Top

പെരിയാറിന്റെ പേരില്‍ ഹോട്ടല്‍; അമ്മയ്ക്കും മകനും മര്‍ദ്ദനം, ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

14 Sep 2022 12:21 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെരിയാറിന്റെ പേരില്‍ ഹോട്ടല്‍; അമ്മയ്ക്കും മകനും മര്‍ദ്ദനം, ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
X

മേട്ടുപ്പാളയം: നവോത്ഥാന നേതാവ് പെരിയാറിന്റെ പേരില്‍ ഹോട്ടല്‍ തുടങ്ങിയതിന് ഹോട്ടല്‍ ഉടമകളായ അമ്മയ്ക്കും മകനും മര്‍ദ്ദനം. കാരമട കണ്ണാര്‍പാളയം നാല് റോഡില്‍ ബുധനാഴ്ച തുറക്കാനിരുന്ന 'തന്തൈ പെരിയാര്‍ ഉണവകം' ഹോട്ടല്‍ ഉടമകളായ നാഗറാണി(38) മകന്‍ അരുണ്‍(20) എന്നിവരെയാണ് ഹിന്ദുമുന്നണി പ്രവര്‍ത്തകരായ അക്രമികള്‍ മര്‍ദ്ദിച്ചത്.

ഗുരുതരമായി പരുക്കേറ്റ നാഗറാണിയ്ക്ക് തലയില്‍ 38 തുന്നിക്കെട്ടലുണ്ട്. അരുണിന് കൈയ്ക്കും തലയ്ക്കും പരിക്കേറ്റു. ഇരുവരും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ അഞ്ച് ഹിന്ദുമുന്നണി പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. ഇനിയും രണ്ട് പേര് കൂടി പിടികൂടാനുണ്ടെന്നും പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് ഹോട്ടല്‍ ബോര്‍ഡ് കണ്ട് അക്രമികള്‍ സ്ഥലത്തെത്തി ചോദ്യം ചെയ്തത്. പിന്നീട് ഹോട്ടലിനകത്തെ സാധനങ്ങളും തല്ലിപ്പൊളിച്ചു. അരുണിന് രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമൊന്നുമില്ല.

ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയാല്‍ വീണ്ടും അതേ പേരില്‍ ഹോട്ടല്‍ ആരംഭിക്കുമെന്ന് അരുണ്‍ പറഞ്ഞു. സാമൂഹ്യപരിഷ്‌കര്‍ത്താവ് എന്ന നിലയിലാണ് ഹോട്ടലിന് പെരിയാറിന്റെ പേര് വച്ചതെന്നും അരുണ്‍ പറഞ്ഞു. സംഭവത്തില്‍ ഇടതുപക്ഷ അനുകൂല സംഘടനകള്‍ നടത്താനിരുന്ന സമരം പൊലീസ് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് താല്‍ക്കാലികമായി മാറ്റിവെച്ചതായി സമരക്കാര്‍ അറിയിച്ചു.

Story Highlights: Hindu Munnani cadres allegedly vandalised a restaurant that is named after "Thanthai Periyar''

Next Story