Top

തീര്‍ന്നിട്ടില്ല; ഇന്ധനവില നാളെയും കൂടും

ഒരു ലിറ്റര്‍ പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടുക

22 March 2022 3:34 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തീര്‍ന്നിട്ടില്ല; ഇന്ധനവില നാളെയും കൂടും
X

ഡല്‍ഹി: രാജ്യത്ത് ഇന്ധനവില നാളെയും വര്‍ധിപ്പിക്കും. ഒരു ലിറ്റര്‍ പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടുക. ഈ വർഷം തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. എണ്ണക്കമ്പനികള്‍ എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയതോടെ ഇനി മിക്ക ദിവസവും വില വര്‍ധിക്കുമെന്നാണ് കണക്കുകള്‍. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതുക്കെ പതുക്കെ വില ഉയര്‍ത്തുന്ന രീതിയാകും കമ്പനികള്‍ സ്വീകരിക്കുക. അതിനാല്‍ ഇനിയുള്ള ദിവസങ്ങളിലും വില വർധിക്കാം.

138 ദിവസത്തിനിപ്പുറം ഇന്നാണ് രാജ്യത്ത് ഇന്ധനവില കൂട്ടിയത്. ഡീസല്‍ വില ലിറ്ററിന് 85 പൈസയും പെട്രോളിന് 88 പൈസയുമാണ് ഇന്ന് കൂട്ടിയത്. നവംബര്‍ നാലിനായിരുന്നു അവസാനമായി വിലവര്‍ധിപ്പിച്ചത്. ഇന്ധനവില കൂട്ടിയതിന് പിന്നാലെ പാചക വാതകത്തിനും വില വര്‍ധിപ്പിച്ചിരുന്നു. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. അഞ്ച് കിലോയുടെ സിലിണ്ടറിന് 13 രൂപയും വര്‍ധിപ്പിച്ചു. ഇതോടെ സംസ്ഥാനത്ത് വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന പാചക വാതകത്തിന് സിലിണ്ടറിന് 956 രൂപ എന്ന നിലയിലെത്തി.

ഇന്ന് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില വര്‍ധിച്ചിട്ടില്ല. എന്നാല്‍ മാര്‍ച്ച് ഒന്നിന് വില പുതുക്കി നിര്‍ണയിച്ചപ്പോള്‍ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 104-105 രൂപ വരെ ഉയര്‍ന്നിരുന്നു. കേരളത്തില്‍ നിലവില്‍ 2009 രൂപയാണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില.

റഷ്യ യുക്രെയ്നില്‍ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ തന്നെ അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുതിച്ചുയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ വിപണിയിലും ഇന്ധനവിലയില്‍ തുടർച്ചയായ വര്‍ധനവ് ഉണ്ടാവുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

STORY HIGHLIGHTS: Fuel prices will continue to rise tomorrow

Next Story