Top

'കുറഞ്ഞത് രണ്ട് പേര്‍ക്കെങ്കിലും മന്ത്രിസ്ഥാനം'; ഗോവയില്‍ മന്ത്രിസഭാ വികസനമുണ്ടായേക്കും, മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടു

കൂറുമാറിയെത്തിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കും

15 Sep 2022 8:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുറഞ്ഞത് രണ്ട് പേര്‍ക്കെങ്കിലും മന്ത്രിസ്ഥാനം; ഗോവയില്‍ മന്ത്രിസഭാ വികസനമുണ്ടായേക്കും, മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടു
X

പനാജി: ഗോവയില്‍ മന്ത്രിസഭാ വികസനത്തിന് സാധ്യത. കൂറുമാറിയെത്തിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പ്രമേദ് സാവന്ത് ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ കൂടിക്കാഴ്ച രാഷ്ട്രീയപരമായ കാര്യങ്ങള്‍ക്കായിരുന്നില്ലെന്നാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട ആഘോഷപരിപാടികളെ കുറിച്ച് സംസാരിക്കുന്നതിനാണ് ഗവര്‍ണറെ കണ്ടതെന്നും പ്രമോദ് സാവന്ത് പറഞ്ഞു. എന്നാല്‍ അടുത്ത കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മന്ത്രിസഭാ വികസനമുണ്ടാകുമെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞത്. കോണ്‍ഗ്രസില്‍ നിന്നെത്തിയ എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കണം. കുറഞ്ഞത് രണ്ട് പേരെയെങ്കിലും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഗോവയില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന 11 എംഎല്‍എമാരില്‍ 8 പേരായിരുന്നു കൂറുമാറി ബിജെപിയില്‍ എത്തിയത്. മുന്‍മുഖ്യമന്ത്രി ദിഗംബര്‍ കമ്മത്ത്, മുന്‍ പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോബോ എന്നിവരടക്കമായിരുന്നു ബിജെപി പക്ഷത്തെത്തിയത്. നേരത്തെയും മൈക്കല്‍ ലോബോയുടെയും ദിഗംബര്‍ കമ്മത്തിന്റെയും നേതൃത്വത്തില്‍ എംഎല്‍എമാരെ ബിജെപിയിലെത്തിക്കാന്‍ ശ്രമം നടന്നിരുന്നു. അന്ന് ആ ശ്രമം പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു.

Story Highlights: Goa CM Pramod Sawant likely to reshuffle cabinet

Next Story