Top

2021ല്‍ ഏറ്റവും കൂടുതല്‍ തവണ സഭ സമ്മേളിച്ച് കേരളം ഒന്നാമത്; ഏറ്റവും പിന്നില്‍ ത്രിപുരയും ഡല്‍ഹിയും

2021ൽ 500-ലധികം ബില്ലുകൾ പാസാക്കിയെങ്കിലും, 44 ശതമാനവും നടപ്പിലായിട്ടില്ലെന്നാണ് ഡൽഹി ആസ്ഥാനമായുള്ള പിആർഎസ് ലെജിസ്ലേറ്റീവ് റിസർച്ചിന്റെ റിപ്പോർട്ടിൽ പറയുന്നത്.

27 July 2022 9:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

2021ല്‍ ഏറ്റവും കൂടുതല്‍ തവണ സഭ സമ്മേളിച്ച് കേരളം ഒന്നാമത്; ഏറ്റവും പിന്നില്‍ ത്രിപുരയും ഡല്‍ഹിയും
X

ന്യൂഡൽഹി: 2021 ൽ ഏറ്റവും കൂടുതൽ തവണ നിയമസഭ സമ്മേളനം നടന്നത് കേരളത്തിലെന്ന് റിപ്പോർട്ടുകൾ. 61 ​ദിവസമാണ് കേരളത്തിൽ സഭ സമ്മേളനം നടന്നത്. ഡൽഹിയിലും ത്രിപുരയിലുമാണ് ഏറ്റവും കുറവ് സഭ സമ്മേളനങ്ങൾ നടന്നത്.

2021ൽ 500-ലധികം ബില്ലുകൾ പാസാക്കിയെങ്കിലും, 44 ശതമാനവും നടപ്പിലായിട്ടില്ലെന്നാണ് ഡൽഹി ആസ്ഥാനമായുള്ള പിആർഎസ് ലെജിസ്ലേറ്റീവ് റിസർച്ചിന്റെ റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ വർഷം ശരാശരി 21 ബില്ലുകളാണ് ഓരോ നിയമസഭയും പാസാക്കിയത്. വിദ്യാഭ്യാസം (21 ശതമാനം), നികുതി (12 ശതമാനം), പ്രാദേശിക ഭരണം (10 ശതമാനം), ഭൂമിയും ക്രമസമാധാനവും (4 ശതമാനം വീതം) എന്നിവയാണ് കഴിഞ്ഞ വർഷം നിയമസഭകൾ പാസാക്കിയ ബില്ലുകളിലെ പ്രധാന വിഭാഗങ്ങൾ.

കേരളത്തിൽ 61 ദിവസം നിയമസഭ സമ്മേളിച്ചെങ്കിലും ഏറ്റവും കൂടുതൽ ബില്ലുകൾ പാസാക്കിയത് കർണാടകയിലാണ്. 48 ബില്ലുകളാണ് കർണാടകയിൽ കഴിഞ്ഞവർഷം പാസാക്കിയത്. 2020 ൽ 55 ബില്ലുകൾ പാസാക്കി കർണാടക തന്നെയായിരുന്നു മുന്നിൽ. രണ്ട് ബില്ലുകൾ മാത്രമാണ് ഡൽഹി കഴിഞ്ഞ വർഷം പാസാക്കിയത്. ഒഡീഷയിൽ 40 നിയമസഭ സമ്മേളനം നടന്നപ്പോൾ നാഗാലാൻഡ്, ഡൽഹി, സിക്കിം, ആന്ധ്രാപ്രദേശ്, ത്രിപുര എന്നിവിടങ്ങളിൽ 10 ദിവസത്തിൽ താഴെയാണ് സഭ സമ്മേളിച്ചത്.

2002-ൽ ഭരണഘടനയുടെ പ്രവർത്തനം അവലോകനം ചെയ്യുന്നതിനുള്ള ദേശീയ കമ്മീഷൻ 70-ൽ താഴെ അംഗങ്ങളുള്ള സംസ്ഥാന നിയമസഭകൾ പ്രതിവർഷം 50 ദിവസമെങ്കിലും യോഗം ചേരണമെന്നും ബാക്കിയുള്ളവ 90 ദിവസമെങ്കിലും സമ്മേളനം നടത്തണമന്നും നിർദേശം നൽകിയിട്ടുണ്ടെന്ന് പിആർഎസ് റിപ്പോർട്ടിൽ പറയുന്നു. ഇതനുസരിച്ച് മണിപ്പൂർ, ഒഡീഷ, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ സഭ സമ്മേളനം നടന്നത് കുറവാണെന്നാണ് കണക്കുകൾ പറയുന്നത്.

കർണാടക, കേരളം, മേഘാലയ, ഒഡീഷ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ നിയമസഭകളിൽ അവതരിപ്പിച്ച പകുതിയിലധികം ബില്ലുകൾ പാസാക്കാൻ അഞ്ച് ദിവസത്തിലധികം എടുത്തുവെന്നാണ് റിപ്പോർട്ടുകൾ. ഏറ്റവും കൂടുതൽ സിറ്റിങ്ങുകൾ നടന്നിട്ടും കേരളം 2021ൽ 144 ഓർഡിനൻസുകൾ മാത്രമാണ് പുറപ്പെടുവിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. സഭ സമ്മേളിക്കാത്ത സമയത്ത് നിയമങ്ങൾ കൊണ്ടുവരാൻ സർക്കാരുകൾ ഉപയോഗിക്കുന്ന രീതിയാണ് ഓർഡിനൻസുകൾ.

Story highlights: In 2021, Kerala will be the first to meet the most number of times; Tripura and Delhi are behind

Next Story