Top

സിഎം ഇബ്രാഹിം കോണ്‍ഗ്രസ് വിട്ടു

ഇന്ദിരയുടേയും നെഹ്‌റുവിന്റേയും കാലത്ത് കോണ്‍ഗ്രസ് സോഷ്യലിസത്തില്‍ അധിഷ്ടിതമായ പാര്‍ട്ടിയായിരുന്നു

28 Jan 2022 5:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിഎം ഇബ്രാഹിം കോണ്‍ഗ്രസ് വിട്ടു
X

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സിഎം ഇബ്രാഹിം പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. കര്‍ണാടക നിയമസഭയില്‍ പ്രതിപക്ഷ പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സിഎം ഇബ്രാഹിമിന്റെ രാജി. കോണ്‍ഗ്രസ് ലേനബാങ്കായി മാറിയെന്നും പണമില്ലാത്തവര്‍ക്ക് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനാകില്ലെന്നും രാജി പ്രഖ്യാപിച്ചുകൊണ്ട് സിഎം ഇബ്രാഹിം വിമര്‍ശിച്ചു.

തന്നെ തഴഞ്ഞ് പാര്‍ട്ടി ബികെ ഹരിപ്രസാദിനെ പോലെ ഒരു ജൂനിയര്‍ നേതാവിനെ തല്‍സ്ഥാനത്തേക്ക് നിയമിച്ചതാണ് ഇബ്രാഹിമിനെ പ്രകോപിതനാക്കിയതെന്നാണ് സൂചന. ജൂനിയറായ ഹരിപ്രസാദിനെപോലുള്ള ഒരു നേതാവിന്റെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ എങ്ങനെ കഴിയുമെന്ന നിലപാടാണ് ഇബ്രാഹിമിന്റേത്. 2008ല്‍ ജനതാദള്‍ വിട്ട് കോണ്‍ഗ്രസിലെത്തിയ ഇബ്രാഹിം 1996ല്‍ ദേവഗൗഡ മന്ത്രിസഭയില്‍ ടൂറിസം വകുപ്പുമന്ത്രിയായിരുന്നു.

ഇന്ദിരയുടേയും നെഹ്‌റുവിന്റേയും കാലത്ത് കോണ്‍ഗ്രസ് സോഷ്യലിസത്തില്‍ അധിഷ്ടിതമായ പാര്‍ട്ടിയായിരുന്നു. എന്നാല്‍ ഇന്ന് പാര്‍ട്ടി വെറും ലേനാബാങ്ക് മാത്രമായി മാറിയെന്നായിരുന്നു ഇബ്രാഹിമിന്റെ വിമര്‍ശനം. ജനാതദളിലേക്കെന്ന് സൂചന നല്‍കി ഭാവികാര്യങ്ങള്‍ ജെഡി(എസ്) നേതാവ് ദേവഗൗഡയുമായും മകന്‍ കുമാരസ്വാമിയുമായും ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും മുന്‍ കേന്ദ്രമന്ത്രി അറിയിച്ചു.


Next Story