Top

കോയമ്പത്തൂർ കാർ സ്ഫോടനം; അഞ്ച് പേർ അറസ്സിൽ

25 Oct 2022 12:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോയമ്പത്തൂർ കാർ സ്ഫോടനം; അഞ്ച് പേർ അറസ്സിൽ
X

കോയമ്പത്തൂർ: കോയമ്പത്തൂരിൽ ഉക്കടത്ത് ക്ഷേത്രത്തിന് സമീപം കാറിൽ സ്‌ഫോടനമുണ്ടായ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ജി എം നഗർ, ഉക്കടം സ്വദേശികളാണ് അറസ്റ്റിലായത്. പിടിയിലായവർ സ്‌ഫോടനത്തിൽ മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധം പുലർത്തിയവരായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. സ്‌ഫോടനം നടന്ന ടൗൺ ഹാളിനടുത്തുള്ള കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീട്ടിന് സമീപത്തെ ദൃശ്യങ്ങളുമാണ് ശേഖരിച്ചത്. രാത്രി 11.45ന് സിസിടിവിയിൽ റെക്കോർഡഡ് ആയ ദൃശ്യങ്ങളാണ് മുബിന്റെ വീട്ടിന് സമീപത്ത് നിന്ന് കിട്ടിയത്. ഈ ദൃശ്യങ്ങളിൽ നാലു പേർ കാറിനകത്തേക്ക് സാധനങ്ങൾ എടുത്തു വയ്ക്കുന്നത് പതിഞ്ഞിട്ടുണ്ടായിരുന്നു.

2019 ൽ എൻഐഎ ചില കേസുകളിൽ പേരുള്ളവരുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ചോദ്യം ചെയ്ത യുവാവാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഞായറാഴ്ച പുലർച്ചെ നാലോടെയായിരുന്നു സംഭവം. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ കാർ രണ്ടായി പിളർന്നു. ചെക്പോസ്റ്റിൽ പൊലീസിനെ കണ്ട യുവാവ് പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സ്ഫോടനം.

ക്ഷേത്രത്തിന് സമീപം മിൽക്ക് ബൂത്ത് നടത്തുന്ന പ്രദേശവാസിയായ സെന്തിൽ കണ്ണൻ പുലർച്ചെ നാല് മണിയോടെ കട തുറക്കാൻ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോഴാണ് കാർ പൊട്ടിത്തെറിക്കുന്നത് കണ്ടതെന്ന് പൊലീസ് പറഞ്ഞു. കോട്ടൈമേട് സംഗമേശ്വരർ ക്ഷേത്രത്തിലേക്കുള്ള എല്ലാ റോഡുകളും സീൽ ചെയ്തു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും പ്രദേശത്തേക്ക് പുറത്തുനിന്നുള്ളവർ പ്രവേശിക്കുന്നത് തടയാനും പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

STORY HIGHLIGHTS: Five arrested in Coimbatore car blast case

Next Story