Top

'ചിരിച്ചുകൊണ്ടു നടത്തുന്ന പ്രസ്താവകള്‍ ക്രിമിനല്‍ കുറ്റമല്ല'; വിദ്വേഷ പ്രസംഗ കേസില്‍ ഡല്‍ഹി ഹൈക്കോടതി

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കുറിനെതിരായ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നിരീക്ഷണം

26 March 2022 1:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചിരിച്ചുകൊണ്ടു നടത്തുന്ന പ്രസ്താവകള്‍ ക്രിമിനല്‍ കുറ്റമല്ല; വിദ്വേഷ പ്രസംഗ കേസില്‍ ഡല്‍ഹി ഹൈക്കോടതി
X

ന്യൂഡല്‍ഹി: രാഷ്ട്രീയക്കാര്‍ ചിരിച്ചുകൊണ്ട് നടത്തുന്ന പ്രസ്താവനകള്‍ ക്രിമിനല്‍ കുറ്റമായി കാണാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കുറിനെതിരായ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നിരീക്ഷണം. അക്രമോത്സുകമായി നടത്തുന്ന പ്രസ്തവനകളെ മാത്രമേ ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍പ്പെടുത്താന്‍ കഴിയുകയുള്ളൂവെന്നും അനുരാഗ് ഠാക്കൂറിനും പര്‍വേഷ് വര്‍മ്മ എംപിക്കുമെതിരായി ബൃന്ദാ കാരാട്ട് നല്‍കിയ കേസില്‍ കോടതി നിരീക്ഷിച്ചു.

'തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയക്കാര്‍ നടത്തുന്ന പ്രസംഗങ്ങള്‍ തമ്മിലും സാധാരണ അവസരങ്ങളില്‍ നടത്തുന്ന പ്രസംഗങ്ങള്‍ തമ്മിലും വ്യത്യാസമുണ്ട്. ചില സമയങ്ങളില്‍ ഒരു അന്തരീക്ഷമുണ്ടാക്കാന്‍ വേണ്ടി ദുരുദ്യേശങ്ങള്‍ ഇല്ലാതെ നടത്തുന്ന പ്രസ്താവനകളാണ്. സാധാരണ സമയത്ത് നടത്തുന്ന പ്രസംഗം എന്തെങ്കിലും നടത്താനുള്ള പ്രേരണയാണ്. തെരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ പല രാഷ്ട്രീയക്കാര്‍, പല കാര്യങ്ങള്‍ പറയും. ഇങ്ങനെയാണെങ്കില്‍ തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയക്കാര്‍ക്കെതിരെ ആയിര കണക്കിന് എഫ്‌ഐആര്‍ ഇടേണ്ടിവരും', ജസ്റ്റിസ് ചന്ദ്രധരി സിംഗിന്റെ ഏകാംഗ ബെഞ്ച് വിധിച്ചു.

'ഈ ആളുകള്‍ നിങ്ങളുടെ വീടുകളില്‍ കയറി പെണ്‍മക്കളെ ബലാത്സംഗം ചെയ്യും' എന്നായിരുന്നു പര്‍വേഷ് വര്‍മ്മയുടെ വിവാദ പരാമര്‍ശങ്ങളില്‍ ഒന്ന്. ഇതില്‍ 'ഈ ആളുകള്‍' എന്നത് ഒരു പ്രത്യേക സമുദായത്തില്‍പ്പെടുന്നവരാണെന്ന് പരാതിക്കാര്‍ക്ക് എങ്ങനെ മനസ്സിലായി എന്ന് കോടതി ചോദിച്ചു. ഷഹീന്‍ ബാഗ് സമരത്തിനെതിരായ പരാമര്‍ശമാണ് ഇതെന്ന് ബൃന്ദാ കാരാട്ടിന്റെ അഭിഭാഷകന്‍ ഇതിന് മറുപടി നല്‍കി. അങ്ങനെയെങ്കില്‍ ആ പ്രതിഷേധത്തില്‍ ഈ സമുദായത്തില്‍ നിന്നുള്ളവര്‍ മാത്രമാണ് പങ്കെടുത്ത് എന്നാണോ എന്ന് കോടതി ആരാഞ്ഞു. രാജ്യത്തെ എല്ലാ പൗരന്മാരും പിന്തുണച്ച പ്രതിഷേധത്തിനെതിരായ പരാമര്‍ശനം എങ്ങനെയാണ് ഒരു സമുദായത്തിന് എതിരാണെന്ന് പറയാന്‍ പരാതിക്കാര്‍ക്ക് സാധിക്കുക എന്നും ജസ്റ്റിസ് ചന്ദ്രഗിരി സിംഗ് ചോദിച്ചു.

STORY HIGHLIGHTS: Hate speech case: If said with smile, no criminality, says Delhi HC

Next Story