Top

'മകളുടെ കല്ല്യാണമാണ്, ബിജെപി, ആർഎസ്എസ്, ജെജെപി നേതാക്കളെ പരിസരത്ത് കാണരുത്', കർഷക നേതാവിന്റെ വെെറല്‍ ക്ഷണക്കത്ത്

വിശ്വവീര്‍ ജാട്ട് മഹാസഭ ദേശീയ പ്രസിഡന്റും ജയ് ജവാന്‍ ജയ് കിസാന്‍ മസ്ദൂര്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമാണ് രാജേഷ് ധങ്കാർ

25 Nov 2021 11:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മകളുടെ കല്ല്യാണമാണ്, ബിജെപി, ആർഎസ്എസ്, ജെജെപി നേതാക്കളെ പരിസരത്ത് കാണരുത്, കർഷക നേതാവിന്റെ വെെറല്‍ ക്ഷണക്കത്ത്
X

ചണ്ഡിഗഡ്: മകളുടെ വിവാഹ ചടങ്ങില്‍ നിന്ന് സംഘപരിവാര്‍ നേതാക്കളെ ബഹിഷ്‌കരിച്ച് ഹരിയാനയിലെ കര്‍ഷക നേതാവ്. മകളുടെ വിവാഹത്തോട് അനുബന്ധിച്ച ക്ഷണക്കത്തിലാണ് വിശ്വവീര്‍ ജാട്ട് മഹാസഭ ദേശീയ പ്രസിഡന്റും ജയ് ജവാന്‍ ജയ് കിസാന്‍ മസ്ദൂര്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ രാജേഷ് ധങ്കാര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.

'ഡിസംബര്‍ ഒന്നിനാണ് മകളുടെ വിവാഹം. ചടങ്ങില്‍ ബിജെപി, ആര്‍എസ്എസ്, ജെജെപി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കരുത്' എന്നും ക്ഷണക്കത്തില്‍ വ്യക്തമാക്കുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാമന്ത്രിയുടെ പ്രഖ്യാപനത്തിന് മുന്‍പ് തയ്യാറാക്കിയ ക്ഷണക്കത്തില്‍ നിന്ന് പുതിയ പശ്ചാത്തലത്തിലും പിന്മാറില്ലെന്നാണ് രാജേഷ് ധങ്കാര്‍ വ്യക്തമാക്കുന്നത്.

വിവാദ കാര്‍ഷിക നിയമങ്ങളില്‍ ഹരിയാനയിലെ ബിജെപി-ജെജെപി സഖ്യ സര്‍ക്കാരിനെതിരെ സമരം തുടരുന്ന സംയുക്ത കര്‍ഷ മുന്നണി അംഗമാണ് ജയ് ജവാന്‍ ജയ് കിസാന്‍ മസ്ദൂര്‍ കോണ്‍ഗ്രസ്. വാര്‍ത്താ ഏജന്‍സിയായ യുഎന്‍ഐയുടെ റിപ്പോര്‍ട്ട് പ്രകാരം പ്രധാനമന്ത്രിയുടെ ഉറപ്പിന് ശേഷവും ഭരണ വിരുദ്ധ വികാരത്തില്‍ നിന്ന് പിന്നോട്ടുപോകാന്‍ കര്‍ഷകര്‍ തയ്യാറല്ലെന്നതിന്റെ സൂചനയായി ഇത്തരത്തില്‍ നിരവധി ആഹ്വാനങ്ങള്‍ മേഖലയിലെ കര്‍ഷകരില്‍ നിന്നുണ്ടാകുന്നുണ്ട്.

കഴിഞ്ഞ നവംബർ 20 നാണ് നിയമങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനമുണ്ടായെങ്കിലും പാർലമെന്റ് നടപടികള്‍ പൂർത്തിയാകാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് കർഷക സംഘടനകള്‍ അറിയിച്ചിരിക്കുന്നത്.

ഇതിനിടെ വിവാദ കാർഷിക നിയമങ്ങൾ പിന്‍വലിക്കാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം നല്‍കിയി. പ്രധാനമന്ത്രിയുടെ ഓഫീസുമായുള്ള കൂടിയാലോചനയ്ക്കു ശേഷം കേന്ദ്ര കൃഷി മന്ത്രാലയമാണ് ബില്ലിന് അന്തിമരൂപം തയ്യാറാക്കിയത്. ബില്ല് ചർച്ചയ്ക്ക് എടുത്ത മന്ത്രിസഭ പാർലമെന്റില്‍ അവതരിപ്പിക്കാന്‍ അംഗീകാരം നല്‍കുകയായിരുന്നു.

ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍) നിയമം 2020, കർഷകർക്ക് (ശാക്തീകരണവും സംരക്ഷണവും) താങ്ങുവില, കാർഷിക സേവന നിയമം 2020, അവശ്യസാധനങ്ങൾ (ഭേദഗതി) നിയമം 2020 എന്നീ മൂന്ന് വിവാദ നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള റിപ്പെല്‍ ബില്‍ ഇതോടെ പാർലമെന്റിലെത്തും.


Next Story

Popular Stories