Top

'അതീവ ദുഖകരം'; ഇന്ത്യയിലെ ജനങ്ങള്‍ യുഎഇ ജനതയ്‌ക്കൊപ്പമെന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ തങ്ങളുടെ അനുശോചനം അറിയിച്ചു

13 May 2022 3:39 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അതീവ ദുഖകരം; ഇന്ത്യയിലെ ജനങ്ങള്‍ യുഎഇ ജനതയ്‌ക്കൊപ്പമെന്ന് പ്രധാനമന്ത്രി
X

ന്യൂഡൽഹി: യുഎഇ പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ അനുശോചിച്ച് ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ തങ്ങളുടെ അനുശോചനം അറിയിച്ചു.

ഷെയ്ഖ് ഖലീഫ ബിൻ സായിദിന്റെ വിയോഗത്തിൽ അതിയായ ദുഃഖമുണ്ടെന്ന് മോദി പറഞ്ഞു. മികച്ച രാഷ്ട്രതന്ത്രജ്ഞനും ദീർഘവീക്ഷണവുമുള്ള നേതാവായിരുന്നു അദ്ദേഹമെന്നും ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം അഭിവൃദ്ധിപ്രാപിച്ചത് അദ്ദേഹത്തിന്റെ ഭരണകാലത്താണെന്നും മോദി അനുസ്മരിച്ചു. ഇന്ത്യയിലെ ജനങ്ങളുടെ ഹൃദയംഗമമായ അനുശോചനം യുഎഇയെ അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു, മോദി ട്വിറ്ററിൽ കുറിച്ചു.

കേരളത്തെയും കേരളീയരെയും സഹായിക്കുന്നതിൽ സന്തോഷം കണ്ടെത്തിയ വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. പ്രളയകാലത്ത് അദ്ദേഹം കേരളത്തിനായി നീട്ടിയ സഹായഹസ്തം സ്മരണീയമാണ്. യുഎഇയും നമ്മുടെ രാജ്യവുമായുള്ള പരസ്പരബന്ധം സുദൃഢമാക്കുന്നതിൽ വലിയ പങ്കാണ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ വഹിച്ചിരുന്നത്. യുഎഇയിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്ന കാര്യത്തിൽ അദ്ദേഹം പുലർത്തിയ കരുതൽ എക്കാലവും ഓർമ്മിക്കപ്പെടുമെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഷെയ്ഖ് ഖലീഫയുടെ കുടുംബത്തോടും യുഎഇയിലെ ജനങ്ങളോടും തന്റെ അനുശോചനം അറിയിക്കുന്നതായി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. യുഎഇയിൽ ദ്രുതഗതിയിലുള്ള വികസനം കൊണ്ടുവന്ന ദീർഘവീക്ഷണമുള്ള നേതാവെന്ന നിലയിൽ അദ്ദേഹം സ്‌നേഹപൂർവം സ്മരിക്കപ്പെടുമെന്നും രാഹുൽ ഗാന്ധി ട്വീറ്റിൽ പറഞ്ഞു.

Story highlights: Indian political leaders condolences on the death of uae president Sheikh Khalifa bin Zayed Al Nahyan

Next Story

Popular Stories