Top

രാഹുൽ ​ഗാന്ധിക്കെതിരെ പ്രതിഷേധം; തമിഴ്നാട്ടിൽ ഹിന്ദു മക്കൾ കക്ഷി സംസ്ഥാന പ്രസിഡന്റ് അറസ്റ്റിൽ

7 Sep 2022 4:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാഹുൽ ​ഗാന്ധിക്കെതിരെ പ്രതിഷേധം; തമിഴ്നാട്ടിൽ ഹിന്ദു മക്കൾ കക്ഷി സംസ്ഥാന പ്രസിഡന്റ് അറസ്റ്റിൽ
X

ചെന്നൈ: ഭാരത് ജോഡോ യാത്രയ്ക്ക് എത്തിയ രാഹുൽ ​ഗാന്ധിക്കെതിരെ പ്രതിഷേധിച്ച ഹിന്ദു മക്കൾ കക്ഷി സംസ്ഥാന പ്രസിഡന്റ് അർജുൻ സമ്പത്ത് അറസ്റ്റിൽ. ദിണ്ഡിഗലിലെ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് അർജുൻ സമ്പത്തിനെ അറസ്റ്റ് ചെയ്ത് നീക്കിയത്. ഇയാളെ കരുതൽ തടങ്കലിലാക്കിയിരിക്കുകയാണ്.

നേരത്തെ ​ഗോ ബാക്ക് രാഹുൽ എന്ന ക്യാമ്പയിൻ നടത്തുമെന്ന് അർജുൻ സമ്പത്ത് പ്രഖ്യാപിച്ചിരുന്നു. നരേന്ദ്ര മോദി തമിഴ്നാട് സന്ദർശിക്കുമ്പോൾ ​ഗോ ബാക്ക് മോദി എന്ന മുദ്രാവാക്യമുയർത്തുന്നത് ട്രെൻഡാകാറുണ്ട്. അതിന് മറുപടിയായാണ് ​ഗോ ബാക്ക് രാഹുൽ ക്യാമ്പയിനെന്നും അർജുൻ സമ്പത്ത് പറഞ്ഞിരുന്നു.

രാഹുൽ ഗാന്ധിക്കെതിരെ കരിങ്കൊടി കാണിക്കാൻ കോയമ്പത്തൂരിൽ നിന്ന് നാഗർകോവിൽ എക്‌സ്പ്രസ് ട്രെയിനിൽ കന്യാകുമാരിയിലേക്ക് പോകാനായിരുന്നു അർജുൻ സമ്പത്തിന്റെ പദ്ധതി. ദിണ്ഡിഗല്‍ ന​ഗർ നോർത്ത് പൊലീസ് ഡി എസ് പി ​ഗോകുല കൃഷ്ണനാണ് അർജുനെ അറസ്റ്റ് ചെയ്തത്.

കന്യാകുമാരിയിൽ ഭാരത് ജോഡോ യാത്രയുടെ ഒരുക്കങ്ങൾ പുരോ​ഗമിക്കുകയാണ്. 'ഒരുമിക്കുന്ന ചുവടുകള്‍; ഒന്നാകുന്ന രാജ്യം' എന്ന മുദ്രാവക്യം ഉയര്‍ത്തി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എം പിയുടെ നേതൃത്വത്തിലാണ് 'ഭാരത് ജോഡോ' യാത്ര ആരംഭിക്കുക. യാത്രയ്ക്ക് മുമ്പ് ശ്രീപെരുമ്പത്തൂരിലെ രാജീവ് ​ഗാന്ധിയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാഞ്ജലി അർപ്പിച്ചു. ശേഷം കന്യാകുമാരിയിലെ ​ഗാന്ധി കൽ മണ്ഡപത്തിൽ നിന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രാഹുൽ ​ഗാന്ധിക്ക് ദേശീയ പതാക കൈമാറും.

ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് റാലിയോടെ ഭാരത് ജോഡോ യാത്രക്ക് തുടക്കമാകും. 150 ദിവസം കൊണ്ട് 3500 കിലോമീറ്റർ താണ്ടുന്ന കാൽനട യാത്ര വ്യാഴാഴ്ച രാവിലെയാണ് ആരംഭിക്കുക. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ രാഷ്ട്രീയ യാത്ര എന്നാണ് കോൺ​ഗ്രസ് ഭാരത് ജോഡോ യാത്രയെ വിശേഷിപ്പിക്കുന്നത്.

ഭാരത് ജോഡോ യാത്രയില്‍ കേരളത്തില്‍ നിന്ന് 8 അംഗങ്ങളാണുള്ളത്. ചാണ്ടി ഉമ്മന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥന സെക്രട്ടറി ജി മഞ്ജുകുട്ടന്‍, കെഎസ് യു ജനറല്‍ സെക്രട്ടറി നബീല്‍ നൗഷാദ്, മഹിള കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഫാത്തിമ, ഷീബ രാമചന്ദ്രന്‍, കെ ടി ബെന്നി, സേവാദള്‍ മുന്‍ അധ്യക്ഷന്‍ എം എ സലാം, ഗീത രാമകൃഷ്ണന്‍ എന്നിവരാണ് പദയാത്രയില്‍ കേരളത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ അനുഗമിക്കുന്ന സ്ഥിരം അംഗങ്ങള്‍.

11-ന് കേരളത്തില്‍ പ്രവേശിക്കുന്ന യാത്ര 19 ദിവസം കൊണ്ട് പാറശാല മുതല്‍ നിലമ്പൂര്‍ വരെ 453 കിലോമീറ്റര്‍ ദൂരം പിന്നിടും. പ്രതിദിനം 22 കിലോമീറ്റര്‍ ദൂരം. കനയ്യ കുമാര്‍, പവന്‍ ഖേര, മുന്‍ പഞ്ചാബ് മന്ത്രി വിജയ് ഇന്ദര്‍ സിംഗ്ല, മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കേശവ് ചന്ദ്ര യാദവ്, ഉത്തരാഖണ്ഡ് കോണ്‍ഗ്രസിന്റെ കമ്മ്യൂണിക്കേഷന്‍ വിഭാഗം സെക്രട്ടറി വൈഭവ് വാലിയ എന്നിവര്‍ ഉള്‍പ്പടെ നിരവധി യുവ നേതാക്കള്‍ യാത്രയില്‍ പങ്കെടുക്കും.

STORY HIGHLIGHTS: hindu makkal katchi party state president arrested for protest against rahul gandhi

Next Story