Top

ഇന്ധന വില വർധന; സ്മൃതി ഇറാനിയും കോണ്‍ഗ്രസ് വനിത നേതാവും തമ്മില്‍ വിമാനത്തില്‍ വാഗ്വാദം-വീഡിയോ

യാത്രക്കാര്‍ വിമാനത്തില്‍ നിന്നും ഇറങ്ങുമ്പോഴാണ് സ്മൃതി ഇറാനിയോട് നേതാ ചോദ്യം ചോദിക്കുന്നത്.

10 April 2022 11:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ധന വില വർധന; സ്മൃതി ഇറാനിയും കോണ്‍ഗ്രസ് വനിത നേതാവും തമ്മില്‍ വിമാനത്തില്‍ വാഗ്വാദം-വീഡിയോ
X

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനവിനെ ചൊല്ലി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ നേതാ ഡിസൂസയും തമ്മില്‍ വിമാനത്തില്‍ വാഗ്വാദം. ഇന്ന് രാവിലെ ഡല്‍ഹി-ഗുവാഹത്തില്‍ വിമാനത്തില്‍വെച്ചാണ് ഇരുവരും തമ്മില്‍ വാഗ്വാദമുണ്ടായത്. നേതാ ഡിസൂസ ട്വിറ്ററില്‍ ഇതിന്റെ വീഡിയോ പങ്കുവെച്ചു.

'ഗുവാഹത്തിയിലേക്കുള്ള യാത്രാമധ്യേ മോദി മന്ത്രി സ്മൃതി ഇറാനിയെ കണ്ടു. രാജ്യത്തെ പെട്രോള്‍, എല്‍പിജി വിലവര്‍ധനവിനെകുറിച്ച് ചോദിച്ചപ്പോള്‍ വാക്‌സിനെകുറിച്ചും റേഷനെക്കുറിച്ചുമാണ് പ്രതികരിച്ചത്. സാധാരണക്കാരുടെ ആശങ്കകളെകുറിച്ച് ചോദിച്ചപ്പോള്‍ അവരുടെ പ്രതികരണം എങ്ങനെയാണെന്ന് അറിയാന്‍ വീഡിയോ കാണൂ...' എന്ന ക്യാപ്ഷനോടെയാണ് നേതാ ഡിസൂസ വീഡിയോ പങ്കുവെച്ചത്. വീഡിയോയില്‍ സ്മൃതി ഇറാനിയും തന്റെ ഐ ഫോണില്‍ രംഗം പകര്‍ത്തുന്നത് കാണാം.

യാത്രക്കാര്‍ വിമാനത്തില്‍ നിന്നും ഇറങ്ങുമ്പോഴാണ് സ്മൃതി ഇറാനിയോട് നേതാ ചോദ്യം ചോദിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് തന്റെ വഴി തടയുന്നുവെന്ന് ആദ്യം സ്മൃതി ആരോപിച്ചു. പിന്നീട് എല്‍പിജിയുടെ ദൗര്‍ലഭ്യത്തെകുറിച്ച് ചോദിച്ചപ്പോള്‍ താങ്കള്‍ കള്ളം പറയുകയാണെന്ന് കേന്ദ്രമന്ത്രി മറുപടി നല്‍കുകയായിരുന്നു.

രാജ്യത്തെ ഇന്ധനവില തുടര്‍ച്ചയായി ഉയരുന്ന പശ്ചാത്തലത്തിലാണ് വിമാനത്തില്‍വെച്ച് വനിതാ നേതാക്കള്‍ തമ്മില്‍ വാഗ്വാദം ഉണ്ടാവുന്നത്. 16 ദിവസത്തിനിടെ 10 രൂപയോളമാണ് ഇന്ധനത്തിന് വില വര്‍ധിച്ചത്.



Next Story