'ആശിഷ് മിശ്ര കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തു'; ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്
'അന്വേഷണ സംഘം ഫോറന്‍സിക് റിപ്പോര്‍ട്ട് സംബന്ധിച്ച് ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായില്ല.'
10 Nov 2021 10:49 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലഖീംപ്പൂര്‍ ഖേരി സംഭവത്തില്‍ ആരോപണവിധേയനായ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്രയുടെ തോക്കില്‍ നിന്ന് വെടിയുതിര്ക്കപ്പട്ടതായി വ്യക്തമാക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. എന്നാല്‍ പ്രത്യേക അന്വേഷണ സംഘം ഫോറന്‍സിക് റിപ്പോര്‍ട്ട് സംബന്ധിച്ച് ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായില്ല.
കര്‍ഷകര്‍ക്ക് നേരെ ആശിഷ് മിശ്ര വെടിയുതിര്‍ത്തതായി സംഭവദിവസം തന്നെ ആരോപണം ഉയര്‍ന്നിരുന്നു. കര്‍ഷകരുടെ ആരോപണം ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്തു വന്ന ഫോറന്‍സിക് റിപ്പോര്‍ട്ട്.
ലഖീംപ്പൂര്‍ ഖേരി സംഭവത്തെ തുടര്‍ന്ന് ആശിഷ് മിശ്രയുടെ തോക്കടക്കം നാലോളം മാരകായുധങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. മുന്‍ കേന്ദ്രമന്ത്രി അഖിലേഷ് ദാസിന്റെ മരുമകന് അങ്കിത് ദാസിന്റെ കൈവശമുള്ള പിസ്റ്റളും ഇയാളുടെ ബോഡി ഗാര്‍ഡിന്റെ കൈവശം ഉണ്ടായിരുന്ന തോക്കും പൊലീസ് പിടിച്ചെടുത്തിരുന്നു. ഇപ്പോള്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമായ തോക്കടക്കമുള്ള മൂന്ന് ആയുധങ്ങളില്‍ നിന്ന് വെടിയുതിര്ക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
കഴിഞ്ഞ മാസമാണ് ലഖീംപ്പൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് നേരെ അജയ് മിശ്ര അടക്കമുള്ള സംഘം ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തില്‍ നാലു കര്‍ഷകരുള്‍പ്പടെ എട്ടു പേര് കൊല്ലപ്പെട്ടിരുന്നു. പിന്നാലെ നടന്ന കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ആശിഷ് മിശ്രയെ യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.