Top

തമിഴ്‌നാട്ടില്‍ കനത്ത മഴ; മൂന്ന് മരണം, സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും അവധി

ചെന്നൈ, കാഞ്ചീപുരം, തിരുവളളൂര്‍, ചെങ്കല്‍പേട്ട് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

31 Dec 2021 6:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തമിഴ്‌നാട്ടില്‍ കനത്ത മഴ; മൂന്ന് മരണം, സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും അവധി
X

തമിഴ്‌നാട്ടില്‍ കനത്ത മഴയില്‍ വന്‍ നാശനഷ്ടം. ചെന്നൈയിലും സമീപ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴക്കെടുതിയില്‍ വൈദ്യുതാഘാതമേറ്റ് മൂന്ന് പേര്‍ മരിച്ചാതായി റവന്യു, ദുരന്ത നിവാരണ വകുപ്പ് മന്ത്രി കെ.കെ.എസ്.എസ്.ആര്‍ രാമചന്ദ്രന്‍ പറഞ്ഞു. കാഞ്ചീപുരം, ചെങ്കല്‍പേട്ട, ചെന്നൈ എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്.

നാലു ജില്ലകളിലെ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, കാഞ്ചീപുരം, തിരുവളളൂര്‍, ചെങ്കല്‍പേട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ 24 മണിക്കൂറിനുളളില്‍ 20 സെമീ. കൂടുതല്‍ മഴ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

അതിശക്തമായ മഴയില്‍ മിക്ക ജില്ലകളിലും വെളളക്കെട്ട് രൂപപ്പെട്ടു. വെളളക്കെട്ടിനെ തുടര്‍ന്ന് ചെന്നൈയില്‍ ഗതാഗതകുരുക്ക് രൂക്ഷമാണ്. മറീന ബീച്ച്, പടിനപാക്കം, എംആര്‍സി നഗര്‍, നന്ദനം, മൈലാപൂര്‍ എന്നീ പ്രദേശങ്ങളിലും മഴ ശക്തമാണ്. തമിഴ്‌നാടിന്റെ വടക്കന്‍ തീരപ്രദേശങ്ങളിലും ആന്ധ്ര പ്രദേശിലെ തെക്കന്‍ തീര പ്രദേശങ്ങളിലും അടുത്ത മൂന്ന് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.





Next Story