Top

താമസിക്കാന്‍ സ്വകാര്യ കണ്ടെയ്‌നര്‍ രാഹുല്‍ ഗാന്ധിക്ക് മാത്രം; കെ സിയടക്കം റൂം ഷെയര്‍ ചെയ്യണം, ചിലതില്‍ 12 പേര്‍ വരെ

പലയിടങ്ങളിലും വ്യത്യസ്ത കാലാവസ്ഥയും ചുറ്റുപാടുകളും ആയതിനാല്‍ അതിനനുസരിച്ചുള്ള സംവിധാനങ്ങളായിരിക്കും കണ്ടെയ്നറുകളില്‍ ഒരുക്കുക

9 Sep 2022 4:54 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

താമസിക്കാന്‍ സ്വകാര്യ കണ്ടെയ്‌നര്‍ രാഹുല്‍ ഗാന്ധിക്ക് മാത്രം; കെ സിയടക്കം റൂം ഷെയര്‍ ചെയ്യണം,  ചിലതില്‍ 12 പേര്‍ വരെ
X

ന്യൂഡല്‍ഹി: രാജ്യത്തുടനീളം 3,500 കിലോ മീറ്റര്‍ ഭാരത് ജോഡോ യാത്രക്ക് ഒരുങ്ങുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ താമസം പ്രത്യേകം ഒരുക്കിയ കണ്ടെയ്നറുകളില്‍. 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാരിനെ താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 150 ദിവസങ്ങളിലായിട്ടാണ് രാഹുലിന്റെ യാത്ര. ചില കണ്ടെയിനറുകളില്‍ ഉറങ്ങാനുള്ള കിടക്ക, ശൗചാലയം, എയര്‍കണ്ടീഷനര്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

230 പേരോളം പങ്കെടുക്കുന്ന യാത്രയില്‍ രാഹുല്‍ ഗാന്ധി ഒറ്റയ്‌ക്കൊരു കണ്ടെയ്‌നറിലാണ് താമസിക്കുക. ബാക്കിയുള്ള കണ്ടെയ്‌നറുകള്‍ എല്ലാം രണ്ട് മുതല്‍ 12 ബെഡുകള്‍ ഉള്ളതാണ്. എല്ലാ കണ്ടെയ്‌നറുകളും ശീതികരിച്ചതല്ലെങ്കിലും മിക്കവയിലും ശുചിമുറികളുണ്ട്. എല്ലാ രാത്രിയിലും താല്‍കാലികമായ ക്യാമ്പില്‍ കണ്ടെയ്‌നറുകള്‍ നിര്‍ത്തിയിടും. ഭക്ഷണം കഴിക്കുന്നതിനോ മീറ്റിങ് കൂടുന്നതിനോ ഉള്ള സൗകര്യമില്ല. ടിവിയോ ഫാനോ ഇല്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേഷ് പറഞ്ഞു.' 119 ഭാരത് യാത്രികരാണുള്ളത്. ഇവരെല്ലാം 3,570 കിലോമീറ്ററും നടക്കുന്നവരാണ്. എല്ലാവരും കണ്ടെയ്‌നറുകളിലായിരിക്കും താമസിക്കുക' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കണ്ടെയ്‌നറുകള്‍ തീവണ്ടിയിലെ സ്ലീപ്പര്‍ കംമ്പാര്‍ട്ടുമെന്റുകള്‍ പോലെയാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും ഭാരത് ജോഡോ യാത്രയ്ക്ക് നേതൃത്വം വഹിക്കുന്ന ദ്വിഗ്‌വിജയ് സിംഗ് പറഞ്ഞു. മുംബൈയില്‍ നിന്നുള്ള ടാറ്റയുടെ ട്രക്കുകള്‍ക്കു മുകളിലാണ് കണ്ടെയ്‌നറുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. പലയിടങ്ങളിലും വ്യത്യസ്ത കാലാവസ്ഥയും ചുറ്റുപാടുകളും ആയതിനാല്‍ അതിനനുസരിച്ചുള്ള സംവിധാനങ്ങളായിരിക്കും കണ്ടെയ്നറുകളില്‍ ഒരുക്കുക. ഇതിനകം 60 കണ്ടെയ്നറുകള്‍ കന്യാകുമാരിയിലേക്ക് അയച്ചിട്ടുണ്ട്. രാഹുലിന് ഒപ്പമുള്ള സ്ഥിരം യാത്രക്കാരും കണ്ടെയ്നറുകളിലാണ് താമസിക്കുക. എല്ലാവര്‍ക്കും ഒരുമിച്ചുള്ള താമസവും ഭക്ഷണവുമാണ് ഒരുക്കിയതെന്നും കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.


മാര്‍ച്ചിന്റെ ആദ്യ ദിനമായ വ്യാഴാഴ്ച ഒറ്റ ഇടവേളയെടുത്ത് 23 കിലോമീറ്ററാണ് യാത്രികര്‍ നടന്നത്. രാവിലെ 7 മുതല്‍ 10 വരേയും വൈകിട്ട് 4 മുതല്‍ 7.30 വരേയുമാണ് രാഹുല്‍ ഗാന്ധിയും സംഘവും പദയാത്ര നടത്തുന്നത്. ദിവസം 25 കിലോമീറ്റര്‍ നടക്കും. 12 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് യാത്ര. യാത്ര കടന്നു പോകാത്ത സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് സമീപ സംസ്ഥാനത്തെ യാത്രയുടെ ഭാഗമാവാം. 118 സ്ഥിരാംഗങ്ങള്‍ക്ക് പുറമേ ഓരോ സംസ്ഥാനത്തേയും 100-125 പ്രതിനിധികളും സമീപ സംസ്ഥാനത്തെ 100 പ്രതിനിധികളും പങ്കെടുക്കുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

STORY HIGHLIGHTS: For Congress March, Rahul Gandhi Has Private Container, Others 2-12 Beds

Next Story