Top

സിദ്ദു മുസെവാലയുടെ കൊലപാതകം; ഒരാൾ കൂടി പിടിയിൽ

അറസ്റ്റിലായ മറ്റ് രണ്ട് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്

6 Jun 2022 4:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിദ്ദു മുസെവാലയുടെ കൊലപാതകം; ഒരാൾ കൂടി പിടിയിൽ
X

പഞ്ചാബ്: ഗായകനും കോൺ​ഗ്രസ് നേതാവുമായ സിദ്ദു മുസെവാലയുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാൾ കൂടി പിടിയിൽ. ഹരിയാനയിലെ ഫത്തേഹാബാദിൽ നിന്നാണ് കാല എന്നറിയപ്പെടുന്ന ദേവേന്ദ്രയെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മറ്റ് രണ്ട് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഗായകന്റെ മരണത്തിൽ മൻപ്രീത് സിങ്ങ് എന്ന ആൾ ഉൾപ്പെടെ അഞ്ച് പേരെ ഉത്തരാഖണ്ഡിൽ നിന്നും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലോറൻസ് ബിഷ്‌ണോയിയുടെ നേതൃത്വത്തിലുളള കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘം കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതോടെ സംഘം പൊലീസിന്റെ നിരീക്ഷണത്തിലായി. 2021 ഓഗസ്റ്റിൽ മൊഹാലിയിൽ വെടിയേറ്റ് മരിച്ച അകാലിദൾ നേതാവിന്റെ കൊലപാതകത്തിൽ സിദ്ദു മുസെവാലക്ക് പങ്കുണ്ടെന്നും ഇതിൽ നടപടിയൊന്നും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് കൊലപാതകം നടത്തിയതെന്നും കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘത്തിലെ അംഗം ഗോൾഡി ബ്രാർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

സുഹൃത്തുക്കള്‍ക്കൊപ്പം പഞ്ചാബിലെ ജവഹർ കെ ഗ്രാമത്തിലേക്ക് ജീപ്പിൽ പോകുമ്പോഴാണ് സിദ്ദുവിന് വെടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിദ്ദു ഉൾപ്പെടെ 424 പേരുടെ സുരക്ഷ പഞ്ചാബ് സർക്കാർ പിൻവലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗായകൻ സിദ്ദു ആക്രമിക്കപ്പെട്ടത്.

STORY HIGHLIGHTS: In Sidhu Moose Wala Murder Case, Punjab Police Makes Another Arrest

Next Story