Top

ഗുജറാത്തില്‍ താമര വിളവെടുപ്പ്; കോണ്‍ഗ്രസിന്റെ നിശബ്ദ പ്രചാരണം ആരും കേട്ടില്ല

ആം ആദ്മി പാര്‍ട്ടിക്ക് ഈ മേഖലയിലേക്ക് കടന്ന് കയറാന്‍ കഴിഞ്ഞു എന്നത് കോണ്‍ഗ്രസിനുള്ള അപായസൂചന കൂടിയാണ്

8 Dec 2022 7:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗുജറാത്തില്‍ താമര വിളവെടുപ്പ്; കോണ്‍ഗ്രസിന്റെ നിശബ്ദ പ്രചാരണം ആരും കേട്ടില്ല
X

അഹമ്മദാബാദ്: ഏഴാം തവണയും ഭരണംതുടരുന്ന പാര്‍ട്ടിയെന്ന റെക്കോര്‍ഡുമായി ഗുജറാത്തില്‍ ബിജെപി അധികാരത്തിലെത്തുമ്പോള്‍ അടിപതറിയിരിക്കുന്നത് കോണ്‍ഗ്രസിനാണ്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അതിദയനീയ പരാജയമാണ് പതിറ്റാണ്ടുകള്‍ ഭരണം കൈയാളിയിരുന്ന കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്. ആംആദ്മി പാര്‍ട്ടി കറുത്ത കുതിരകളാകുമെന്ന് വിലയിരുത്തലുകളുണ്ടായെങ്കിലും പ്രവചനങ്ങള്‍ക്കൊത്ത് ഉയരാന്‍ അരവിന്ദ് കെജ്രിവാളിനും കഴിഞ്ഞില്ല

2002ല്‍ നേടിയ ചരിത്ര വിജയത്തെ പിന്നിലാക്കി വമ്പന്‍ വിജയമാണ് ബിജെപി സ്വന്തമാക്കിയിരിക്കുന്നത്. ഗുജറാത്തിന്റെ നാലു മേഖലകളിലും അത്രമേല്‍ മികച്ച മുന്നേറ്റമാണ് ബിജെപിക്ക് ലഭിച്ചത്. മധ്യ ഗുജറാത്തില്‍ പൂര്‍ണമായും കാവിക്കൊടി പാറി. ഈ മേഖലയില്‍ കോണ്‍ഗ്രസ് തീര്‍ത്തും അപ്രസക്തമായി. പട്ടേല്‍ പട്ടീദാര്‍ സമുദായത്തിന് ഏറെ സ്വാധീനമുള്ള സൗരാഷ്ട്ര കോണ്‍ഗ്രസിന്റെ ഏറ്റവും സ്വാധീനമുള്ള മേഖലകളിലൊന്നായാണ് വിലയിരുത്തപ്പെട്ടിരുന്നത്. ഗ്രാമീണമേഖലയില്‍ ഉള്ള അടിയുറച്ച വോട്ടുകള്‍ സൗരാഷ്ട്രയില്‍ കോണ്‍ഗ്രസിനെ തുണക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഇവിടെയുണ്ടായ തിരിച്ചടി കോണ്‍ഗ്രസിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.

കര്‍ഷക പ്രശ്നവും അഴിമതിയും ഒക്കെ ഉയര്‍ത്തി കോണ്‍ഗ്രസ് ജനങ്ങള്‍ക്കിടയില്‍ പ്രചരണം നടത്തിയെങ്കിലും ജനങ്ങള്‍ അതൊക്കെ തള്ളിക്കളഞ്ഞു എന്ന് തന്നെയാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. നിശബ്ദ പ്രചരണത്തിലൂടെ ബിജെപിയ നേരിടാനാകുമെന്ന കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം ബിജെപി കരുനീക്കത്തിന് മുന്നില്‍ ഫലം കണ്ടില്ലെന്ന് കൂടി പറയാം.

ആം ആദ്മി പാര്‍ട്ടിക്ക് ഈ മേഖലയിലേക്ക് കടന്ന് കയറാന്‍ കഴിഞ്ഞു എന്നത് കോണ്‍ഗ്രസിനുള്ള അപായസൂചന കൂടിയാണ്. കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റായിരുന്ന ഹര്‍ദിക് പട്ടേലിനെ ബിജെപി സ്വന്തം കൂടാരത്തിലെത്തിച്ചത് ഈ തെരഞ്ഞെടുപ്പിലെ മികച്ച നീക്കങ്ങളിലൊന്നായിരുന്നുവെന്ന് സൗരാഷ്ട്രയിലെ ഫലം സൂചിപ്പിക്കുന്നു. 69 സ്ഥാനാര്‍ത്ഥികളെ പട്ടേല്‍ സമുദായത്തില്‍ നിന്ന് കോണ്‍ഗ്രസ് മത്സരിപ്പിച്ചെങ്കിലും അതൊന്നും യാതൊരു തരത്തിലും കോണ്‍ഗ്രസിന് ഗുണം ചെയ്തില്ല.

ശാന്തമായ നിശബ്ദ പ്രചരണമാണ് തങ്ങളുടെ സ്ട്രാറ്റജി എന്ന അവകാശവാദത്തില്‍ കോണ്‍ഗ്രസിന് പൂര്‍ണമായും അടിതെറ്റി. മോര്‍ബി പാലത്തിന്റെ തകര്‍ച്ചയും ഭരണവിരുദ്ധവികാരവും ആളിക്കത്തിക്കാനുള്ള ശ്രമങ്ങളിലും പ്രതിപക്ഷം പരാജയപ്പെട്ടു. വിലക്കയറ്റം, തൊഴിലില്ലായ്മ, ലഹരിക്കടത്ത് വിഷമദ്യദുരന്തം ഉള്‍പ്പെടെയുള്ളവ തെരഞ്ഞെടുപ്പിലെ ചര്‍ച്ചാവിഷയമായി. എന്നാല്‍ ഇവയൊന്നും കോണ്‍ഗ്രസിന് അനുകൂല വോട്ടാക്കാന്‍ സാധിച്ചില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഇത്ര വലിയ പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ ഇനി നേരിടേണ്ടി വരുന്നത് ചെറിയപ്രതിസന്ധികളാകില്ല.

Story Highlights: Gujarat Assembly Election Backlashes Congress Stratergies

Next Story