രാജ്യദ്രോഹ കുറ്റം മരവിച്ചു; ചരിത്ര വിധിയുമായി സുപ്രീം കോടതി
കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുത്. കേസുകളില്‍ പ്രതികളായവര്‍ക്ക് ജാമ്യത്തിനായി കോടതികളെ സമീപിക്കാമെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.
11 May 2022 6:32 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ രാജ്യ ദ്രോഹക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് താല്‍ക്കാലികമായി മരവിപ്പിച്ച് സുപ്രീം കോടതി. സെക്ഷന്‍ 124 എ പ്രകാരം ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ സംബന്ധിച്ച് തീര്‍പ്പുകല്‍പ്പിക്കാത്ത എല്ലാ കേസുകളും അപ്പീലുകളും നടപടികളും നിര്‍ത്തിവയ്ക്കണം എന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.
എന്തെങ്കിലും പുതിയ കേസ് രജിസ്റ്റര്‍ ചെയ്താല്‍, ഉചിതമായ ആശ്വാസത്തിനായി കോടതികളെ സമീപിക്കാന്‍ ഉചിതമായ കക്ഷികള്‍ക്ക് സ്വാതന്ത്ര്യമുണ്ട്, ഈ കോടതി പുറപ്പെടുവിച്ച ഉത്തരവ് കണക്കിലെടുത്ത് ആവശ്യപ്പെട്ട നടുപടികള്‍ പരിശോധിക്കാന്‍ കോടതികളോട് അഭ്യര്‍ത്ഥിക്കുന്നതായും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഇന്ത്യയുടെ ചരിത്രത്തില്‍ സുപ്രധാനമായി കണക്കാക്കാവുന്ന വിധി.
കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുത്. വിഷയത്തില്‍ പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍നിന്ന് സംസ്ഥാനങ്ങളെയും പൊലീസിനെയും വിലക്കണം. കേസുകളില്‍ പ്രതികളായവര്‍ക്ക് ജാമ്യത്തിനായി കോടതികളെ സമീപിക്കാമെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.
'124 എ ഐപിസി പ്രകാരം നിര്‍ബന്ധിത നടപടികള്‍ കൈക്കൊള്ളുന്നതില്‍ നിന്നും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വിട്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വകുപ്പ് പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്നും അന്വേഷണം തുടരുന്നതില്‍ നിന്നും വിട്ടുനില്‍ക്കണം. വകുപ്പുമായി ബന്ധപ്പെട്ട പുനഃപരിശോധന കഴിയുന്നതുവരെ നിയമത്തിലെ ഈ വ്യവസ്ഥ ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം' എന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കുന്നു.
രാജ്യദ്രോഹ നിയമം പുനഃപരിശോധിക്കാന്‍ തയാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ വകുപ്പിന്റെ ഭരണഘടനാസാധുത കോടതി പരിശോധിക്കുന്നത് ഒഴിവാക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചിരുന്നു. എത്രകാലത്തിനുള്ളില്‍ പുനഃപരിശോധന പൂര്‍ത്തിയാകുമെന്ന് കോടതിയുടെ ചോദ്യത്തിന് കേന്ദ്രം കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ അധികാരം നല്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124എ വകുപ്പ് മരവിപ്പിച്ച് കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കിയത്.
Story Highlight: Historic Order The Supreme Court Stays All Pending Proceeding Of SEDITION Cases