Top

ഉത്തർപ്രദേശിൽ കബഡി കളിക്കാർക്ക് ഭക്ഷണം വിളമ്പിയത് ശുചിമുറിയിൽ വച്ച്; വീഡിയോ പുറത്ത്, വൻ പ്രതിക്ഷേധം

സ്ഥലപരിമിതി കാരണമാണ് ഭക്ഷണം ശുചിമുറിയിൽ സൂക്ഷിക്കേണ്ടിവന്നതെന്നാണ് ബന്ധപ്പെട്ട അധികൃതരുടെ വിശദീകരണം

20 Sep 2022 7:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉത്തർപ്രദേശിൽ കബഡി കളിക്കാർക്ക് ഭക്ഷണം വിളമ്പിയത് ശുചിമുറിയിൽ വച്ച്; വീഡിയോ പുറത്ത്, വൻ പ്രതിക്ഷേധം
X

സഹാറൻപുർ: ഉത്തർപ്രദേശിൽ കബഡി കളിക്കാർക്ക് ഭക്ഷണം വിളമ്പിയത് ശുചിമുറിയിൽ വച്ച്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ സംസ്ഥാനത്ത് വൻ പ്രതിഷേധമാണ് അരങ്ങേറിയത്. കബഡി ടൂർണ്ണമെന്റിനിടെ ചില കളിക്കാർ പകർത്തിയ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

സെപ്തംബർ 16ന് സഹാറൻപൂരിൽ പെൺകുട്ടികൾക്കായി നടന്ന അണ്ടർ 17 സംസ്ഥാനതല കബഡി ടൂർണമെന്റിനിടെയായിരുന്നു സംഭവം. ശുചിമുറിയുടെ തറയിൽ സൂക്ഷിച്ചിരിക്കുന്ന പാത്രങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ സ്വയം ഭക്ഷണം വിളമ്പി കഴിക്കുന്നതായാണ് വീഡിയോ.

ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഫ്രെയിമിൽ മൂത്രപ്പുരയും വാഷ് ബേസിനുകളും കാണിക്കുന്നുണ്ട്. അതോടൊപ്പംതന്നെ ശുചിമുറിയുടെ തറയിൽ സൂക്ഷിച്ചിരിക്കുന്ന പാത്രത്തിൽ നിന്നും ഭക്ഷണം കൈകൊണ്ട് വാരിയെടുത്ത് പുറത്തേക്കുപോകുന്ന കുട്ടികളേയും വീഡിയോയിൽ കാണാം. രണ്ടാമത്തെ വീഡിയോയിൽ തൊഴിലാളികൾ പാത്രങ്ങൾ എടുത്ത് ഭക്ഷണം പാകം ചെയ്യുന്ന നീന്തൽക്കുളത്തിന് സമീപം കൊണ്ടുവരുന്നതായാണ് കാണാൻ കഴിയുന്നത്.

സ്ഥലപരിമിതി കാരണമാണ് ഭക്ഷണം ശുചിമുറിയിൽ സൂക്ഷിക്കേണ്ടിവന്നതെന്നാണ് ബന്ധപ്പെട്ട അധികൃതരുടെ വിശദീകരണം. വീഡിയോകൾ വിവാദമായതിനെ തുടർന്ന് സഹാറൻപൂർ സ്‌പോർട്‌സ് ഓഫീസർ അനിമേഷ് സക്‌സേനയെ സംസ്ഥാന സർക്കാർ സസ്പെൻഡ് ചെയ്തു.

സംഭവത്തിൽ ക്രമക്കേട് നടന്നതായി പരാതി ഉയർന്ന സാഹചര്യത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും സഹാരൻപൂർ ജില്ലാ മജിസ്‌ട്രേറ്റ് അഖിലേഷ് സിംഗ് അറിയിച്ചു.

കബഡി താരങ്ങളെ അനാദരിക്കുന്ന വീഡിയോകൾ വൈറലായതിനെ തുടർന്ന് നിരവധി രാഷ്ട്രീയ പാർട്ടികൾ ബിജെപിയെ കടന്നാക്രമിച്ചിരുന്നു. വിവിധ പ്രചാരണങ്ങൾക്കായി കോടികൾ ചെലവഴിക്കുന്ന ബിജെപിക്ക് കളിക്കാർക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്യാൻ പണമില്ല എന്ന് ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് വീഡിയോ സഹിതം ട്വീറ്റ് ചെയ്തു.

STORY HIGHLIGHTS: In Uttar Pradesh, Kabaddi players were served food in the washroom; The video is out

Next Story