Top

'ചത്തീസ്ഗഢിലെ ഷിന്‍ഡെയാക്കാമെന്ന് വാഗ്ദാനം'; ഭരണം അട്ടിമറിക്കാന്‍ ആദായ നികുതി വകുപ്പ് സമ്മര്‍ദ്ദം ചെലുത്തിയെന്ന് വ്യവസായി

10 July 2022 10:47 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചത്തീസ്ഗഢിലെ ഷിന്‍ഡെയാക്കാമെന്ന് വാഗ്ദാനം; ഭരണം അട്ടിമറിക്കാന്‍ ആദായ നികുതി വകുപ്പ് സമ്മര്‍ദ്ദം ചെലുത്തിയെന്ന് വ്യവസായി
X

റായ്പൂര്‍: മഹാരാഷ്ട്രയിലേതിന് സമാനമായ ഭരണ അട്ടിമറിക്കായി തനിക്ക് മേല്‍ ആദായ നികുതി വകുപ്പ് സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണവുമായി ചത്തീസ്ഗഢ് വ്യവസായി. സംസ്ഥാന മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ ഡെപ്യൂട്ടി സെക്രട്ടറി സൗമ്യ ചൗരസ്യയുമായി തനിക്ക് ബന്ധമുണ്ടെന്ന് ഏറ്റുപറയാന്‍ തന്നെ ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചുവെന്നും സൂര്യകാന്ത് തിവാരി ആരോപിച്ചു. തന്നെ ചത്തീസ്ഗഢിലെ ഏകനാഥ് ഷിന്‍ഡെയാക്കാമെന്ന് വാഗ്ദാനം ചെയ്തതായും തിവാരി പറഞ്ഞു.

ചത്തീസ്ഗഢ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കല്‍ക്കരി വ്യവസായിയാണ് സൂര്യകാന്ത് തിവാരി. കഴിഞ്ഞ ദിവസം ഇയാളുടെ വസ്തു വകകളില്‍ ആദായ നികുതി വകുപ്പ് തെരച്ചില്‍ നടത്തിയിരുന്നു. ഇതേ സമയം, സൗമ്യ ചൗരസ്യയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും റെയ്ഡ് അരങ്ങേറിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണവുമായി വ്യവസായി രംഗത്തെത്തിയത്.

'എനിക്ക് അടുത്ത ബന്ധമുള്ള 40- 45 എംഎല്‍എമാരുടെ പട്ടിക നല്‍കാന്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. സര്‍ക്കാരില്‍ പിളര്‍പ്പുണ്ടാക്കി താഴെയിറക്കാന്‍ വേണ്ടിയായിരുന്നു ഇത്. പ്രതിപക്ഷ എംഎല്‍എമാരുടെ സഹായത്തോടെ പുതിയ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവര്‍ വാഗ്ദാനം ചെയ്തു', തിവാരി പറഞ്ഞു. തിവാരിയുടെ വസതിയടക്കമുള്ള ഇടങ്ങളില്‍ റെയ്ഡ് നടന്നതിന് പിന്നാലെ, അനധികൃത സ്വത്ത് സമ്പാദനത്തിന് സഹായം ചെയ്തുവെന്ന് കോണ്‍ഗ്രസും ബിജെപിയും പരസ്പരം ആരോപണം ഉന്നയിച്ചിരുന്നു.

സൂര്യകാന്ത് തിവാരിയുടെ വസതിയില്‍ നിന്നും വെളിപ്പെടുത്താത പണവും 14 കോടിയുടെ ആഭരണങ്ങളും 200 കോടിയിലേറെ മൂല്യം വരുന്ന കറന്‍സിയും കണ്ടെടുത്തുവെന്ന് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായി ഡോ. രമണ്‍ സിംഗ് ആരോപിച്ചിരുന്നു. എന്നാലിത് തിവാരി നിഷേധിച്ചു. തനിക്ക് രണ്ട് പാര്‍ട്ടിയിലെ നേതാക്കളുമായും നല്ല ബന്ധമാണുള്ളതെന്നായിരുന്നു തിവാരിയുടെ പ്രതികരണം. എന്നാല്‍, 15 വര്‍ഷത്തെ ബിജെപി ഭരണ കാലത്ത് രമണ്‍ സിംഗും കുടുംബാംഗങ്ങളും കോടികളുടെ അഴിമതി നടത്തിയെന്നും തിവാരി ആരോപിച്ചിരുന്നു.

STORY HIGHLIGHTS: Income tax department trying to engineer a political coup in Chhattisgarh accuses businessman Suryakant Tiwari

Next Story