Top

മാധ്യമങ്ങളെ പിന്തുണയ്ക്കുന്ന സംഘടനകളുടെ ഓഫീസില്‍ റെയ്ഡ്; പരിശോധന ഐപിഎസ്എംഎഫ്, തിങ്ക് ടാങ്ക് സ്ഥാപനങ്ങളില്‍

7 Sep 2022 6:23 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാധ്യമങ്ങളെ പിന്തുണയ്ക്കുന്ന സംഘടനകളുടെ ഓഫീസില്‍ റെയ്ഡ്; പരിശോധന ഐപിഎസ്എംഎഫ്, തിങ്ക് ടാങ്ക് സ്ഥാപനങ്ങളില്‍
X

ന്യൂഡല്‍ഹി: മാധ്യമങ്ങളെ പിന്തുണയ്ക്കുന്ന സന്നദ്ധ സംഘടനകളുടെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡിപെന്‍ഡന്റ് ആന്റ് പബ്ലിക് സ്പിരിറ്റഡ് മീഡിയ ഫൗണ്ടേഷന്‍, തിങ്ക് ടാങ്ക് സെന്റര്‍ ഫോര്‍ പോളിസി റിസേര്‍ച്ച്, ഓക്‌സ്ഫാം ഇന്ത്യ എന്നീ സംഘടനകളുടെ ഡല്‍ഹി ഓഫീസുകള്‍ എന്നിവിടങ്ങളിലാണ് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്‌മെന്റ് പരിശോധന നടത്തിയത്. ദ കാരവന്‍, സ്വരാജ്യ, ദി പ്രിന്റ് എന്നീ ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്ന കൂട്ടായ്മയാണ് ഐപിഎസ്എംഎഫ്. പരിശോധനയേക്കുറിച്ച് മൂന്ന് സംഘടനകളും പ്രതികരിച്ചിട്ടില്ല.

നടത്തിയത് റെയ്ഡ് അല്ലെന്നും 'സര്‍വ്വേ' മാത്രമാണെന്നും ആദായ നികുതി വകുപ്പ് എന്‍ ഡി ടിവിയോട് പ്രതികരിച്ചു. മറ്റ് സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എന്നാല്‍ അംഗീകൃതമല്ലാത്ത 20 രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയതുമായി ബന്ധപ്പെട്ട് ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നടത്തിയ 'സര്‍വ്വേ' നടപടിക്ക് സമാനമാണ് നടപടിയെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചതായും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. വിദേശ സംഭാവനകളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ആദായ നികുതി വകുപ്പിന്റെ നീക്കമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐയും റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം നടത്തുന്ന സ്ഥാപനങ്ങളെയാണ് ഐപിഎസ്എംഎഫ് ട്രസ്റ്റ് സംഭാവന നല്‍കി സഹായിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും രാഷ്ട്രീയ നേതാക്കളും നേരിടുന്ന ആരോപണങ്ങള്‍, അഴിമതികള്‍, വര്‍ഗീയ കലാപങ്ങള്‍, കുറ്റകൃത്യങ്ങള്‍, അരികുവല്‍കരിക്കപ്പെട്ട സമൂഹങ്ങള്‍ തുടങ്ങിയവയേക്കുറിച്ചുള്ള വാര്‍ത്തകളെയാണ് ഐപിഎസ്എംഎഫ് പ്രോത്സാഹിപ്പിക്കുന്നത്.

ഐപിഎസ്എംഎഫ് പിന്തുണയ്ക്കുന്ന 'ദ കാരവന്‍' ഈയിടെ പ്രസിദ്ധീകരിച്ച കവര്‍ സ്റ്റോറി ചര്‍ച്ചയായിരുന്നു. 2002 ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള അന്വേഷണ റിപ്പോര്‍ട്ടിനെ എണ്ണിയെണ്ണി ചോദ്യം ചെയ്യുന്ന ദീര്‍ഘ വാര്‍ത്താലേഖനം കാരവന്‍ വെബ്‌സൈറ്റിലും പബ്ലിഷ് ചെയ്യപ്പെടുകയുണ്ടായി. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് കലാപത്തില്‍ പങ്കുണ്ടെന്ന ഹര്‍ജികളില്‍ തുടരന്വേഷണം തള്ളിയ സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ പ്രശംസിച്ചത് വിവാദമായിരുന്നു.

പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ടി എസ് നൈനാനാണ് ഐപിഎസ്എംഎഫിന്റെ ചെയര്‍പേഴ്‌സണ്‍. നടന്‍ അമോല്‍ പലേക്കര്‍ ഉള്‍പ്പെടെയുള്ളവരാണ് ട്രസ്റ്റികള്‍. അസിം പ്രേംജി, ഗോദ്‌റജ്, നിലേക്കനി തുടങ്ങിയ ബിസിനസ് കുടുംബങ്ങളാണ് ഐപിഎസ്എംഎഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് നല്‍കുന്നത്.

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കുന്നതിന്റെ പേരില്‍ അറിയപ്പെടുന്ന ഫൗണ്ടേഷനാണ് തിങ്ക് ടാങ്ക് സിപിആറും. ചിന്തകനും ബിജെപി വിമര്‍ശകനുമായ പ്രതാപ് ഭാനു മെഹ്തയാണ് മുന്‍പ് തിങ്ക് ടാങ്കിന് നേതൃത്വം നല്‍കിയിരുന്നത്. നിലവില്‍ മീനാക്ഷി ഗോപിനാഥാണ് പ്രധാന ചുമതല വഹിക്കുന്നത്. ജെഎന്‍യുവില്‍ അധ്യാപികയും ശ്രീ രാം കോളേജിന്റെ പ്രധാന അധ്യാപികയുമായിരുന്നു മീനാക്ഷി ഗോപിനാഥ്. 1973ലാണ് തിങ്ക് ടാങ്ക് സിപിആര്‍ സ്ഥാപിച്ചത്. ഡെല്‍ഹിയാണ് ഐപിഎസ്എംഎഫിന്റെ ആസ്ഥാനം. തിങ്ക് ടാങ്കിന്റെ ചാണക്യപുരിയിലെ ഓഫീസില്‍ പത്തോളം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് എത്തിയത്. പുറത്തുപോകരുതെന്ന കര്‍ശന നിര്‍ദ്ദേശം ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്.

സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ ഓക്‌സ്ഫാമിന്റെ ഇന്ത്യന്‍ വിഭാഗമാണ് നടപടി നേരിടുന്ന ഓക്‌സ്ഫാം ഇന്ത്യ. 'ഇന്ത്യയെ ഭരണ ഘടന വിഭാവനം ചെയ്യുന്ന വിധത്തില്‍ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന, നീതിപൂര്‍വ്വമായ രാജ്യമാക്കിത്തീര്‍ക്കാന്‍ സര്‍ക്കാരുകളെ നയമാറ്റങ്ങള്‍ക്ക് ജനങ്ങളാല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ലക്ഷ്യം,' എന്ന് ഓക്‌സ്ഫാം തങ്ങളുടെ വെബ് സൈറ്റില്‍ പ്രസ്താവിക്കുന്നു.

STORY HIGHLIGHTS: Income Tax Searches At Think Tank CPR, Oxfam, And Trust That Funds Media

Next Story