Top

ഓഹരികള്‍ നഷ്ടത്തില്‍, അദാനിക്ക് ഇന്ന് നിര്‍ണായകം; നിക്ഷേപകരുടെ താല്‍പര്യമാണ് പരമപ്രധാനമെന്ന് പ്രതികരണം

ഓഹരി വിപണിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമായിരുന്നു എഫ്പിഒ പിന്‍വലിക്കാനുള്ള തീരുമാനമെന്ന് അദാനി വിശദീകരിച്ചു

2 Feb 2023 5:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഓഹരികള്‍ നഷ്ടത്തില്‍, അദാനിക്ക് ഇന്ന് നിര്‍ണായകം; നിക്ഷേപകരുടെ താല്‍പര്യമാണ് പരമപ്രധാനമെന്ന് പ്രതികരണം
X

ന്യൂഡല്‍ഹി: നിക്ഷേപകരുടെ താല്‍പര്യമാണ് പരമ പ്രധാനമെന്ന് ഗൗതം അദാനി. താന്റെ വിജയത്തില്‍ നിക്ഷേപകരോട് കടപ്പെട്ടിരിക്കുന്നുവെന്നും അദാനി പറഞ്ഞു. എഫ്പിഒ (ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍) പിന്‍വലിച്ച തീരുമാനം സംബന്ധിച്ച വിശദീകരണത്തിലായിരുന്നു അദാനിയുടെ പ്രതികരണം. അതേസമയം കഴിഞ്ഞ ദിവസം എല്ലാ ഓഹരികളും നഷ്ടത്തില്‍ കൂപ്പുകുത്തിയ അദാനിക്ക് ഇന്ന് നിര്‍ണായകമാണ്.

ഓഹരി വിപണിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമായിരുന്നു എഫ്പിഒ പിന്‍വലിക്കാനുള്ള തീരുമാനമെന്ന് അദാനി വിശദീകരിച്ചു. നിലവിലെ സാഹചര്യത്തില്‍ എഫ്പിഒയുമായി മുന്നോട്ട് പോകുന്നത് ധാര്‍മ്മികമായി ശരിയല്ലെന്ന് വിലയിരുത്തിയാണ് ബോര്‍ഡ് തീരുമാനമെടുത്തത്. സംരഭകനെന്ന നിലയില്‍ നാല് പതിറ്റാണ്ടായി നടത്തുന്ന വിനീതമായ യാത്രയില്‍ നിക്ഷേപകര്‍ അടക്കമുള്ളവരുടെ അകമഴിഞ്ഞ പിന്തുണയാണ് തനിക്ക് ലഭിച്ചതെന്നും ജീവിതത്തില്‍ നേടിയ നേട്ടങ്ങള്‍ക്ക് പിന്നില്‍ നിക്ഷേപകര്‍ തന്നിലര്‍പ്പിച്ച വിശ്വാസമാണ്. താന്‍ നിക്ഷേപകരോട് കടപ്പെട്ടിരിക്കുന്നുവെന്നും അദാനി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ബുധനാഴ്ച വിപണിയില്‍ അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ക്ക് വന്‍ ഇടിവ് നേരിട്ടതോടെയാണ് എഫ്പിഒയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് തീരുമാനിച്ചത്. എഫ്പിഒയ്ക്ക് 112 ശതമാനം അപേക്ഷകള്‍ ലഭിച്ചിരുന്നു. റെക്കോര്‍ഡ് വേഗത്തില്‍ വിറ്റുപോയ എഫ്പിഒ അദാനി ഗ്രൂപ്പ് റദ്ദാക്കിയതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ക്കുണ്ടാകുന്ന നഷ്ടം തുടര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. 20,000 കോടിയുടെ എഫ്പിഒ ആയിരുന്നു റദ്ദാക്കിയത്.

Story Highlights: Gautam Adani's Response On Cancelled FPO

Next Story