Top

പഞ്ചാബ്: കര്‍ഷക സമരം രാഷ്ട്രീയ വിവാദമാവുന്നു; കൊമ്പുകോര്‍ത്ത് മുഖ്യമന്ത്രിയും അമരീന്ദര്‍ സിങും

കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നും വ്യക്തമാക്കി ചന്നി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ ആണ് തര്‍ക്കത്തിന് തുടക്കമിട്ടത്

31 Oct 2021 9:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പഞ്ചാബ്: കര്‍ഷക സമരം രാഷ്ട്രീയ വിവാദമാവുന്നു; കൊമ്പുകോര്‍ത്ത് മുഖ്യമന്ത്രിയും അമരീന്ദര്‍ സിങും
X

കര്‍ഷക നിയമം സംബന്ധിച്ച വിഷയത്തില്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായി കൊമ്പ് കോര്‍ത്ത് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. പഞ്ചാബിലെ നേതൃമാറ്റ വിവാദത്തിന് ശേഷം ആദ്യമായി അമരീന്ദര്‍ സിങ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തി. കര്‍ഷക സമരത്തില്‍ ഇടപെടുമെന്ന് ചന്നിയുടെ പ്രഖ്യാപനമാണ് പുതിയ വിവാദത്തിന് അടിസ്ഥാനം. കിസാന്‍ യൂണിയന്‍ നേതാവ് ബല്‍ബീര്‍ സിങ് രജ്വാള്‍ജിയുമായി സംസാരിക്കുമെന്നും കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നും വ്യക്തമാക്കി ചന്നി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ ആണ് തര്‍ക്കത്തിന് തുടക്കമിട്ടത്.

പഞ്ചാബ് മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ അമരീന്ദറിന്റെ വക്താവ് രവീണ്‍ തുക്രല്‍ രംഗത്ത് എത്തി. ചന്നി കര്‍ഷകരെ വഴിതെറ്റിക്കുകയാണ്. കര്‍ഷകരുമായി സംസാരിക്കുന്ന ആദ്യ മുഖ്യമന്ത്രിയാണ് താന്‍ എന്ന് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അമരീന്ദര്‍ കുറ്റപ്പെടുത്തി. മുന്‍ മുഖ്യമന്ത്രി അമരീന്ദറിന് കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ അവകാശമില്ലെന്ന് മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധിപ്പിക്കുകയാണ് എന്നും രവീണ്‍ തുക്രല്‍ വിമര്‍ശിച്ചു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷക പ്രതിഷേധം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ക്യാപ്റ്റന്‍ അമരീന്ദറിനെ മുന്‍നിര്‍ത്തി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു എന്ന സുചനകള്‍ ശക്തമാവുന്നതിനിടെയാണ് പുതിയ പ്രതികരണം. കര്‍ഷകരുമായി ചര്‍ച്ച നടത്തുമെന്ന ചന്നിയുടെ പ്രഖ്യാപനം കര്‍ഷകരുമായി ക്യാപ്റ്റന്‍ അമരീന്ദര്‍ നടത്താനിരിക്കുന്ന ചര്‍ച്ചകള്‍ക്ക് തടയിടാനാണെന്ന് സൂചനയും ശക്തമാണ്. ഈ സാഹചര്യമാണ് മുഖ്യമന്ത്രിക്കെതിരെ അമരീന്ദറിനെ വിമര്‍ശനവുമായി രംഗത്തുവരാന്‍ പ്രേരിപ്പിച്ചത് എന്നാണ് വിലയിരുത്തല്‍.

പഞ്ചാബില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ഷക വിഷയം വലിയ സ്വാധീനം ചെലുത്തുമെന്ന ഇതിനോടകം തന്നെ വിലയിരുത്തലുണ്ട്. ഇതിനിടെയാണ് പ്രശ്‌നം പരിഹരിക്കാന്‍ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍ പുരോഗമിക്കുന്നത്. പുനഃസംഘടനയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിനെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ നീക്കങ്ങളാണ് ബിജെപിയുടെ അണിയറയില്‍ പുരോഗമിക്കുന്നത്. അതുകൊണ്ട് തന്നെ കര്‍ഷക വിഷയം കോണ്‍ഗ്രസിനും ബിജെപിക്കും ഏറെ നിര്‍ണായകമാണ്.

Next Story