Top

മുര്‍ഷിദാബാദില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്; തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് എത്തിയത് നൂറ് കണക്കിന് പേര്‍

19 Sep 2022 10:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുര്‍ഷിദാബാദില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്; തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് എത്തിയത് നൂറ് കണക്കിന് പേര്‍
X

കൊല്‍ക്കത്ത: രാജ്യത്ത് കഴിഞ്ഞ കുറച്ചു തെരഞ്ഞെടുപ്പുകളിലായി കോണ്‍ഗ്രസിന്റെ പ്രകടനം വളരെ മോശമാണ്. ബംഗാളിലാവട്ടെ പാര്‍ട്ടി ഇല്ലാതായെന്ന് തന്നെ പറയുന്ന അവസ്ഥയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബംഗാളില്‍ നിന്ന് കോണ്‍ഗ്രസിന് സന്തോഷകരമായ വാര്‍ത്തകളാണ് കഴിഞ്ഞ ഒരാഴ്ചയായി വരുന്നത്.

കോണ്‍ഗ്രസിന്റെയും അധീര്‍ രഞ്ജന്‍ ചൗധരി എംപിയുടേയും കോട്ടയായിരുന്ന മുര്‍ഷിദാബാദില്‍ കോണ്‍ഗ്രസിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പ്രവര്‍ത്തകര്‍ ഒഴുകുന്നു എന്ന വാര്‍ത്തയാണ് ബംഗാളില്‍ നിന്നുള്ള പുതിയ വാര്‍ത്ത. മുര്‍ഷിദാബാദിലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന നൂറ് കണക്കിന് പേരാണ് ഞായറാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ഫറാക്ക ബ്ലോക്കിലെ ബെനിയ ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള തൃണമൂല്‍ പ്രവര്‍ത്തകരാണ് കോണ്‍ഗ്രസിലെത്തിയത്. ജില്ലാ കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ അധീര്‍ രഞ്ജന്‍ ചൗധരി പാര്‍ട്ടി പതാക നല്‍കി പുതുതായെത്തിയവരെ സ്വീകരിച്ചു. സവ്ജനപക്ഷപാതിത്വമാണ് തൃണമൂല്‍ കോണ്‍ഗ്രസിലെന്നാണ് പുതുതായെത്തിയവര്‍ ആരോപിക്കുന്നത്.

മുര്‍ഷിദാബാദിന്റെ ഓരോ മുക്കിലും മൂലയിലും തൃണമൂല്‍ കോണ്‍ഗ്രസ് തകരുകയാണ്. കഴിഞ്ഞ ദിവസം ഭാഗ്ബംഗോളയില്‍ 1000 തൃണമൂല്‍ പ്രവര്‍ത്തകരാണ് കോണ്‍ഗ്രസിലെത്തിയത്. ശക്തിപൂരില്‍ 300 തൃണമൂല്‍ പ്രവര്‍ത്തകരെത്തി. ജില്ലയില്‍ ഇതൊരു തരംഗമായിരിക്കുകയാണ്. പുതുതായെത്തിവരെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നുവെന്ന് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിന് നഷ്ടമായ ഗ്രൗണ്ട് വളരെ പെട്ടെന്ന് തിരികെ പിടിക്കും. ഇതൊക്കെയാണ് അതിന്റെ അടയാളങ്ങള്‍. മുര്‍ഷിദാബാദിനെ തിരികെ പിടിക്കാന്‍ തങ്ങള്‍ പ്രതിജ്ഞയെടുത്തു കഴിഞ്ഞു. ഒരിക്കല്‍ കോണ്‍ഗ്രസായിരുന്നവര്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിവരിക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അധീര്‍ രഞ്ജന്‍ ചൗധരി മുര്‍ഷിദാബാദിലെ 'കീരിടം വെക്കാത്ത രാജാവ്' എന്ന നിലയില്‍ എന്നറിയപ്പെട്ടിരുന്ന നേതാവാണ്. സംസ്ഥാനത്ത് സിപിഐഎമ്മിന്റെ ഏറ്റവും പ്രതാപകാലത്ത് പോലും അധീര്‍ രഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ചോദ്യം ചെയ്യപ്പെടാനാവാത്ത ശക്തിയായിരുന്നു മുര്‍ഷിദാബാദില്‍.

Story Highlights: hundred workers left the ruling Trinamool Congress (TMC) and joined the Congress in Murshidabad

Next Story