Top

'അബദ്ധമായി കാണണം'; ഇന്ത്യന്‍ മിസൈല്‍ പാക്കിസ്ഥാനില്‍ പതിച്ച സംഭവത്തില്‍ സംയുക്ത അന്വേഷണം വേണ്ടെന്ന് ഇന്ത്യ

'അയല്‍ക്കാര്‍ എന്ന നിലയില്‍ മുന്നോട്ട് പോകണം'

13 March 2022 6:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അബദ്ധമായി കാണണം; ഇന്ത്യന്‍ മിസൈല്‍ പാക്കിസ്ഥാനില്‍ പതിച്ച സംഭവത്തില്‍ സംയുക്ത അന്വേഷണം വേണ്ടെന്ന് ഇന്ത്യ
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ മിസൈല്‍ അബദ്ധത്തില്‍ പാകിസ്ഥാന്‍ അതിര്‍ത്തിക്കുള്ളില്‍ ചെന്ന് പതിച്ച സംഭവത്തില്‍ സംയുക്ത അന്വേഷണം വേണമെന്ന പാക്കിസ്ഥാന്റെ ആവശ്യം തള്ളി ഇന്ത്യ. സംഭവം അബദ്ധമായി കണ്ട് അയല്‍ക്കാര്‍ എന്ന നിലയില്‍ മുന്നോട്ട് പോകണമെന്നും ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.

സംഭവത്തിന്റെ ഗൗരവം തങ്ങള്‍ക്ക് മനസ്സിലായി. പാക്കിസ്ഥാന്റെ പ്രതികരണത്തെ വിലമതിക്കുന്നു. സംഭവം നടന്ന സാഹചര്യത്തെക്കുറിച്ച് വിശദീകരണം നല്‍കിക്കഴിഞ്ഞു. ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തുമെന്നും ഇന്ത്യ മറുപടി നല്‍കിയതായാണ് വിവരം.

മാര്‍ച്ച് ഒന്‍പതിനായിരുന്നു പതിവ് അറ്റകുറ്റപ്പണിക്കിടെ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ആകസ്മികമായി പാക്കിസ്ഥാന്റെ ഭൂപ്രദേശത്ത് ചെന്ന് പതിച്ചത്. പാക്കിസ്ഥാന്‍ സൈന്യം ഇത് ചൂണ്ടിക്കാണിച്ചതിന് പിന്നാലെ രണ്ട് ദിവസം കഴിഞ്ഞ് മാര്‍ച്ച് 11നായിരുന്നു ഇന്ത്യ ഇത് സ്ഥിരീകരിച്ചത്. സംഭവം സര്‍ക്കാര്‍ ഗൗരവമായി കാണുകയും കോര്‍ട്ട് ഓഫ് എന്‍ക്വയറിക്ക് ഉത്തരവിടുകയും ചെയ്തതായി പ്രതിരോധമന്ത്രാലയം അറിയിച്ചിരുന്നു. ഖാനേവാല്‍ ജില്ലയിലെ മിയാന്‍ ചന്നുവിലാണ് ഇന്ത്യയുടെ മിസൈല്‍ പതിച്ചത്. സ്ഫോടകവസ്തു ഘടിപ്പിക്കാത്ത മിസൈലാണ് വിക്ഷേപിക്കപ്പെട്ടത്. ഹരിയാനയിലെ സിര്‍സ വ്യോമത്താവളത്തില്‍ നിന്നാണ് സൂപ്പര്‍സോണിക് മിസൈല്‍ പാകിസ്ഥാനില്‍ പതിച്ചത്.

'മാര്‍ച്ച് ഒന്‍പതിന് പരിശോധനയ്ക്കിടെ സംഭവിച്ച വലിയ പിഴവില്‍ പറന്നുയര്‍ന്ന മിസൈല്‍ പാകിസ്ഥാന്റെ ഭൂപ്രദേശത്ത് പതിച്ചു. സംഭവം ഏറെ ദുഃഖകരമാണ്. ആളപായം ഉണ്ടായില്ല എന്നത് ആശ്വാസവുമായി. സംഭവത്തെ ഇന്ത്യന്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.' പ്രതിരോധ മന്ത്രാലയം സംഭവം സ്ഥിരീകരിച്ച് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

STORY HIGHLIGHTS: India Rejects Demand for Joint Probe in Accidental Missile Launch

Next Story