Top

'നിങ്ങള്‍ പൊരുതിക്കോളു, ഞങ്ങള്‍ ഒപ്പമുണ്ട്'; റഷ്യയെ പിന്തുണച്ച് വീണ്ടും ഹിന്ദുസേന മാര്‍ച്ച്

ഫാസിസ്റ്റ് രാജ്യമായ യുക്രൈന്‍ പലപ്പോഴും പാക്കിസ്താനെ പിന്തുണക്കുകയും നമ്മുടെ ന്യൂക്ലിയര്‍ പദ്ധതിക്കെതിരെ വോട്ട് ചെയ്തിട്ടുണ്ടെന്നും ഹിന്ദുസേന അഭിപ്രായപ്പെട്ടു.

7 March 2022 7:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിങ്ങള്‍ പൊരുതിക്കോളു, ഞങ്ങള്‍ ഒപ്പമുണ്ട്; റഷ്യയെ പിന്തുണച്ച് വീണ്ടും ഹിന്ദുസേന മാര്‍ച്ച്
X

യുക്രൈന് മേലുള്ള റഷ്യന്‍ അധിനിവേശത്തെ പിന്തുണച്ച് ഡല്‍ഹിയില്‍ വലതുപക്ഷ സംഘടനയായ ഹിന്ദു സേനയുടെ മാര്‍ച്ച്. മുദ്രാവാക്യവും പ്ലക്കാര്‍ഡുകളുമായി ഞായറാഴ്ച്ച വൈകുന്നേരമാണ് സെന്‍ട്രല്‍ ഡല്‍ഹിയില്‍ വീണ്ടും ഹിന്ദു സേന മാര്‍ച്ച് സംഘടിപ്പിച്ചത്. 'റഷ്യ... നിങ്ങള്‍ പൊരുതിക്കോളു, ഞങ്ങള്‍ ഒപ്പമുണ്ട്', 'ഭാരത് മാതാ കി ജയ്' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് മാര്‍ച്ച്.

ഐക്യരാഷ്ട്രസഭയിലെ വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടുനില്‍ക്കുന്നതിന് പകരം റഷ്യക്ക് വോട്ട് ചെയ്ത് പിന്തുണക്കേണ്ടിയിരുന്നുവെന്നാണ് ഹിന്ദു സേന ദേശീയ പ്രസിഡണ്ട് വിഷ്ണു ഗുപ്തയുടെ പ്രതികരണം. ഫാസിസ്റ്റ് രാജ്യമായ യുക്രൈന്‍ പലപ്പോഴും പാക്കിസ്താനെ പിന്തുണക്കുകയും നമ്മുടെ ന്യൂക്ലിയര്‍ പദ്ധതിക്കെതിരെ വോട്ട് ചെയ്തിട്ടുണ്ടെന്നും ഹിന്ദുസേന അഭിപ്രായപ്പെട്ടു.

യുദ്ധം നല്ലതല്ല, എന്നാല്‍ രണ്ടില്‍ ഒന്ന് തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ റഷ്യയെ പിന്തുണക്കണമെന്നും ഇന്ത്യയുമായി മികച്ച ബന്ധമാണ് രാജ്യം നിലനിര്‍ത്തി പോരുന്നതെന്നും ഹിന്ദു സേന കൂട്ടിചേര്‍ത്തു

നേരത്തേയും ഹിന്ദു സേന റഷ്യയെ പിന്തുണച്ച് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. അന്ന് സംഘടനയ്ക്ക് ഒരു അബദ്ധവും പറ്റി. സോവിയറ്റ് യൂണിയന്‍ സ്ഥാപകനായ ലെനിന്റേതെന്ന് കരുതി റഷ്യന്‍ കവി അലക്‌സാണ്ടര്‍ പുഷ്‌കിന്റെ പ്രതിമയിലാണ് ഹിന്ദു സേനാ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പതിപ്പിച്ചത്.

ഇന്ത്യയും സോവിയറ്റ് യൂണിയനും തമ്മില്‍ ശക്തമായ നയതന്ത്രബന്ധം നിലനിന്നിരുന്ന 1980കളുടെ അവസാനത്തില്‍ ഡല്‍ഹിയുടെ ഹൃദയഭാഗത്ത് ലെനിന്‍, റഷ്യന്‍ എഴുത്തുകാരായ അലക്‌സാണ്ടര്‍ പുഷ്‌കിന്‍, ടോള്‍സ്റ്റോയ് എന്നിവരുടെ പ്രതിമകള്‍ സ്ഥാപിച്ചിരുന്നു. ലെനിന്റേത് നെഹ്‌റു പാര്‍ക്കിലും ടോള്‍സ്‌റ്റോയിയുടേത് ജന്‍പഥിലും പുഷ്‌കിന്റേത് റഷ്യന്‍ കള്‍ച്ചറല്‍ സെന്ററിന് സമീപത്തുള്ള ഫിറോസ്ഷാ റോഡിനുമടുത്താണ്. വിദ്വേഷം കലര്‍ന്ന പരാമര്‍ശങ്ങളും അക്രമപ്രവര്‍ത്തനങ്ങളുമായി പലപ്പോഴും വാര്‍ത്തയില്‍ ഇടംപിടിച്ചിട്ടുള്ള സംഘടനയാണ് ഹിന്ദു സേന. മുസ്ലീം പേരുകളാണെന്ന് ആരോപിച്ച് ഹിന്ദു സേനാ പ്രവര്‍ത്തകര്‍ റോഡുകളുടെ ബോര്‍ഡുകളും സ്ഥാപനങ്ങളും തകര്‍ക്കുന്നത് പതിവാണ്.

Next Story