Top

മാറ്റമില്ല; രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി

പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടുന്നത്

30 March 2022 6:58 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാറ്റമില്ല; രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി
X

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടുന്നത്. ഒരാഴ്ച കൊണ്ട് പെട്രോളിന് 6 രൂപ 97 പൈസയാണ് വര്‍ധിച്ചത്. ഡീസലിന് 6 രൂപ 70 പൈസയും കൂട്ടി.

ഇന്നലെ പെട്രോള്‍ ലിറ്ററിന് 88 പൈസയും ഡീസല്‍ ലിറ്ററിന് 84 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ധന വിലയില്‍ തുടര്‍ച്ചയായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ 4 മുതല്‍ വില വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. ഈ കാലയളവില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 30 ഡോളറാണ് വര്‍ധിച്ചത്. യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ഇന്ധനവില വര്‍ധനവ് പതിവാകുകയാണ്.

അതേസമയം, റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ ഭാഗമായാണ് ഇന്ധന വില കുതിച്ചുയരുന്നതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ റഷ്യ- യുക്രൈന്‍ യുദ്ധം മൂലം എണ്ണവില ഉയരുന്നത് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിന് അതീതമാണെന്നും അദ്ദേഹം പറഞ്ഞു.

STORY HIGHLIGHTS: Fuel prices continue to rise in the country

Next Story