Top

മന്ത്രവാദിനികളെന്ന് ആരോപണം; മൂന്ന് സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തി നാട്ടുകാര്‍

ഗ്രാമത്തിലെ രണ്ട് ചെറുപ്പക്കാര്‍ പാമ്പ് കടിയേറ്റു മരിച്ചതിന് കാരണക്കാര്‍ മന്ത്രവാദിനികളായ ചില സ്ത്രീകളാണെന്ന് വ്യാജപ്രചരണമുണ്ടായിരുന്നു

5 Sep 2022 11:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മന്ത്രവാദിനികളെന്ന് ആരോപണം; മൂന്ന് സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തി നാട്ടുകാര്‍
X

റാഞ്ചി: ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ മൂന്ന് സ്ത്രീകളെ നാട്ടുകാര്‍ കൊലപ്പെടുത്തിയെന്ന് ആരോപണം. സോനാഹാതു മേഖലയിലെ റാണാഹിദ് ഗ്രാമത്തിലാണ് സംഭവം. മന്ത്രവാദിനിയെന്ന് ആരോപിച്ച് ഒരു വൃദ്ധയുള്‍പ്പെടെ മൂന്ന് സ്ത്രീകളെയാണ് നാട്ടുകാര്‍ ആക്രമിച്ചത്.

ഗ്രാമത്തിലെ രണ്ട് ചെറുപ്പക്കാര്‍ പാമ്പ് കടിയേറ്റു മരിച്ചതിന് കാരണക്കാര്‍ മന്ത്രവാദിനികളായ ചില സ്ത്രീകളാണെന്ന് വ്യാജപ്രചരണമുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ ഈ സ്ത്രീകളെ ആക്രമിച്ചത്. സംഭവത്തില്‍ സോനാഹാട്ട് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

60 വയസ്സുകാരിയായ ദോലി ദേവി, 45 വയസ്സുകാരിയായ റൈലു ദേവി, അലോമണി ദേവി എന്നിവരാണ് കൊല്ലപ്പെട്ടത്. ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം ഇവരുടെ ശരീരങ്ങള്‍ നാട്ടുകാര്‍ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. പ്രദേശത്തേയ്ക്ക് പൊലീസ് പ്രവേശിക്കാതിരിക്കാന്‍ നാട്ടുകാര്‍ ഏറെനേരം തടസം സൃഷ്ടിക്കുകയും ചെയ്തു. രണ്ട് മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. കൊല്ലപ്പെട്ട മൂന്നാമത്തെ സ്ത്രീയുടെ മൃതദേഹത്തിനായി തെരച്ചില്‍ തുടരുകയാണ്.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) കഴിഞ്ഞ ആഗസ്റ്റില്‍ വന്ന കണക്കുകള്‍ പ്രകാരം 2001 നും 2020 നും ഇടയില്‍ മന്ത്രവാദം നടത്തിയെന്നാരോപിച്ച് രാജ്യത്തുടനീളം 590 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ കൂടുതലും സ്ത്രീകളാണ്. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനുള്ളില്‍ ജാര്‍ഖണ്ഡില്‍ മാത്രം 329 പേരാണ് മന്ത്രവാദിനികളാണെന്നാരോപണത്തില്‍ കൊല്ലപ്പെട്ടത്.

STORY HIGHLIGHTS: Incident in Ranchi

Next Story