Top

ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് പഞ്ചാബിലും; നിയമസഭ പ്രത്യേക സമ്മേളനം റദ്ദാക്കി

അതേസമയം ഗവര്‍ണര്‍ക്ക് പിന്തുണയുമായി പഞ്ചാബ് കോണ്‍ഗ്രസ് രംഗത്തുവന്നു. ഗവര്‍ണറുടെ നടപടി സ്വാഗതാര്‍ഹമെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്

21 Sep 2022 5:33 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് പഞ്ചാബിലും; നിയമസഭ പ്രത്യേക സമ്മേളനം റദ്ദാക്കി
X

ന്യൂഡല്‍ഹി: കേരളത്തിന് പിന്നാലെ പഞ്ചാബിലും ഗവര്‍ണര്‍-സര്‍ക്കാര്‍ പോര്. നാളെ നടക്കാനിരുന്ന നിയമസഭ പ്രത്യേക സമ്മേളനം ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് റദ്ദാക്കി. വിശ്വാസ വോട്ടെടുപ്പിനായി വിളിച്ച സമ്മേളനമാണ് ഗവര്‍ണര്‍ തടഞ്ഞത്. വിശ്വാസ പ്രമേയത്തിനായി മാത്രം നിയമസഭ സമ്മേളനം വിളിക്കാന്‍ ചട്ടമില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.

വിഷയത്തില്‍ ഗവര്‍ണര്‍ ബന്‍വാരിലാലിനെതിരെ എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ രംഗത്തുവന്നു. ബിജെപിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചതെന്നും ജനാധിപത്യം അവസാനിച്ചുവെന്നും അദ്ദേഹം വിമര്‍ശിച്ചു. അതേസമയം ഗവര്‍ണര്‍ക്ക് പിന്തുണയുമായി പഞ്ചാബ് കോണ്‍ഗ്രസ് രംഗത്തുവന്നു. ഗവര്‍ണറുടെ നടപടി സ്വാഗതാര്‍ഹമെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്.

'മന്ത്രിസഭ വിളിച്ച സമ്മേളനം ഗവര്‍ണര്‍ നിരസിക്കുന്നത് എങ്ങനെയാണ്. ഇത് ജനാധിപത്യത്തെ ഇല്ലാതാക്കുന്ന നടപടിയാണ്. രണ്ട് ദിവസം മുമ്പ് ഗവര്‍ണര്‍ സമ്മേളനത്തിന് അനുമതി നല്‍കിയതാണ്. ഓപ്പറേഷന്‍ താമര പരാജയപ്പെട്ടതോടെ മുകളില്‍ നിന്ന് വിളി വന്നു. തുടര്‍ന്നാണ് അനുമതി റദ്ദാക്കിയത്'. കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

പഞ്ചാബ് സര്‍ക്കാരിനെ താഴെയിറക്കാന്‍ തങ്ങളുടെ പത്ത് എംഎല്‍എമാര്‍ക്ക് 25 കോടി രൂപ വീതം ബിജെപി വാഗ്ദാനം ചെയ്തതായി എഎപി ആരോപിച്ചിരുന്നു. ഇതിന് ദിവസങ്ങള്‍ക്ക് ശേഷം നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Story highlights: Governor-Government issue in Punjab

Next Story