Top

'ജയില്‍ മുഴുവന്‍ തന്റെ ജാമ്യം ആഘോഷിച്ചു, നിര്‍ബന്ധിത തടങ്കലും അന്യായമായ തടങ്കലും ആത്മാഭിമാനം നഷ്ടപ്പെടുത്തി'; ടീസ്റ്റ സെതല്‍വാദ്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തു നിന്നുമായി 2500 ലധികം പോസ്റ്റു കാര്‍ഡുകള്‍ എനിക്കു വന്നു. ആ കത്തുകള്‍ ശക്തി പകരുന്നവയാണ്

11 Sep 2022 12:47 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജയില്‍ മുഴുവന്‍ തന്റെ ജാമ്യം ആഘോഷിച്ചു,    നിര്‍ബന്ധിത തടങ്കലും അന്യായമായ തടങ്കലും ആത്മാഭിമാനം നഷ്ടപ്പെടുത്തി; ടീസ്റ്റ സെതല്‍വാദ്
X

'നിര്‍ബന്ധിത തടങ്കലും അന്യായമായ തടങ്കലും ആത്മാഭിമാനം നഷ്ടപ്പെടുത്തി' യെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെതല്‍വാദ്. 63 ദിവസത്തെ സബര്‍മതി വനിതാ ജയിലിലെ തടവിനു ശേഷം കഴിഞ്ഞ ആഴ്ചയാണ് സുപ്രീംകോടതി അവര്‍ക്കു ജാമ്യം അനുവദിച്ചത്. ഗോധ്ര കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പങ്കില്ലെന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദി അടക്കമുള്ളവര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന പേരിലാണ് ടീസ്ത സെതല്‍വാദിനെ അറസ്റ്റ് ചെയ്തത്. മറ്റ് 24 സ്ത്രീകളും ഏഴ് കുട്ടികളുമുള്ള തന്റെ ജയില്‍ മുറിയിലെ അവസ്ഥയെക്കുറിച്ചും സെല്ലിനുള്ളില്‍ സ്ത്രീകള്‍ക്ക് ചെയ്യേണ്ട എല്ലാ ജോലികളെക്കുറിച്ചും ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ജയിലിലെ ദിനചര്യ എങ്ങനെയായിരുന്നു?

തടവറകള്‍ തുറക്കുന്നതിന് അര മണിക്കൂര്‍ മുമ്പ്, ഏകദേശം 5.30 ന് ദിവസം ആരംഭിക്കും. മേട്രേണ്‍ ചുറ്റിക്കറങ്ങി എല്ലാവരെയും വിളിച്ചുണര്‍ത്തും. പിന്നെ, ഞാന്‍ നിലത്തുള്ള പായകള്‍ ചുരുട്ടി വെയ്ക്കും. അര മണിക്കൂര്‍ മുതല്‍ നാല്‍പ്പത് മിനിറ്റ് നടത്തം ഉള്‍പ്പെടുന്ന പ്രഭാത ദിനചര്യകള്‍ ചെയ്യും. ഊഴം വെച്ച് ജയില്‍ മുറികള്‍ വൃത്തിയാക്കും.'ജയില്‍ നാസ്ത'യില്‍ നിന്ന് എന്തെങ്കിലും കൊറിക്കും. അപൂര്‍വ്വമായി മാത്രം തുറക്കുന്നതും ഉച്ചയ്ക്ക് 12 മണിക്ക് അടയ്ക്കുകയും ചെയ്യുന്ന ലൈബ്രറിയിലേക്ക് പോകും. ധാരാളം വായനയും എഴുത്തും കൊണ്ട് ഞാന്‍ ദിവസങ്ങളെ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമ്പോള്‍ ദിവസം ഇഴഞ്ഞു നീങ്ങുന്ന പോലെ തോന്നും. വൈകുന്നേരം 6.30 ന് ശേഷം ലൈറ്റുകള്‍ ഓണാക്കാന്‍ സഹ തടവുകാര്‍ക്കു ബുദ്ധിമുട്ടായിരുന്നു.

തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ ജയിലര്‍ വരും. അപ്പോള്‍ നാല് ബാരക്കു(ജയില്‍മുറി) കളിലെ വിചാരണത്തടവുകാരായ എല്ലാ സ്ത്രീകളും ഞങ്ങളുടെ ജയില്‍ ഐഡികള്‍ കയ്യില്‍ കരുതും. കര്‍ശനമായി ശ്രദ്ധയോടെ ഒത്തുകൂടണം. വിചാരണ തടവുകാരുടെ പരാതികളൊന്നും കേള്‍ക്കാതെ അയാള്‍ റോന്തു ചുറ്റും. വല്ലപ്പോഴും ഒന്നോ രണ്ടോ ആളുകളോട് സംസാരിക്കും. അവരുടെ കേസുകള്‍, നിയമസഹായം, അനുവദനീയമല്ലാത്ത സന്ദര്‍ശനങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് അന്വേഷിക്കും.

ഉണ്ടായിരുന്ന സെല്ലിലെ അവസ്ഥ എങ്ങനയാണെന്ന് വിവരിക്കാമോ?

ഞാന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ജയിലിലായിരുന്നു. അത്യാവശ്യം വൃത്തിയുള്ളതായിരുന്നു. ഭക്ഷണം കഴിക്കുന്നതും, കിടക്കുന്നതും, വായിക്കുന്നതുമെല്ലാം നിലത്തിരുന്നാണ്. അതുകൊണ്ട് ഊഴം വെച്ച് വൃത്തിയാക്കാറുണ്ട്. 24 സ്ത്രീകളും ഏഴ് കുട്ടികളുമാണ് ആ ജയില്‍ മുറിയില്‍ ഉണ്ടായിരുന്നത്.

ശുചിമുറികളുടെയും കുളിമുറികളും എങ്ങനെയുള്ളതായിരുന്നു?

സെല്ലിന്റെ ഒരു അറ്റത്ത് ശുചിമുറികളുണ്ടായിരുന്നു. മറ്റൊരു അറ്റത്ത് കുളിമുറിയും. ഇതെല്ലാം വൃത്തിയായി വെക്കുക എന്നത് ഒരു കൂട്ടുത്തരവാദിത്തമാണ്. ഒരു തടവുകാരി ഒരു ദിവസം ഒരു തവണ വൃത്തിയാക്കിയാല്‍ പോലും ശുചിമുറികള്‍ വൃത്തിയായിരിക്കും. എന്നാല്‍ പൈപ്പ് പൊട്ടുന്ന പോലെ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ പോലും ഉദ്യോഗസ്ഥര്‍ അത് ഗൗനിക്കാറില്ല.

മരുന്നുകളും മറ്റ് സാനിറ്ററി വസ്തുക്കളും കിട്ടാറുണ്ടോ? ഡോക്ടര്‍മാരുടെ സേവനം ആവശ്യഘട്ടങ്ങളില്‍ കിട്ടാറുണ്ടോ?

ഒരു ക്ലിനിക്കുണ്ട്. അവിടെ ഒരു സ്ത്രീ ഡോക്ടര്‍ എല്ലാ സമയത്തും ഉണ്ടാവാറുണ്ട്. മറ്റ് എന്തെങ്കിലും ആവശ്യങ്ങള്‍ക്കാണെങ്കില്‍ സോളാ സിവില്‍ ആശുപത്രിയിലേക്കും കൊണ്ടു പോവാറുണ്ട്.

കുടിക്കാന്‍ ശുദ്ധമായ വെള്ളമാണോ കിട്ടുന്നത്?

മിക്കവാറും ലഭിക്കുന്നത് ശുദ്ധജലമാണ്. എന്നാല്‍ ചില ദിവസങ്ങളില്‍ മോട്ടോറുകള്‍ കേടായാല്‍ വെള്ളത്തിന് കാത്തിരിക്കേണ്ടി വരും. പക്ഷേ അഹമ്മദാബാദിലെ വെള്ളം വളരെ മോശമാണ്. മലിനീകരണപ്പെട്ടതാണ്. അത് ടെസ്റ്റ് ചെയ്യുന്നില്ല, ഗുണനിലവാരം ഉറപ്പുവരുത്തുന്നില്ല. അങ്ങനെയുള്ളപ്പോള്‍ പലര്‍ക്കും വയറു വേദന തുടങ്ങിയ ഉദരരോഗങ്ങള്‍ പിടിപെട്ടിരുന്നു.

ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങള്‍ എടുക്കാന്‍ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടിരുന്നോ?

സബര്‍മതി സ്ത്രീകളുടെ ജയിലില്‍ 'സ്റ്റഡി സെന്റര്‍' എന്ന പേരില്‍ ഒരു കെട്ടിടമുണ്ട്. 18 ആളുകള്‍ക്കാണ് അവിടെ ഇരിക്കാന്‍ കഴിയുന്നത്. രാവിലെ 8:30 നു തുറന്നാല്‍ 11:30നു അടയ്ക്കും. പിന്നെ 3:30യ്ക്കു തുറന്നാല്‍ 5 മണിക്കു അടയ്ക്കും. എന്നാല്‍ കഴിഞ്ഞ ജൂലൈയില്‍ പെട്ടെന്ന് അടച്ചിട്ടു. ഗുജറാത്തി, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലെ വളരെ കുറച്ചു പുസ്തകങ്ങളേ ഉള്ളൂ.

എങ്ങനെയായിരുന്നു ഭക്ഷണം ക്രമം? എന്തൊക്കെയാണ് ഉണ്ടായത്?

റൊട്ടിയും പച്ചക്കറികളും പരിപ്പും ചോറുമാണ് ജയില്‍ ഭക്ഷണം. രാവിലെ 9.30 നും വൈകുന്നേരം 5 നും ഇടയിലാണ് ഭക്ഷണം വിളമ്പുന്നത്. തടവുകാര്‍ തന്നെയാണ് ഇത് പാചകം ചെയ്യുന്നത്. ഞങ്ങളില്‍ കുറച്ച് പേര്‍ക്ക് പുറത്തു നിന്നു എന്തെങ്കിലും കിട്ടിയാല്‍ അത് ഞങ്ങള്‍ മറ്റുള്ളവരുമായി പങ്കിടും. വാസ്തവത്തില്‍, ജയിലിന്റെ മുഴുവന്‍ രാഷ്ട്രീയ സമ്പദ്വ്യവസ്ഥയും ഏകദേശം 20 ശിക്ഷിക്കപ്പെട്ട വനിതാ തടവുകാരുടെ കഠിനാധ്വാനത്തില്‍ പ്രവര്‍ത്തിക്കുന്നതായിട്ടാണ് തോന്നുന്നത്. ഏതാണ്ട് അടിമപ്പണിക്ക് തുല്യമായ പ്രവര്‍ത്തികള്‍ക്ക് അവര്‍ക്ക് തുച്ഛമായ പ്രതിഫലമാണ് കിട്ടുന്നത്. പ്രതിമാസം വെറും 3,000 രൂപ.

കുടുംബാംഗങ്ങളെയോ അഭിഭാഷകരെയോ ഫോണില്‍ ബന്ധപ്പെടാന്‍ പറ്റിയിട്ടുണ്ടോ? എങ്ങനെയാണ് അതിന്റെ രീതികള്‍?

അതിനു ഒരു പേപ്പര്‍ കൂപ്പണ്‍ കിട്ടും. അതില്‍ ഒരു ആഴ്ചയില്‍ മൂന്ന് തവണ ഫോണ്‍ വിളിക്കാം. എന്നാല്‍ 4.45 മിനുറ്റു മാത്രമേ സംസാരിക്കാന്‍ കഴിയുള്ളൂ. അത് നേരത്തെ പറഞ്ഞ നമ്പറുകളിലേക്കു മാത്രമേ വിളിക്കാനും കഴിയൂ.

സബര്‍മതി ജയിലിലേക്ക് കയറിയപ്പോള്‍ അന്തസ് നഷ്ടപ്പെട്ടതായി നിങ്ങള്‍ക്ക് തോന്നിയോ?

നിര്‍ബന്ധപൂര്‍വമുള്ള തടവ്, അല്ലെങ്കില്‍ അന്യായമായ തടവെന്നു പറഞ്ഞാല്‍ അന്തസ് നഷ്ടപ്പെടുന്ന ഒന്നാണ്. ജീവിതത്തിലെ ശാരീരികവും മാനസികവുമായ പരിമിതികള്‍ ജയിലിനുള്ളില്‍ നിങ്ങളെ ബാധിക്കും. പക്ഷേ, അതില്‍ നിന്നും പുറത്തുകടക്കുന്നതിനു ഒരു വഴിയുമില്ല. എല്ലാത്തിലും ഉപരിയായി മനുഷ്യര്‍ അതിജീവിക്കുന്നവരാണ്. മറ്റുള്ളവരുമായി സ്‌നേഹബന്ധങ്ങള്‍ ഉണ്ടാക്കും. അതെത്ര ചെറുതാണെങ്കില്‍ പോലും നിലനിര്‍ത്താന്‍ ശ്രമിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തു നിന്നുമായി 2500 ലധികം പോസ്റ്റു കാര്‍ഡുകള്‍ എനിക്കു വന്നു. ആ കത്തുകള്‍ ശക്തി പകരുന്നവയാണ്. എട്ട് വര്‍ഷത്തിലധികമായി വിചാരണ നേരിടുന്ന സ്ത്രീകള്‍ അവിടെയുണ്ട്. ഇത് നീതിയെ പരിഹസിക്കുന്നതിനു തുല്യമാണ്. എന്നെ സംബന്ധിച്ച് ഏറ്റവും ഹൃദയഭേദകമായ കാര്യം ആ ജയില്‍ മുഴുവന്‍ ജാമ്യം ആഘോഷിച്ചതാണ്. സഹതടവുകാരില്‍ ഒരാളുടെ സ്വാതന്ത്ര്യം അവരെല്ലാവരും ആഘോഷിച്ചു. പെട്ടന്ന് മറക്കാനോ അതിജീവിക്കാനോ കഴിയുന്ന ദിവസങ്ങളായിരുന്നില്ല അതൊന്നും.

STORY HIGHLIGHTS: Forced confinement is loss of dignity, says Teesta Setalvad

Next Story