Top

'100 ബിജെപി എംഎല്‍എമാരുമായി വന്നാല്‍ മുഖ്യമന്ത്രിയാക്കാം'; ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യയോട് അഖിലേഷ്

എസ്പിയുടെ എംഎല്‍എമാര്‍ തങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അവരെ സൂക്ഷിച്ചോയെന്നുമായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് ഭൂപേന്ദ്ര സിങ് ചൗധരി നല്‍കിയ മറുപടി

7 Sep 2022 11:42 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

100 ബിജെപി എംഎല്‍എമാരുമായി വന്നാല്‍ മുഖ്യമന്ത്രിയാക്കാം; ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യയോട് അഖിലേഷ്
X

ലക്‌നൗ: ബിജെപി ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യയെ മുഖ്യമന്ത്രിയാക്കാമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. 100 ബിജെപി എംഎല്‍എമാരുമായി വന്നാല്‍ മുഖ്യമന്ത്രിയാക്കാമെന്നാണ് സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവായ മൗര്യയോട് ഒരു ചാനല്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. എന്നാല്‍ മഹാരാഷ്ട്രയില്‍ ശിവസേനാ നേതാവ് ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കി ബിജെപി നടത്തിയ മട്ടില്‍ യു.പിയില്‍ രാഷ്ട്രീയം കളിക്കുമെന്ന അഖിലേഷിന്റെ വാക്കുകള്‍ക്ക് മറുപടിയുമായി ബിജെപി നേതാവ് രംഗത്തെത്തി.

എസ്പിയുടെ എംഎല്‍എമാര്‍ തങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അവരെ സൂക്ഷിച്ചോയെന്നുമായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് ഭൂപേന്ദ്ര സിങ് ചൗധരി നല്‍കിയ മറുപടി. 'ബിജെപി ആശയത്തിനായി സ്വയം സമര്‍പ്പിച്ച കേശവ്ജി നമ്മുടെ സംഘടനയുടെ അംഗീകൃത പ്രവര്‍ത്തകനാണ്, അദ്ദേഹം എല്ലായിപ്പോഴും നമ്മുടെ കൂടെയായിരിക്കും. സ്വാര്‍ത്ഥതയില്‍ വീണുപോകുന്ന നേതാവല്ല അദ്ദേഹം' ചൗധരി ട്വിറ്ററില്‍ കുറിച്ചു. 'അഖിലേഷ് യാദവ് അദ്ദേഹത്തിന്റെ സഖ്യകക്ഷികള്‍, കുടുംബം, പാര്‍ട്ടി, എം.എല്‍.എമാര്‍ എന്നിവരെ ശ്രദ്ധിക്കട്ടെ. എം.എല്‍.എമാര്‍ ഞങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്' മറ്റൊരു ട്വീറ്റില്‍ അദ്ദേഹം കുറിച്ചു.

'ജീവിച്ചിരിക്കുന്ന സമൂഹം അഞ്ചു വര്‍ഷത്തേക്ക് കാത്തിരിക്കില്ല' എന്ന കുറിപ്പോടെ മൗര്യക്കുള്ള അവിലേഷ് യാദവിന്റെ ക്ഷണത്തിന്റെ വീഡിയോ എസ്പി എംഎല്‍എയായ രാജ്പാല്‍ കപ് ട്വീറ്റ് ചെയ്തിരുന്നു. ബിജെപി ബാണ്ഡവം ഒഴിവാക്കി ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമൊപ്പം മഹാഗഢ്ബന്ധന്‍ രൂപവത്കരിച്ച ബിഹാറിലെ ജെഡിയു മാതൃക യുപിയിലും കൊണ്ടുവരാന്‍ വിഡിയോയില്‍ അഖിലേഷ് നിര്‍ദേശിച്ചിരുന്നു.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്.പി 111 സീറ്റും സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദള്‍ (ആര്‍.എല്‍.ഡി) എട്ട് സീറ്റും നേടിയിരുന്നു. മറ്റു സഖ്യകക്ഷികളായ സുഹേല്‍ദേവ് ഭാരതീയ സമാജ് ആറും പ്രഗാതിഷില്‍ സമാജ്വാദി പാര്‍ട്ടി ലോഹിയ ഒന്നും സിറ്റാണ് നേടി ശേഷം എസ്.പിയുമായി വേര്‍പിരിഞ്ഞിരുന്നു. ബിജെപിയുടെ 254 സീറ്റുകളടക്കം എന്‍.ഡി.എക്ക് 272 സീറ്റാണുള്ളത്. 403 അംഗങ്ങളാണ് സഭയില്‍ ആകെയുള്ളത്.

Story highlights: 'If you come with 100 BJP MLAs, you will be the Chief Minister'; Akhilesh to Deputy Chief Minister Keshav Prasad Maurya

Next Story