Top

'ഇടക്കാല അധ്യക്ഷയാണ്, മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്നു'; പാര്‍ട്ടിയില്‍ അച്ചടക്കം പ്രധാനമെന്ന് സോണിയ ഗാന്ധി

16 Oct 2021 7:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇടക്കാല അധ്യക്ഷയാണ്, മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്നു; പാര്‍ട്ടിയില്‍ അച്ചടക്കം പ്രധാനമെന്ന് സോണിയ ഗാന്ധി
X

കോണ്‍ഗ്രസിന്റെ മുന്നേറ്റത്തിന് സംഘടനയ്ക്കുള്ളില്‍ അച്ചടക്കം പ്രധാനമെന്ന് സോണിയ ഗാന്ധി. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തിലാണ് സോണിയ വിമത ശബ്ദം ഉയര്‍ക്കുന്ന നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. കോണ്‍ഗ്രസില്‍ നിലനിലിക്കുന്ന ഭിന്നത മാറണമെന്നും ഐക്യത്തോടെ നില്‌ക്കേണ്ടത് അനിവാര്യമെന്നും സോണിയ യോഗത്തെ ഓര്‍മ്മിപ്പിച്ചു.

താന്‍ കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷയാണ്, എന്നാല്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് അടിവരയിട്ട് വ്യക്തമാക്കിയ സോണിയ ആദ്യം കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പും അതിന് ശേഷം പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പും നടത്തുമെന്നും സൂചിപ്പിച്ചു. ഇതനുസരിച്ച് വരുന്ന വര്‍ഷം സെപ്തംബറില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ ധാരണ ആയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തിന് പുനരുജ്ജീവനം ആവശ്യമാണ്. പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങള്‍ പരമപ്രധാനമായി കാണുകയും ഐക്യം ഊട്ടിഉറപ്പിക്കുകയും ചെയ്യുന്നത് ഇക്കാര്യത്തിന് ആവശ്യമാണ്. എല്ലാത്തിനും അപ്പുറം സ്വയം നിയന്ത്രണവും അച്ചടക്കവും എല്ലാവരും പാലിക്കേണ്ടതുണ്ടെന്നും സോണിയ വിശദീകരിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പല വെല്ലുവിളികളും നേരിടേണ്ടതായിട്ടുണ്ട്. അതുകൊണ്ട് തന്നെ പാര്‍ട്ടി ഐക്യത്തോടേയും അച്ചടക്കത്തോടേയും നീങ്ങിയാല്‍ മാത്രമാണ് പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങളില്‍ കേന്ദ്രീകരിക്കാന്‍ കഴിയുകയുള്ളൂവെന്നും സോണിയ അഭിപ്രായപ്പെട്ടു. ഐക്യത്തോടെ നീങ്ങിയാല്‍ നല്ല രീതിയില്‍ തെരഞ്ഞെടുപ്പുകളെ നേരിടാന്‍ കഴിയുമെന്ന് സോണിയ വിശ്വാസം പ്രകടിപ്പിച്ചു.

കോണ്‍ഗ്രസില്‍ കപില്‍ സിബല്‍, ഗുലാം നബി ആസാദ് തുടങ്ങി മുതിര്‍ന്ന നേതാക്കളുള്‍പ്പെട്ട സംഘം വിമത ശബ്ദം ഉയര്‍ത്തുന്നതിനിടെയാണ് സോണിയയുടെ ശക്തമായ നിലപാട് പുറത്തുവരുന്നത്. കോണ്‍ഗ്രസിന് മുഴുവന്‍ സമയ അധ്യക്ഷനെ വേണമെന്ന ആവശ്യം ജി 23 നേതാക്കള്‍ ഉയര്‍ത്തിക്കാണിക്കുന്ന പ്രധാന വിമര്‍ശനമാണ്. കൂടാതെ പഞ്ചാബ്, ചത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിലെ ഭിന്നത കടുത്ത തലവേദനായി മാറുകയും പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കുന്നതും മുന്നില്‍ കണ്ടുകൊണ്ടാണ് സോണിയ കോണ്‍ഗ്രസ് വര്‍ക്കിംങ് കമ്മിറ്റിയില്‍ പ്രസ്താവന നടത്തിയതെന്നാണ് സൂചന.

അതേസമയം, എയര്‍ ഇന്ത്യ വില്‍പന ഉള്‍പെടെ മോദി സര്‍ക്കാരിന്റെ സ്വകാര്യവത്ക്കരണ നടപടികളെ ശക്തമായി സോണിയ വിമര്‍ശിച്ചു. ദശകങ്ങളായി വലിയ പരിശ്രമങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചെടുത്ത പൊതു സ്ഥാപനങ്ങള്‍ വിറ്റു തുലച്ച്‌കൊണ്ടാണ് മോദി സര്‍ക്കാര്‍ സാമ്പത്തിക രംഗം തിരിച്ചുപിടിക്കുന്നതെന്ന് സോണിയ വിമര്‍ശിച്ചു.

Next Story