Top

ഇന്ധന വില വര്‍ധന: യാത്രാ നിരക്ക് വര്‍ധിപ്പിച്ച് ഊബറും

ഇപ്പോഴുള്ള നിരക്കില്‍ നിന്നും 12 ശതമാനമാണ് അധികമായി വര്‍ധിപ്പിച്ചിരിക്കുന്നത്.

12 April 2022 8:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ധന വില വര്‍ധന: യാത്രാ നിരക്ക് വര്‍ധിപ്പിച്ച് ഊബറും
X

ന്യൂഡെല്‍ഹി: ഇന്ധന വില വര്‍ധനവിന് പിന്നാലെ യാത്രാനിരക്ക് വര്‍ധിപ്പിച്ച് ഓണ്‍ലൈന്‍ ടാക്‌സി സേവന ദാതാക്കളായ ഊബറും. ഇപ്പോഴുള്ള നിരക്കില്‍ നിന്നും 12 ശതമാനമാണ് അധികമായി വര്‍ധിപ്പിച്ചിരിക്കുന്നത്.ഇതോടെ തലസ്ഥാന നഗരിയുള്‍പ്പെടെയുള്ള ഇടങ്ങളില്‍ യാത്രയ്ക്ക് ചിലവേറും. ഇന്ധനവില വര്‍ധനവില്‍ ഡ്രൈവര്‍മാര്‍ക്ക് കൈത്താങ്ങാകാനാണ് നിരക്ക് വര്‍ധിപ്പിച്ചതെന്ന് ഊബര്‍ പറയുന്നു. മുംബൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നേരത്തെ തന്നെ നിരക്ക് വര്‍ധിപ്പിച്ചിരുന്നു.

ഡ്രൈവര്‍മാരുമായി നടത്തിയ ചര്‍ച്ചയില്‍ നിന്നാണ് അവര്‍ക്ക് സഹായകമാകുന്ന രീതിയിലുള്ള തീരുമാനമെടുത്തതെന്ന് യൂബറിന്റെ ഇന്ത്യയുടെയും സൗത്ത് ഏഷ്യയുടേയും ചുമതല വഹിക്കുന്ന നിതീഷ് ഭൂഷന്‍ പറഞ്ഞു. മുംബൈയില്‍ 15 ശതമാനമാണ് നിരക്ക് വര്‍ധിപ്പിച്ചത്. ഇന്ധന വിലയില്‍ വരുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി നിരക്കില്‍ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവിലെ ഒല, ഊബര്‍ ഡ്രൈവറുമാര്‍ യാത്രയില്‍ ഏസിക്ക് അധിക ചാര്‍ജ് ഈടാക്കുന്നുണ്ട്. ഇന്ധനവില വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് ഡ്രൈവര്‍മാരുടെ ഈ നടപടി. ഇത്തരത്തില്‍ അധിക തുക ഈടാക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കമ്പനി അറിയിച്ചു. യാത്രയ്ക്കിടയില്‍ ഏസി ഓണാക്കാന്‍ ഡ്രൈവറുമാര്‍ തയ്യാറായില്ലെങ്കില്‍ യാത്രക്കാര്‍ക്ക് ഊബര്‍ ആപ്പ് വഴി പരാതി നല്‍കാമെന്നും തുടര്‍ന്ന് ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കമ്പനി വക്താവ് പറഞ്ഞു.

ഡെല്‍ഹിയില്‍ 105.41 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസലിന് 96.67 രൂപയും മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 120 രൂപയും ഡീസലിന് 104.77 രൂപയുമാണ്.

STORY HIGHLIGHTS: Uber hikes cab prices in Delhi due to rise in fuel prices

Next Story