Top

'ദുര്‍ഗാ പൂജ സംഘാടകര്‍ക്ക് ബത്ത നല്‍കാനാകില്ല'; ആഘോഷം അത്യാവശ്യമല്ലെന്ന് ബംഗാള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

7 Sep 2022 11:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദുര്‍ഗാ പൂജ സംഘാടകര്‍ക്ക് ബത്ത നല്‍കാനാകില്ല; ആഘോഷം അത്യാവശ്യമല്ലെന്ന് ബംഗാള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍
X

കൊല്‍ക്കത്ത: ദുര്‍ഗാ പൂജയോട് അനുബന്ധിച്ച് പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ബത്ത നല്‍കാനാകില്ലെന്ന് ബംഗാള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആഘോഷ പരിപാടികള്‍ക്ക് ബത്ത അനുവദിക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയിലെ ആവശ്യം പ്രാധാന്യമര്‍ഹിക്കുന്നതല്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

ദുര്‍ഗാ പൂജയുടെ സംഘാടകര്‍ക്ക് 60,000 രൂപയാണ് മമത സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം വരെ 50,000 രൂപ നല്‍കിയിരുന്നു. കോടതി ഉത്തരവുണ്ടായിട്ടും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ക്ഷാമ ബത്ത നല്‍കുന്നതിന് തയാറാകുന്നില്ലെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.

ഉദ്യോഗസ്ഥര്‍ക്ക് ക്ഷാമ ബത്ത നല്‍കാന്‍ ബാക്കിയില്ലെന്ന് ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറഞ്ഞു. ക്ഷാമ ബത്തയില്‍ കോടതിയുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പൂജയുമായി ബന്ധപ്പെട്ട് പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ബത്ത നല്‍കുന്നതനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ക്ഷാമ ബത്ത നല്‍കുന്നതും രണ്ടാണെന്നും സര്‍ക്കാര്‍ പറഞ്ഞു.

ഭികാഷ് ഭട്ടാചാര്യയാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി സംഘാടകര്‍ അലവന്‍സ് ചെലവഴിച്ചതിന്റെ കണക്കുകള്‍ സര്‍ക്കാരിന് നല്‍കിയിരുന്നതായും ഹര്‍ജിയില്‍ പറയുന്നുണ്ട്. സര്‍ക്കാരിന് വേണ്ടി അഡ്വക്കറ്റ് ജനറല്‍ എസ് എന്‍ മുഖര്‍ജിയാണ് ഹാജരായത്. പ്രസിദ്ധിക്ക് വേണ്ടിയാണ് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടതെന്ന് അദ്ദേഹം കോടതിയില്‍ വാദിച്ചു. സര്‍ക്കാര്‍ അനുവദിക്കുന്ന 50,000 രൂപയുടെ 75 ശതമാനവും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കണമെന്ന് 2020 മുമ്പ് ഹൈക്കോടതി സംഘാടകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

STORY HIGHLIGHTS: In HC, Mamata government denies Durga Puja grant for entertainment

Next Story