Top

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് അംബേദ്കറിന്റെ പേര്; നന്ദി അറിയിച്ച് ഗദ്ദര്‍

പ്രളയബാധിതര്‍ക്കായി പ്രഖ്യാപിച്ച 10,000 രൂപയുടെ സഹായം ആരിലും എത്തിയിട്ടില്ലെന്നും ഭട്ടി ആരോപിച്ചു

14 Sep 2022 9:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് അംബേദ്കറിന്റെ പേര്; നന്ദി അറിയിച്ച്  ഗദ്ദര്‍
X

തെലങ്കാന: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ഡോ. ബി ആര്‍ അംബേദ്കറിന്റെ പേര് നല്‍കാനുള്ള പ്രമേയം നിയമസഭ പാസാക്കിയതിന് നന്ദിപറഞ്ഞ് ഗദ്ദറും സംഘവും. ഗദ്ദറിന്റെ നേതൃത്വത്തിലുള്ള സംഘം കോണ്‍ഗ്രസ് നിയമസഭകക്ഷി നേതാവ് ഭട്ടി വിക്രമാര്‍ക, എംഎല്‍എമാരായ ഡി ശ്രീധര്‍ ബാബു എന്നിവരെ കണ്ട് നന്ദിയറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രമേയം പാസാക്കുന്നതില്‍ ഭട്ടി നിര്‍ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. പ്രമേയവുമായി ബന്ധപ്പെട്ടകാര്യങ്ങളില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെ സ്വാധീനിക്കുന്നതിനായി ഭട്ടിക്ക് സാധിച്ചതായും ഗദ്ദര്‍ പറഞ്ഞു.

അതേസമയം, സെഷനുകള്‍ വെറും രണ്ടുദിവസത്തേക്ക് ചുരുക്കിയിരുന്നു. ഇതിനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഭട്ടി. എംഎല്‍എമാര്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്ത് പരിഹാരം തേടാനുള്ള ജനങ്ങളുടെ താല്‍പ്പര്യത്തെ സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും ഭട്ടി വ്യക്തമാക്കി.

പ്രളയം സൃഷ്ടിച്ച നാശനഷ്ടങ്ങളെക്കുറിച്ച് നിയമസഭയില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും പ്രളയബാധിതരായ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ചര്‍ച്ച ചെയ്യാതെ രക്ഷപ്പെടാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. പ്രളയബാധിതര്‍ക്കായി പ്രഖ്യാപിച്ച 10,000 രൂപയുടെ സഹായം ആരിലും എത്തിയിട്ടില്ലെന്നും ഭട്ടി ആരോപിച്ചു. പോടു ഭൂമികളുടെ കാര്യത്തിലും മുഖ്യമന്ത്രി നേരത്തെ വാഗ്ദാനം ചെയ്തിരുന്ന ഹോം ഗാര്‍ഡുകളെ തിരിച്ചെടുക്കുന്ന കാര്യത്തിലും ചര്‍ച്ച നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

STORY HIGHLIGHTS: Gaddar met Bhatti Vikramarka to thank them on proposing Ambedkar's name

Next Story