Top

'ഗുഡ്ബൈ, ​ഗുഡ് ലക്ക് കോൺ​ഗ്രസ്'; പഞ്ചാബ് കോൺ​ഗ്രസ് നേതാവ് സുനിൽ ജാഖർ പാർട്ടി വിട്ടു

ഛന്നിയെ വിമർശിച്ചതിന് സുനിൽ ജാഖറിനെതിരെ പാർട്ടി കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

14 May 2022 10:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗുഡ്ബൈ, ​ഗുഡ് ലക്ക് കോൺ​ഗ്രസ്; പഞ്ചാബ് കോൺ​ഗ്രസ് നേതാവ് സുനിൽ ജാഖർ പാർട്ടി വിട്ടു
X

ഛണ്ഡി​ഗഡ്: പഞ്ചാബിലെ മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ അധ്യക്ഷനുമായ സുനിൽ ജാഖർ പാ‍ർട്ടി വിട്ടു. മുൻ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയെ വിമർശിച്ചതിന് പാർട്ടി നടപടിക്ക് നിർദേശിച്ചിരുന്നു. ഛന്നിയെ വിമർശിച്ചതിന് സുനിൽ ജാഖറിനെതിരെ പാർട്ടി കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

​ഗുഡ്ബൈ, ​ഗുഡ്ലക്ക് കോൺ​ഗ്രസ് എന്ന് പറഞ്ഞ് ഫേസ്ബുക്ക് ലൈവിലൂടെയാണ് സുനിൽ ജാഖർ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. പാർട്ടിയെ മെച്ചപ്പെടുത്താൻ വിളിച്ചു ചേർത്ത ചിന്തൻ ശിവിർ ഉദയ്പൂരിൽ പുരോ​ഗമിക്കവെയാണ് മുതിർന്ന കോൺ​ഗ്രസ് നേതാവിന്റെ പുറത്തുപോകൽ.

മുതിർന്ന നേതാവ് എകെ ആന്റണി ചെയർമാനായ അഞ്ചം​ഗ അച്ചടക്ക സമിതി സുനിൽ ജാഖറിനെ പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്ന് മാറ്റണമെന്നും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് നിർദേശിച്ചിരുന്നു. എകെ ആന്റണിയെ കൂടാതെ താരിഖ് അൻവർ, ജെ പി അഗർവാൾ, ജി പരമേശ്വരന്‍ എന്നിവരും സമിതിയിലുണ്ടായിരുന്നു.

പഞ്ചാബിൽ കോൺ​ഗ്രസിനേറ്റ കനത്ത തോൽവിക്ക് കാരണം മുൻ മുഖ്യമന്ത്രി ചരൺജിത് ഛന്നിയാണ്. തെരഞ്ഞെടുപ്പിന് നാല് മാസം മുമ്പ് സെപ്തംബറിൽ അമരീന്ദർ സിങ്ങിന് പകരം ചരൺജിത് സിംഗ് ഛന്നിയെ നിയമിച്ചതാണ് കോൺ​ഗ്രസിന്റെ പരാജയത്തിന് കാരണമായതെന്നും സുനിൽ ജാഖർ ചൂണ്ടിക്കാണിച്ചു. പഞ്ചാബ് കോൺ​ഗ്രസിലെ മുതിർന്ന നേതാക്കളിരൊളായ അംബിക സോണിയേയും സുനിൽ ജാഖർ വിമർശിച്ചിരുന്നു.

'അംബിക സോണിയും ചരൺജിത് സിങ് ഛന്നിയും കോൺ​ഗ്രസിന്റെ പാദസേവകരാണ്. മുൻ മുഖ്യമന്ത്രി അമരീന്ദർ സിങിനെ ബാധ്യതയെന്ന് വിളിക്കുകയും അദ്ദേഹത്തെ താഴെയിറക്കുകയും ചെയ്തു. നിങ്ങളെന്താ തമാശ പറയുകയാണോ?. ദൈവത്തിന് നന്ദി, അദ്ദേഹത്തെ (ഛന്നി) മുഖ്യമന്ത്രിയാക്കാൻ ആദ്യം നിർദ്ദേശിച്ച 'പിബിഐ' വനിത ( അംബിക സോണി) കോൺ​ഗ്രസ് പ്രവർത്തക സമിതി യോ​ഗത്തിൽ അദ്ദേഹത്തെ 'ദേശീയ നിധി'യായി പ്രഖ്യാപിച്ചില്ല.' എന്നും ജാഖർ ട്വീറ്റ് ചെയ്തിരുന്നു.

'20 വർഷമായി രാജ്യസഭാംഗങ്ങളായിരുന്നവർ പാർട്ടി ഹൈക്കമാൻഡിനേയും, ഗാന്ധിമാരേയും കബളിപ്പിക്കുകയായിരുന്നുവെന്നും' ജാഖർ ട്വീറ്റിൽ പറഞ്ഞിരുന്നു. എന്നാൽ ട്വീറ്റ് ആരേയും ഉദ്ദേശിച്ചുളളതെന്ന് പറഞ്ഞ് പിന്നീട് സുനിൽ ജാഖർ രം​ഗത്തു വരികയുണ്ടായി.

'പഞ്ചാബിലെ ജനങ്ങൾ മാറ്റം ആ​ഗ്രഹിച്ചതാണ് കോൺഗ്രസ് പാർട്ടിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. അഴിമതി ഇല്ലാതാക്കാനെന്ന പേരിൽ കൊണ്ടുവന്ന മുഖ്യമന്ത്രി അഴിമതിയാരോപണത്തിൽ മുങ്ങുന്നതാണ് കണ്ടത്. ഈ മുതിർന്ന നേതാക്കൾ പഞ്ചാബിൽ നിന്ന് 30 വർഷമായി രാജ്യസഭയെ പ്രതിനിധീകരിക്കുന്നുണ്ട്. അവർക്ക് ഹൈക്കമാൻഡിനോട് സത്യം പറയാനും അവരുടെ തെറ്റ് അംഗീകരിക്കാനും ധൈര്യമുണ്ടാകണം. തങ്ങളാണ് തെറ്റായ ആളെ മുഖ്യമന്ത്രിയാക്കാൻ ശുപാർശ ചെയ്തതെന്ന് പറയണം. രാഹുലും സോണിയയും അദ്ദേഹത്തിന് മുഖ്യമന്ത്രി പദമെന്ന ഉത്തരവാദിത്തം നൽകി. തെറ്റ് അം​ഗീകരിക്കുന്നതിന് പകരം പരാജയത്തിന്റെ ചുമതല രാഹുൽ ഗാന്ധിയുടെ തലയിൽ കെട്ടിവെക്കാനാണ് ശ്രമിക്കുന്നതെന്നും.' ജാഖർ പറഞ്ഞിരുന്നു.

കടുത്ത തീരുമാനങ്ങളെടുക്കുന്നതിന് പകരം പാർട്ടി ഗാന്ധിമാരിലുള്ള വിശ്വാസം വീണ്ടെടുക്കുക എന്ന പരിചിതമായ വഴിയിലേക്ക് തിരിച്ചുപോയെന്നും സുനിൽ ജാഖർ ചൂണ്ടിക്കാണിച്ചു.

STORY HIGHLIGHTS: Former Punjab Congress Chief Sunil Jakhar Quit the Party

Next Story

Popular Stories