കാണിക്കുന്നത്.

2011ൽ അഴിമതി നിരോധനത്തിനായി ജൻ ലോക് ബിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ടുളള അണ്ണാ ഹസാരെയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സർക്കാർ ഉദ്യോ​ഗസ്ഥനായ അരവിന്ദ് കെജ്രിവാൾ പൊതുരം​ഗത്തേക്ക് വരുന്നത്. സമരത്തെ രാഷ്ട്രീയവൽകരിക്കുന്നതിലുളള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അരവിന്ദ് കെജ്രിവാൾ സമരത്തിൽ നിന്ന് പിന്മാറുകയും ആം ആദ്മി പാർട്ടി രൂപീകരിക്കുകയുമായിരുന്നു. 2012ലാണ് ഡൽഹിയിൽ ആം ആദ്മി പടയോട്ടം തുടങ്ങിയത്. 2015ൽ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ തങ്ങളുടെ സ്ഥാനം പ്രധാന രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ഉറപ്പിക്കാനും ആ പഴയ സർക്കാർ ഉദ്യോ​ഗസ്ഥന്റെ നിശ്ചയദാർഢ്യത്തിന് കഴിഞ്ഞു. അഴിമതിക്കെതിരെ ചൂലെടുത്തു വീശിയ അരവിന്ദ് കെജ്രിവാളും പാർട്ടിയും നിരവധി തവണ ​കേന്ദ്രത്തിന്റെ കുത്തലുകൾക്ക് ഇരയായിരുന്നു.

2013ലെ ഡൽഹി തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ രണ്ടാമത്തെ പാർട്ടിയായി ആം ആദ്മി ഉയർന്നുവന്നു. ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന ഡൽഹിയിൽ ആം ആദ്മി സർക്കാർ രൂപീകരിച്ചെങ്കിലും ജൻ ലോക്പാൽ ബിൽ പാസാക്കാനാവാതെ വന്നതോടെ 49 ദിവസത്തിന് ശേഷം അരവിന്ദ് കെജ്രിവാളിന് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നു. പിന്നീട് 2015ൽ നടന്ന തെരഞ്ഞെടുപ്പിൽ 70 സീറ്റുകളിൽ 67 സീറ്റും ആം ആദ്മി നേടുകയുണ്ടായി. ബിജെപിക്ക് മൂന്ന് സീറ്റ് ലഭിച്ചെങ്കിലും കോൺ​ഗ്രസ് ഭൂപടത്തിൽ പോലുമുണ്ടായിരുന്നില്ല.

2019ലെ പൊതു തെരഞ്ഞെടുപ്പിൽ ആം ആദ്മിക്ക് ഡൽഹിയിൽ ഏഴ് സീറ്റുകൾ നഷ്ടമായിരുന്നു. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി 62 സീറ്റിൽ വിജയിച്ചു കൊണ്ട് വീണ്ടും അധികാരത്തിലേറി. ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിലൂടെ പാർട്ടിയെ നയിക്കാൻ താത്പര്യപ്പെടുന്നില്ലെന്ന് അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ഇടതുപക്ഷത്തു നിന്നും വലതുപക്ഷത്തു നിന്നും നല്ല പരിഹരങ്ങൾ ലഭിച്ചാൽ അത് തങ്ങൾ സ്വീകരിക്കുമെന്ന നിലപാട് അരവിന്ദ് കെജ്രിവാൾ നേരത്തെ വ്യക്തമാക്കിയിരുന്നു.

കോൺ​ഗ്രസിന്റെ പഞ്ചാബ് കോട്ട എഎപി തകർത്തതോടെ കോൺ​ഗ്രസിന്റെ പല വൻമരങ്ങളും അടിപതറി വീണു. കോൺ​ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഛരണ്‍ജിത് സിങ് ഛന്നിക്ക് മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും തോൽവി സമ്മതിക്കേണ്ടി വന്നു. പിസിസി അദ്ധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിന്ധുവും പരാജയപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാനായി നവ്‌ജ്യോത് സിങ് സിന്ധുവിനും ഛന്നിക്കുമിടയിൽ നടന്ന പിടിവലികളും, മുൻ മുഖ്യമന്ത്രി അമരീന്ദർ സിങും സിദ്ദുവും തമ്മിലുളള അധികാര വടംവലികളും പഞ്ചാബിൽ കോൺ​ഗ്രസിന്റെ പ്രതിഛായക്ക് മങ്ങലേൽപ്പിച്ചിരുന്നു. തർക്കങ്ങളെല്ലാം ഛരൺജിത് സിങ് ഛന്നി എന്ന ദളിത് നേതാവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയതിലൂടെ തീരുമെന്ന് പ്രതീക്ഷിച്ച കോൺ​ഗ്രസിന് ആം ആദ്മിയുടെ മുന്നേറ്റം കനത്ത പ്രഹരമാണ് നൽകിയിരിക്കുന്നത്.

പഞ്ചാബില്‍ 117 സീറ്റുകളില്‍ വോട്ടെണ്ണല്‍ പൂർത്തിയാകുമ്പോള്‍ 90ലേറെ മണ്ഡലങ്ങളില്‍ എഎപിയാണ് മുന്നിട്ടുനില്‍ക്കുന്നത്. പഞ്ചാബിൽ 59 സീറ്റുകളാണ് അധികാരം നേടാന്‍ വേണ്ട കേവല ഭൂരിപക്ഷം. ഡൽഹിക്കു പുറത്തേക്കും തങ്ങളുടെ വേരുകൾ പടരുമെന്ന് പഞ്ചാബ് കീഴടക്കിയതോടെ ആം ആദ്മി തെളിയിച്ചിരിക്കുകയാണ്. ​

ഗോവയിലും ആം ആദ്മി വേരിറക്കി കഴിഞ്ഞു. ദീദിയുടെ പടയോട്ടമുണ്ടാകുമെന്ന് പറഞ്ഞിരുന്ന ​ഗോവയിൽ മൂന്ന് സീറ്റുകളിലാണ് ആം ആദ്മി മുന്നിൽ. ​ഗോവയിൽ ബിജെപി വിരുദ്ധതയ്ക്കെതിരെ ഒന്നിക്കുന്നതിന് പകരം പ്രതിപക്ഷം ചിതറുകയാണ് ഉണ്ടായത്. കോൺ​ഗ്രസും, തൃണമൂൽ കോൺ​ഗ്രസും, ആം ആദ്മിയും ​ഗോവയിൽ കൈകോർത്തിരുന്നെങ്കിൽ അധികാരം പിടിക്കാമായിരുന്നുവെന്ന ചർച്ചകളും രാഷ്ട്രീയ വേദികളിൽ നടന്നിരുന്നു.

ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനും താരതമ്യേന കുറഞ്ഞ കാലയളവിൽ തന്നെ രണ്ട് സംസ്ഥാനങ്ങളിൽ വിജയിക്കുന്നതിനും അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മിക്ക് സാധിച്ചിട്ടുണ്ട്. ആരോഗ്യത്തിന്റേയും വിദ്യാഭ്യാസത്തിന്റെയും സ്വത്വരഹിത രാഷ്ട്രീയ മാതൃകയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആം ആദ്മിക്ക് കഴിഞ്ഞിട്ടുണ്ട്. കെജ്രിവാൾ ഏതെങ്കിലും ജാതിയെ പ്രതിനിധീകരിക്കുന്നില്ല. ഒരു തരത്തിലുമുള്ള 'മുസ്‌ലിം പ്രീണന'ത്തിന്റെ ലഗേജും അദ്ദേഹം വഹിക്കില്ലെന്നതും ഇതുവരേയുളള ആം ആദ്മിയുടെ ചരിത്രം വ്യക്തമാക്കുന്നുണ്ട്. ഈ നിലപാടിൽ ഒരു മൃദുഹിന്ദുത്വവും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കിഴക്കൻ ‍ഡൽഹിയിൽ കലാപം തുടരുമ്പോൾ ഉപവാസമിരിക്കലാണ് കെജ്രിവാൾ കണ്ട പരിഹാരം. ഡൽഹി മുഖ്യമന്ത്രി ഹനുമാൻ ചാലിസ ചൊല്ലുന്നത് ഇപ്പോൾ വാർത്തയേ അല്ല.

നാ​ഗരിക-മധ്യ വർ​ഗത്തെ ആകർഷിക്കുന്ന അഴിമതി വിരുദ്ധ മുദ്രാവാക്യങ്ങൾ, ഉപരിവർ​ഗത്തെ തൃപ്തിപ്പെടുത്തുന്ന വികസന വാദം, സമൂഹത്തിന്റെ താഴേക്കിടയിലുളളവർക്ക് ആശ്വാസമായി ഇളവുകളും സൗജന്യങ്ങളും, ഇത്രയുമായാൽ ഏതാണ്ട് എഎപിയുടെ രാഷ്ട്രീയമായി. ജനക്ഷേമ രാഷ്ട്രീയത്തിനൊപ്പം മൃദുഹിന്ദുത്വവും തീവ്ര ദേശീയ വാദവും അടങ്ങുന്ന ഒരു പാക്കേജ് എന്ന് വിളിച്ചാൽ തെറ്റുപറയാനാകില്ല. കോൺ​ഗ്രസിനും ഇടത്-സോഷ്യലിസ്റ്റ് പാർട്ടികൾക്കുമുളളതുപോലെ മതേതരത്വം ഉയർത്തിപ്പിടിക്കാനുളള ചരിത്രപരമായ ബാധ്യത എഎപിക്ക് ഇല്ല. ആ 'ഭാരം' ഇല്ലാത്തതുകൊണ്ട് വടക്കേ ഇന്ത്യയിൽ കുതിപ്പിന്റെ വേ​ഗം കൂടിയേക്കും.

കാവിയുടുത്ത യാ​ഗാശ്വം

വീണ്ടും വിജയിച്ചതിലൂടെ യോ​ഗി ബിജെപിയുടെ നമ്പർ ടു നേതാവായി ഇനി അറിയപ്പെടും. ഉത്തർപ്രദേശിൽ ബിജെപിയുടെ തീവ്രഹിന്ദുത്വ നിലപാട് തന്നെയാണ് വിജയിച്ചത്. ഇന്ത്യന്‍ പാർലമെന്‍ററി രാഷ്ട്രീയത്തിന്റെ ദിശാ സൂചികയാണ് യുപി.

രണ്ട് തവണ യുപിയിൽ പരീക്ഷിച്ച് വിജയിച്ച ആയുധം ദേശീയ തലത്തിൽ പ്രയോ​ഗിക്കാൻ സംഘപരിവാറിന് അധികം ആലോചിക്കേണ്ടി വന്നേക്കില്ല. മുസ്ലീം നാമധാരികൾ ആരുമില്ലാത്ത സ്ഥാനാർത്ഥി പട്ടികയുമായാണ് ബിജെപി പ്രചരണത്തിനിറങ്ങിയത്.

കൊവിഡ് പ്രതിസന്ധി തടയുന്നതിലെ പരാജയവും, കൊവിഡ‍് കാലത്ത് ​ഗം​ഗയിലൂടെ ശവങ്ങൾ ഒഴുകിയതും, ലഖിംപൂർ ഖേരിയിലെ കർഷകരുടെ കൂട്ടകൊലപാതകവും, കർഷക സമരവും യോ​ഗി ആദിത്യനാഥിനെ താഴെയിറക്കുമെന്ന സൂചനകൾ ഉയർന്നിരുന്നു. 2017ലെ തെരഞ്ഞെടുപ്പിലൂടെയാണ് യോ​ഗി ഉത്തർപ്രദേശിൽ അധികാരത്തിലേറുന്നത്. ഹിന്ദു സന്ന്യാസിയായ യോ​ഗി ഖോരക്പൂർ മണ്ഡലത്തിൽ നിന്നാണ് ഇത്തവണയും വിജയിച്ചു കയറിയത്.

രാമ ക്ഷേത്ര നിർമ്മാണവും, കാശി വിശ്വാനാഥ ക്ഷേത്രവും, ഉത്തരാഖണ്ഡിലെ കേദർനാഥ് ക്ഷേത്രവും ഹിന്ദുത്വ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി ബിജെപി ഉപയോ​ഗിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ പ്രിയങ്ക ​ഗാന്ധിയെ ഇറക്കി പ്രചാരണം നടത്തിയെങ്കിലും കോൺ​ഗ്രസിന് ഇത്തവണയും മുന്നോട്ടുവരാൻ സാധിച്ചിട്ടില്ല. ഒടുവില്‍ ലഭിക്കുന്ന ഫലസൂചന പ്രകാരം ബിജെപി 226 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ സമാജ്‌വാദി പാര്‍ട്ടി 95 സീറ്റിലും ബിഎസ്പി ഏഴ് സീറ്റിലും കോണ്‍ഗ്രസ് ആറ് സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. എന്നാല്‍ ബിജെപിക്ക് തിരിച്ചടിയായി സംസ്ഥാന ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സിറത്ത് മണ്ഡലത്തിൽ പിന്നിലേക്ക് തള്ളപ്പെട്ടു.

ഉത്തർപ്രദേശിലെ വിജയവും ഉത്തരാഖണ്ഡിലെ മാറി മാറിവരുന്ന രാഷ്ട്രീയ സാഹചര്യവും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും നരേന്ദ്ര മോദിയെ വീണ്ടും അധികാരത്തിലുറപ്പിക്കുമെന്നാണ് സൂചിപ്പിക്കുന്നത്. 2024ൽ അല്ലെങ്കിൽ 2029ൽ അരവിന്ദ് കെജ്രിവാളും യോ​ഗി ആദിത്യനാഥും നേർക്കുനേർ വരുമോ എന്നത് കാണേണ്ടിയിരിക്കുന്നു. ഐഐടി വിദ്യാഭ്യാസമുളള എൻജിനീയറും കാവി വസ്ത്രധാരിയായ സന്ന്യാസിയും ഇന്ത്യൻ രാഷ്ട്രീയത്തിൽ വമ്പന്മാരായി മുന്നോട്ടു വരുമോ? എങ്കിൽ ഇതുവരെ കാണാത്ത രാഷ്ട്രീയ മത്സരത്തിനായിരിക്കും ദേശീയ രാഷ്ട്രീയം സാക്ഷ്യം വഹിക്കുക.

STORY HIGHLIGHTS: Is Yogi Vs Kejriwal Time Coming?

Next Story