Top

'സ്വന്തം രാജ്യത്തെ രക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെങ്കിലും കശ്മീരിനെ നശിപ്പിക്കാൻ അവർ നിരന്തരം ശ്രമിക്കുന്നുണ്ട്'; ഗുലാം നബി ആസാദ്

16 Sep 2022 12:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്വന്തം രാജ്യത്തെ രക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെങ്കിലും കശ്മീരിനെ നശിപ്പിക്കാൻ അവർ നിരന്തരം ശ്രമിക്കുന്നുണ്ട്; ഗുലാം നബി ആസാദ്
X

ശ്രീനഗർ: ജമ്മു കശ്മീരിലെ ജനങ്ങളുടെ കഷ്ടതകൾക്കും നാശത്തിനും പാകിസ്ഥാനെ കുറ്റപ്പെടുത്തി മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. അയൽ രാജ്യം അവരുടെ സ്വന്തം രാജ്യത്തെ രക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെങ്കിലും ജമ്മു കശ്മീരിലെ ജനങ്ങളെ പ്രശ്നങ്ങളിലേക്ക് നയിക്കാൻ നിരന്തരം ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ കശ്മീരിലെ അനന്ത്നാഗിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കോൺഗ്രസുമായുള്ള അഞ്ച് പതിറ്റാണ്ട് നീണ്ട ബന്ധം അവസാനിപ്പിച്ചതിന് ശേഷം ജമ്മു കശ്മീരിലുടനീളം പൊതു റാലികൾ നടത്തി വരികയാണ് ഗുലാം നബി ആസാദ്. പ്രാദേശിക തീവ്രവാദികളോട് അക്രമത്തിന്റെ പാത ഒഴിവാക്കണമെന്ന് സമ്മേളനത്തിൽ അദ്ദേഹം അഭ്യർത്ഥിച്ചു. തീവ്രവാദത്തിന്റെ പാതയിൽ നടന്ന രാജ്യങ്ങളെല്ലാം അതിന്റെ തന്നെ ഇരകളാകുകയും മുഴുവൻ തലമുറകളെയും മരണത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും പാതയിലേക്ക് എത്തിച്ചെന്നും ആസാദ് പറഞ്ഞു.

തോക്ക് ഉപേക്ഷിച്ച് തങ്ങൾക്കും കുടുംബത്തിനും രാജ്യത്തിനും വേണ്ടി സമാധാനപരമായ ജീവിതം നയിക്കാൻ അദ്ദേഹം തീവ്രവാദികളോട് ആവശ്യപ്പെട്ടു. തോക്ക് സംസ്കാരം വിനാശകരമാണെന്ന് തെളിഞ്ഞുവെന്നും എല്ലാവർക്കും വേദനയും നിരാശയും മാത്രമാണ് നൽകിയതെന്നും ആസാദ് പറഞ്ഞു.

2019 ഓഗസ്റ്റിൽ കേന്ദ്രം റദ്ദാക്കിയ ആർട്ടിക്കിൾ 370 പ്രകാരമുള്ള ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ അധികാരമുള്ളൂവെന്നും ഗുലാം നബി ആസാദ് പറഞ്ഞു. 'ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് എനിക്ക് പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താൻ കഴിയില്ല, എന്നാൽ അത് പുനഃസ്ഥാപിക്കാൻ അധികാരമുള്ള ആളാണ് അദ്ദേഹം," ആസാദ് പറഞ്ഞു.

അതിനിടെ, ലഷ്‌കർ-ഇ-തൊയ്ബയുടെ 'ദ റെസിസ്റ്റൻസ് ഫ്രണ്ടിൽ' നിന്ന് ആസാദിന് ഭീഷണിയുണ്ടെന്ന് റിപ്പോർട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെട്ട ഭീഷണി പോസ്റ്റുകളിൽ ആസാദ് രാജ്യദ്രോഹിയാണെന്നും രാഷ്ട്രീയത്തിൽ ഇടയ്ക്കിടെ നിറം മാറുന്ന ഓന്താണ് അദ്ദേഹമെന്നും ആരോപണങ്ങൾ വന്നിരുന്നു.

STORY HIGHLIGHTS: Ghulam Nabi Azad blames Pakistan for 'destruction' of Jammu and Kashmir

Next Story

Popular Stories